ന്യൂഡല്‍ഹി: എപി അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസ്സില്‍ നിന്ന് പുറത്താക്കിയ നടപടി ഒട്ടക പക്ഷിയുടേതിന് സമാനമായ പ്രവൃത്തിയാണെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. തല മൂടി വച്ചാല്‍ യാഥാര്‍ത്ഥ്യം, യാഥാര്‍ത്ഥ്യമല്ലാതാവുന്നില്ലെന്നും മുരളീധരന്‍ വിമര്‍ശിച്ചു. എപി അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസ്സില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെയാണ് മുരളീധരന്റെ അഭിപ്രായ പ്രകടനം.
‘പണ്ട് ഗുജറാത്ത് മോഡല്‍ പറഞ്ഞതിന് സിപിഎം പുറത്താക്കിയ അബ്ദുള്ളക്കുട്ടിയെ സ്വീകരിക്കാന്‍ കോണ്‍ഗ്രസിന് മടിയില്ലായിരുന്നു. കോണ്‍ഗ്രസിന്റെ നരേന്ദ്രമോഡി വിരുദ്ധ രാഷ്ട്രീയത്തിന് എതിരായി ചിന്തിക്കുന്നവര്‍ ആ പാര്‍ട്ടിയില്‍ ഒരുപാടുണ്ട്. അബ്ദുള്ളക്കുട്ടി ബിജെപിയിലേക്ക് വരുമോ ഇല്ലയോ എന്ന് ഒരു സൂചനയും ഇല്ലെന്നും, ബിജെപിയുടെ നയങ്ങളോട് യോജിക്കുന്ന ആര്‍ക്കും ബിജെപി യിലേക്ക് വരാമെന്നും
മുരളീധരന്‍ പറഞ്ഞു.
എപി അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ടതിന് പിന്നാലെ ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍ പിള്ളയും അഭിപ്രായ പ്രകടനം നടത്തിയിരുന്നു. നരേന്ദ്രമോഡിയാണ് യഥാര്‍ഥ വികസന നായകനെന്ന് എപി അബ്ദുള്ളക്കുട്ടി മനസിലാക്കിയെന്നും, മോഡിയാണ് യഥാര്‍ഥ വികസന നായകനെന്ന് കരുതുന്നവര്‍ രണ്ട് മുന്നണികളിലുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അബ്ദുള്ളക്കുട്ടിയെ ബിജെപിയിലെടുക്കുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാമെന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കി.
കോണ്‍ഗ്രസ് നേതാവ് എപി അബ്ദുള്ളക്കുട്ടിയെ ഇന്നാണ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പുകഴ്ത്തി ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടതില്‍ പ്രതിഷേധിച്ചായിരുന്നു നടപടി. ഫേസ്ബുക്ക് പോസ്റ്റിട്ടത്തിന് പാര്‍ട്ടി വിശദീകരണം ചോദിച്ചിട്ടും മറുപടി നല്‍കാത്ത സാഹചര്യത്തിലാണ് അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസ്സില്‍ നിന്നു പുറത്താക്കിയത്.
നരേന്ദ്രമോഡിയുടെ വികസന അജണ്ടയ്ക്ക് കിട്ടിയ അംഗീകാരമാണ് തിരഞ്ഞെടുപ്പിലെ ബിജെപിയുടെ വന്‍ വിജയത്തിന് കാരണം എന്നായിരുന്നു എപി അബ്ദുള്ള കുട്ടിയുടെ ഫേസ് ബുക് പോസ്റ്റ്. മോഡിയുടെ നേട്ടങ്ങള്‍ അക്കമിട്ട് നിരത്തുകയും ചെയ്തിരുന്നു