കണ്ണൂര്‍: വീണ്ടും പ്രധാനമന്ത്രിയെ വാഴ്ത്തി എപി അബ്ദുള്ളകുട്ടി രംഗത്ത്. നേരത്തെ മോഡിയെ സ്തുതിച്ചതിന് കോണ്‍ഗ്രസില്‍ നിന്ന് അദ്ദേഹത്തെ പുറത്താക്കിയിരുന്നു. ഇതിനെതിരെ അദ്ദേഹം മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തിലാണ് വീണ്ടും മോഡിയെ വാഴ്ത്തി സംസാരിച്ചത്. രാഷ്ട്രപിതാവ് മഹാത്മഗാന്ധിയോട് മോഡിയെ ഉപമിച്ച് ഫേസ്ബുക്കില്‍ അദ്ദേഹം പോസ്റ്റിട്ടിരുന്നു. എന്നാല്‍ തന്റെ നിലപാടില്‍ നിന്നും അദ്ദേഹം മാറുകയും ചെയ്തില്ല ഇതാണ് പാര്‍ട്ടിയെ ചൊടിപ്പിച്ചത്. മുന്‍ എംഎല്‍എകൂടിയാണ് എപി അബ്ദുള്ളകുട്ടി.
‘മോഡി വിരോധവുമായി നടന്ന് പ്രധാനമന്ത്രിയെ നിരന്തരമായി അധിക്ഷേപിച്ച് കേരളത്തിന്റെ അന്തസ് കെടുത്തരുത് എന്ന അപേക്ഷയാണ് എനിക്കുള്ളത്. ചെന്നിത്തലയില്‍ നിന്ന് മുല്ലപ്പള്ളിയിലേക്ക് എത്തുമ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ വാദഗതികള്‍ മാറിയിരിക്കുന്നു. പാര്‍ട്ടി പ്രവര്‍ത്തകരെ തനിക്കെതിരെ തിരിച്ചു വിട്ടത് മുല്ലപ്പള്ളിയും വിഎം സുധീരനും ചേര്‍ന്നാണ്’-അബ്ദുള്ളകുട്ടി പറഞ്ഞു. താന്‍ അധികാര മോഹിയല്ലെന്നും, വികസനം മാത്രമാണ് ലക്ഷ്യമെന്നും അബ്ദുള്ളകുട്ടി പ്രതികരിച്ചു.
നേരത്തെ മോഡിയെ വാഴ്ത്തിയ സംഭവത്തേ തുടര്‍ന്ന് അബ്ദുള്ളകുട്ടിയോട് കെപിസിസി വിശദീകരണം ചോദിച്ചിരുന്നു. എന്നാല്‍ നല്‍കിയ വിശദീകരണം പരിഹാസരൂപേണെയാണെന്നുമുള്ള നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് പുറത്താക്കലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി.
Discussion about this post