തിരുവനന്തപുരം: ഇന്നത്തെ കാലത്ത് കുട്ടികള്‍ പഠിച്ചാല്‍ മാത്രമെ ഭാവി ഉള്ളൂവെന്ന് ചിന്തിക്കുന്നവരാണ് കൂടുതലും. കുട്ടികള്‍ക്ക് പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞാല്‍ മറ്റുള്ളവര്‍ക്കിടയിലെ സ്റ്റാറ്റസ് പോകും എന്ന് ചിന്തിക്കുന്നവരും നമുക്കിടയില്‍ ഉണ്ടെന്നതാണ് വാസ്തവം. ഇതിനായി കുട്ടികളെ നിരന്തരം സമര്‍ദ്ദത്തിലാക്കും. പഠിക്ക് പഠിക്ക്, മാര്‍ക്ക് കുറഞ്ഞാല്‍ വീട്ടിലേയ്ക്ക് വരേണ്ടതില്ല’ ഇങ്ങനെ നീളും ശാസനകള്‍. കുട്ടികളെ തമ്മില്‍ മത്സരം വെപ്പിക്കുകയാണ് അക്ഷരാര്‍ത്ഥത്തില്‍ മാതാപിതാക്കള്‍ ചെയ്യുന്നത്.
ഇത്തരം സമ്മര്‍ദ്ദങ്ങളാണ് കുട്ടികളെ ആത്മഹത്യയിലേയ്ക്ക് തള്ളിവിടുന്നതെന്ന ആശയം പങ്കുവെച്ചിരിക്കുകയാണ് ഐപിഎസ് ഉദ്യോഗസ്ഥനായ ഋഷിരാജ് സിങ്. തന്റെ മകന്റെ പഠന ജീവിതം വെളിപ്പെടുത്തിയാണ് അദ്ദേഹം മാതാപിതാക്കള്‍ക്ക് സന്ദേശം നല്‍കുന്നത്. കുട്ടികളെ അവരുടെ ഇഷ്ടത്തിന് വിട്ടാല്‍ അവര്‍ തന്നെ അനുയോജ്യമായ വഴി കണ്ടെത്തുമെന്നാണ് അദ്ദേഹം പങ്കുവെയ്ക്കുന്ന ആശയം. അതിനു ഉദാഹരമാണമെന്നോണം ആണ് സ്വന്തം മകന്റെ ജീവിതം തുറന്ന് പറഞ്ഞത്.
എന്റെ മകന് പഠിക്കാന്‍ തീരെ താല്പര്യമില്ലായിരുന്നു. 52-60 അതിനപ്പുറത്തേക്ക് വിജയശതമാനം കടക്കില്ലായിരുന്നു. ഒരിക്കല്‍ ഞാന്‍ ചോദിച്ചു, ഇത് എന്താണ് ഇങ്ങനെയെന്ന്. ‘എനിക്ക് ഇത്രയേ പഠിക്കാന്‍ പറ്റുകയുള്ളൂ’ എന്നായിരുന്നു അപ്പോള്‍ അവന് നല്കിയ മറുപടി. അതിന് ശേഷം കുട്ടിയോട് ഒന്നും ചോദിച്ചില്ല. നമ്മള് എന്തിനാണ് ശല്യം ചെയ്യുന്നത്. പ്ലസ് ടുവിന് കേവലം 62 ശതമാനം മാര്‍ക്ക് മാത്രമാണ് വാങ്ങിയത്. ഇത്രയും കുറഞ്ഞ മാര്‍ക്ക് കൊണ്ട് പ്രയോജനമില്ലെന്ന് എല്ലാവര്ക്കും അറിയാവുന്നതാണ്. ഞാന്‍ അവനോട് ഇനി എന്താണെന്ന് ചോദിച്ചു. എന്നെ ഒരു അനിമേഷന്‍ ഡിപ്ലോമ കോഴ്സിന് ചേര്‍ത്താല്‍ മതിയെന്നും അത് കഴിഞ്ഞാല്‍ എന്ത് ചെയ്യണമെന്ന് അറിയാമെന്നും അവന് പറഞ്ഞു. അതു പ്രകാരം വിദ്യാഭ്യാസ ലോണ്‍ എടുത്ത് അവന് ഇഷ്ടപ്പെട്ട കോഴ്സിന് തന്നെ ചേര്‍ത്തു.
പഠനം കഴിഞ്ഞ് അവന് മുംബൈയിലുള്ള ഒരു ചെറിയ സ്റ്റുഡിയോയില്‍ ജോലിക്ക് കയറി. പിന്നീട് അവിടെ നിന്ന് വലിയ സ്റ്റുഡിയോയിലേക്ക് മാറി. അയാള്‍ എന്താണ് ചെയ്യുന്നതെന്നുപോലും എനിക്ക് അറിയില്ല. അതിന് ശേഷം ബംഗളൂരുവിലുള്ള സ്റ്റീഫന്‍ സ്പില്‍ബെര്‍ഗ് അക്കാദമയില്‍ പരീക്ഷ എഴുതി വിജയിച്ച് കയറി. അവിടെ പഠിക്കുമ്പോള്‍ അവന്റെ മിടുക്ക് കണ്ട് ഇന്‍സ്റ്റിറ്റ്യൂട്ടുകാര്‍ ലണ്ടനിലേക്ക് അയച്ചു. ലണ്ടനില്‍ നിന്ന് അവന് തനിയെ പരീക്ഷ എഴുതി ചൈനയിലേക്ക് പോയി. ഇപ്പോള്‍ ചൈനയിലെ ഒരു വലിയ ആനിമേഷന്‍ സ്റ്റുഡിയോയില്‍ ആര്‍ട്ടിസ്റ്റാണ്. പ്ലസ്ടു വിദ്യാഭ്യാസം മാത്രമാണ് അവനുള്ളത്.
അവന് എന്റെ പോലെ ഒരു ഐപിഎസ് ഓഫീസറാകണമെന്ന് ആവശ്യമില്ലാതെ സമര്‍ദ്ദം ചെലുത്തിയിരുന്നെങ്കില്‍ ചിലപ്പോള്‍ അവന് ആത്മഹത്യ ചെയ്യുകയോ വീട് വിട്ട് ഇറങ്ങിപ്പോകുകയോ ചെയ്തേനേ. നമ്മുടെ മക്കള്‍ നമ്മുടെ അടുത്തുണ്ടല്ലോ എന്ന് ആശ്വസിക്കാം. അവരുടെ കഴിവിന് അനുസരിച്ച് അവര്‍ എന്തെങ്കിലും ആയിക്കോളും. എന്റെ അച്ഛന് പോലീസ് ഓഫീസറായിരുന്നു. അദ്ദേഹം ഒരിക്കല്‍പ്പോലും എന്നോട് പഠിക്കുന്നുണ്ടോയെന്നോ എന്ത് ആകണമെന്നോ ചോദിച്ചിട്ടില്ല ഋഷിരാജ് സിങ് പറഞ്ഞു.
അടുത്തിടെ കുട്ടികളുടെ മനക്കട്ടി നാമെല്ലാം കണ്ടവരാണ്. പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനും തോറ്റു പോയതിനുമെല്ലാമാണ് കുട്ടികള്‍ ജീവനൊടുക്കിയത്. ഇതെല്ലാം കുട്ടികളില്‍ നിറയുന്ന സമ്മര്‍ദ്ദത്തിന്റെ ഭാഗമാണ് എന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്.
Discussion about this post