നിപ്പയാണെന്ന് സംശയം തോന്നിയപ്പോള്‍ മകനെ പ്രത്യേക വാര്‍ഡിലേക്ക് മാറ്റി, പൂണെയില്‍ നിന്നുള്ള ഫലം അറിയാന്‍ കാത്തിരിക്കുന്നു; പ്രാര്‍ത്ഥനയോടെ വിദ്യാര്‍ത്ഥിയുടെ അച്ഛന്‍

കൊച്ചി: എറണാകുളത്ത് ചികിത്സയില്‍ കഴിയുന്ന നിപ്പാ ബാധയെന്ന് സംശയിക്കുന്ന വിദ്യാര്‍ത്ഥിയുടെ അച്ഛന്റെ വാക്കുകള്‍ പുറത്ത്. പനി വന്നപ്പോള്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെന്നും നിപ്പയാണെന്ന് സംശയം തോന്നിയപ്പോള്‍ തന്നെ മകനെ പ്രത്യേകം വാര്‍ഡിലേക്ക് മാറ്റിയതായും വിദ്യാര്‍ത്ഥിയുടെ അച്ഛന്‍ പറഞ്ഞു.

മകന്‍ രണ്ടാഴ്ച കൂടുമ്പോഴാണ് വീട്ടില്‍ വരുന്നത്. രണ്ടാഴ്ച മുന്‍പ് വന്നപ്പോള്‍ തലവേദന ഉണ്ടെന്ന് പറഞ്ഞു. ഡോക്ടറെ കാണിക്കാന്‍ ഞാന്‍ പറഞ്ഞു. പിറ്റേ ദിവസം തന്നെ ഡോക്ടറെ കാണിച്ചു. അതിന് ശേഷം നടത്തിയ ടെസ്റ്റിലാണ് അവര്‍ സംശയം പറഞ്ഞത്. എന്നാല്‍ നിപ്പാ ആണെന്ന് ഉറപ്പില്ല എന്നും റിസള്‍ട്ട് വന്നാലേ അറിയുള്ളൂവെന്നാണ് അവര്‍ പറഞ്ഞത്. തുടക്കം മുതലേ അവന്റെ കൂടെ നില്‍ക്കുന്നത് ഭാര്യയും അനുജത്തിയുമാണ്. കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ നിരീക്ഷത്തിലാണ്. ആര്‍ക്കും ഇതുവരെ മറ്റു ബുദ്ധിമുട്ടുകളൊന്നും ഉണ്ടായിട്ടില്ലെന്നും പിതാവ് പറഞ്ഞു. വിദ്യാര്‍ത്ഥിക്ക് നിപ്പയെന്ന് സംശയമുള്ളതായിട്ടായിരുന്നു ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ലഭിച്ച റിപ്പോര്‍ട്ട്. എന്നാല്‍ പൂ
ണെയില്‍ നിന്നുള്ള ഫലം വന്നാല്‍ മാത്രമേ കൂടുതല്‍ സ്ഥിരീകരണം നടത്താനാകൂ.

എറണാകുളം ജില്ലയിലെ പറവൂര്‍ സ്വദേശിയാണ് ചികിത്സയില്‍ കഴിയുന്നത്. കളമശേരി മെഡിക്കല്‍ കോളേജില്‍ ഐസലേഷന്‍ വാര്‍ഡ് ആരംഭിച്ചിട്ടുണ്ട്. എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചു കഴിഞ്ഞിട്ടുണ്ടെന്നും ശൈലജ പറഞ്ഞു. ഈ രോഗിയുമായി എവിടെയെല്ലാം ആളുകള്‍ ബന്ധപ്പെട്ടിട്ടുണ്ടോ അവരെല്ലാം നിരീക്ഷണത്തില്‍ തന്നെയാണെന്നും എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. വേണ്ട തയ്യാറെടുപ്പുകള്‍ എല്ലാം നടത്തിയിട്ടുണ്ട്. ആരോഗ്യ സെക്രട്ടറിമാരും ഉദ്യോഗസ്ഥരും എല്ലാം എറണാകുളം മെഡിക്കല്‍ കോളേജില്‍ ഉണ്ട്. എറണാകുളത്തേക്ക് തിരിക്കുകയാണെന്നും ഇന്ന് തന്നെ പ്രത്യേക യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു.

Exit mobile version