തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും നിപ്പാ ബാധയുണ്ടായെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടിന് പിന്നാലെ ആരോഗ്യ വകുപ്പ് അതീവ ജാഗ്രതയില്‍. കൊച്ചിയില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിക്ക് നിപ്പാ ബാധയാണെന്ന സംശയം ആലപ്പുഴയിലെ വൈറോളജി ലാബില്‍ നടത്തിയ പരിശോധന റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചതോടെ ആരോഗ്യവകുപ്പ് സെക്രട്ടറി കൊച്ചിയില്‍ യോഗം വിളിച്ചു. കളക്ടറും പങ്കെടുക്കും. മൂന്നു മെഡിക്കല്‍ കോളേജുകളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ തുറന്നു. രോഗിയുടെ സ്വദേശമായ വടക്കന്‍ പറവൂരിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കോഴിക്കോട്, തൃശ്ശൂര്‍, കൊച്ചി കളമശ്ശേരി മെഡിക്കല്‍ കോളേജുകളിലാണ് മുന്‍ കരുതലായി പ്രത്യേക വാര്‍ഡുകള്‍ തുറന്നിരിക്കുന്നതു. അതേസമയം, കഴിഞ്ഞ വര്‍ഷം നിപ്പാ ബാധ സമയത്ത് ഓസ്‌ട്രേലിയയില്‍ നിന്ന് എത്തിച്ച മരുന്ന് നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലുണ്ട്. നിപ്പാ സ്ഥിരീകരിച്ചാല്‍ അത് സംസ്ഥാന ആരോഗ്യവകുപ്പിന് ലഭിക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ പറഞ്ഞു.
അതേസമയം കൊച്ചിയില്‍ ചികിത്സയില്‍ കഴിയുന്ന നിപ്പാ ബാധ സംശയിക്കുന്ന രോഗിയുടെ കാര്യത്തില്‍ വിശദീകരണവുമായി തൃശൂര്‍ ഡിഎംഒ രംഗത്തെത്തി. രോഗത്തിന്റെ ഉറവിടം തൃശ്ശൂരല്ലെന്ന് ഡിഎംഒ മാധ്യമങ്ങളോട് പറഞ്ഞു. നാല് ദിവസം ഈ വിദ്യാര്‍ത്ഥി തൃശ്ശൂരില്‍ താമസിച്ചിരുന്നു. 22 പേരും ഇയാളോട് ഒപ്പം താമസിച്ചിരുന്നു. ഇവരുടെ മുഴുവന്‍ വിവരങ്ങളും ശേഖരിച്ച് പരിശോധിച്ചു. ആര്‍ക്കും പനിയുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയില്ല. അതുകൊണ്ട് തന്നെ ആശങ്ക വേണ്ട. യുവാവിന് തൊടുപുഴയില്‍ നിന്ന് വരുമ്പോള്‍ പനിയുണ്ടായിരുന്നു. വൈറസ് ബാധിച്ചത് അവിടെ നിന്നാവാം. ഇതിനിടെ, തൃശ്ശൂരിലും ആരോഗ്യവകുപ്പ് അടിയന്തരയോഗം ചേര്‍ന്നു. രോഗി തൃശ്ശൂരില്‍ താമസിച്ചെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണിത്.
Discussion about this post