ഗുരുവായൂര്‍: മൂന്നാം നിലയില്‍ നിന്ന് വീണ രണ്ടര വയസുകാരന് അത്ഭുത രക്ഷപ്പെടല്‍. ഫ്‌ളാറ്റിന്റെ മൂന്നാം നിലയില്‍ നിന്ന് വീണ ആദിക്കാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. നെറ്റിയില്‍ ചെറിയൊരു മുറിവ് മാത്രമൊള്ളൂ. എല്ലിന് പോലും പൊട്ടില്ല എന്നതാണ് മാതാപിതാക്കളെ അമ്പരപ്പിച്ചത്. നന്നായി മണലുള്ള മുറ്റത്തേക്ക് കമിഴ്ന്നുവീണതാണ് കുട്ടിയുടെ ജീവന് രക്ഷയായത്.
ഗ്വാളിയര്‍ സ്വദേശിയും ഗുരുവായൂര്‍ റെയില്‍വേ സ്റ്റേഷന്‍ കാന്റീനിലെ ജീവനക്കാരനുമായ ധരംസിങ്ങിന്റെ മകനാണ് ആദിക്. ഗുരുവായൂരിനടുത്ത് തിരുവെങ്കിടം കൃഷ്ണപ്രിയ ഫ്ളാറ്റിലെ മൂന്നാംനിലയിലാണ് ഇവര്‍ താമസിച്ചു വരുന്നത്. ശനിയാഴ്ച കാലത്ത് വരാന്തയില്‍ അനിയത്തി ഗുഡികയോടൊപ്പം കളിക്കുന്നതിനിടെ തൂണിലൂടെ മുകളിലേക്ക് കയറാന്‍ നോക്കിയ ആദിക് കൈവിട്ട് താഴേയ്ക്ക് വീഴുകയായിരുന്നു. ശബ്ദം കേട്ട് അമ്മ ആത്തിയും അയല്‍വാസികളായ നാരായണനും സെല്‍വിയുമെല്ലാം നിലവിളിയോടെ താഴേയ്ക്ക് ഓടിയെത്തി.
മണ്ണില്‍ മുഖം പൂഴ്ത്തി വീണുകിടന്ന ആദിക് ഒന്നും സംഭവിക്കാത്തമട്ടില്‍ മെല്ലെ എഴുന്നേറ്റു. എല്ലാവരെയും നോക്കി. ഉടന്‍ തന്നെ കുഞ്ഞിനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. എക്സ്‌റേ എടുത്തപ്പോള്‍ ഒടിവോ ചതവോ ഒന്നുമുണ്ടായില്ല. നെറ്റിയിലെ മുറിവ് കെട്ടിയശേഷം അവര്‍ വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. അത്ഭുതകരമായ രക്ഷപ്പെടലാണ് ഇതെന്നാണ് എല്ലാവരും ഒന്നടങ്കം പറയുന്നത്. പുതിയ രീതിയില്‍ ഫ്‌ളാറ്റിന്റെ മുറ്റം ടൈലിടാത്തത് ഭാഗ്യമായി എന്നാണ് എല്ലാവരും പറയുന്നത്.