തൃശ്ശൂര്‍: ആശുപത്രിയുടെ ആഭ്യന്തര മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട് എന്ന വിശ്വസനീയമായ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി ആണ് ബിഗ് ന്യൂസ് വാര്‍ത്ത നല്‍കിയത്. നിലവില്‍ ഇത്രയെങ്കിലും പുറത്ത് പറയാന്‍ അധികൃതര്‍ തയ്യാറായത് ബിഗ് ന്യൂസ് വാര്‍ത്ത പുറത്ത് വന്നതിനു ശേഷം മാത്രം ആണ്.
നിലവില്‍ മണിപ്പാലിലേയ്ക്കും ആലപ്പുഴയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേയ്ക്ക് രക്ത സാമ്പിളുകള്‍ അയച്ചിട്ടുണ്ട്. അവിടെ നിന്ന് റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം മാത്രമേ ഔദ്യോഗിക സ്ഥിരീകരണം ആവുകയുള്ളൂ. സംസ്ഥാന ആരോഗ്യ വകുപ്പും ജില്ലാ കളക്ടറും ഔദ്യോഗിക സ്ഥിരീകരണം ലഭിക്കുന്നതിന് മുന്‍പ് വാര്‍ത്ത പ്രചരിപ്പിക്കരുത് എന്ന് അഭ്യര്‍ത്ഥിച്ചതിന്റെ അടിസ്ഥാനത്തില്‍ ബിഗ് ന്യൂസ് നേരത്തെ നല്‍കിയ ന്യൂസ് പിന്‍വലിക്കുകയാണ്.
എറണാകുളം പറവൂര്‍ സ്വദേശിക്കാണ് നിപ്പാ വൈറസ് ബാധിച്ചതായി ആശുപത്രി അധികൃതര്‍ സംശയിക്കുന്നത്. തൊടുപുഴ എന്‍ജിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥിയാണ് വൈറസ് ബാധയുണ്ടോ എന്ന് സംശയിക്കുന്ന പറവൂര്‍ സ്വദേശിയായ യുവാവ്. വിദ്യാര്‍ത്ഥി ഇന്റേണ്‍ഷിപ്പിനു വേണ്ടി തൃശ്ശൂരിലെ ഹോസ്റ്റലില്‍ താമസിച്ചു വരികയായിരുന്നു.
പനി കൂടിയത് കൊണ്ട് മെയ് മാസം 30നാണ് യുവാവ് എറണാകുളത്തെ പ്രമുഖ സ്റ്റാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്. രോഗലക്ഷണങ്ങളോടെ എത്തിയതിനാല്‍ ആശുപത്രി അധികൃതര്‍ക്ക് സംശയമുണര്‍ന്നിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥിയുടെ രക്ത സാമ്പിളുകള്‍ സ്വകാര്യ ലാബില്‍ നടത്തിയ പരിശോധനാ റിപ്പോര്‍ട്ടില്‍ ആണ് നിപ്പാ ബാധയെന്ന സംശയം ഉണ്ടായത്. കൂടുതല്‍ പരിശോധനകള്‍ക്കായി രക്ത സാമ്പിളുകള്‍, മണിപ്പാലിലേയ്ക്കും ആലപ്പുഴയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേയ്ക്കും അയച്ചിരിക്കുകയാണ്.
അവിടെ നിന്ന് റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം മാത്രമെ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം നടത്തുകയുള്ളൂ. ഡിഎംഓ യുമായും ആശുപത്രി അധികൃതരുമായി ബന്ധപ്പെടുമ്പോഴും ഈ റിപ്പോര്‍ട്ടുകള്‍ വന്നതിനു ശേഷമേ സ്ഥിരീകരിക്കുകയുള്ളൂ എന്നായിരുന്നു പ്രതികരണം. ഔദ്യോഗിക സ്ഥിരീകരണം വരാതെ വാര്‍ത്ത പ്രചരിപ്പിക്കരുതെന്ന് ആരോഗ്യ മന്ത്രിയുടെ ഓഫീസും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
Discussion about this post