കോഴിക്കോട്: സ്‌കൂളില്‍ അധ്യാപകന്‍ പരീക്ഷ എഴുതിയ സംഭവത്തില്‍ ഫലം തടഞ്ഞുവെച്ച വിദ്യാര്‍ത്ഥികള്‍ ആശങ്കയുടെ വക്കില്‍ നില്‍ക്കുന്നു. 2 കുട്ടികളുടെ ഫലമാണ് തടഞ്ഞ്വെച്ചിട്ടുള്ളത്. പ്ലസ് ടു ക്ലാസുകള്‍ ജൂണ്‍ 6 ന് ആരംഭിക്കും. ഇതിനിടയില്‍ എന്ത് ചെയ്യണമെന്നറിയാത്ത ആശയക്കുഴപ്പത്തിലാണ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും.
മുക്കം നീലേശ്വരം ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അധ്യാപകനായ നിഷാദ് വി മുഹമ്മദ് വിദ്യാര്‍ത്ഥികള്‍ക്കായി പ്ലസ് ടു പരീക്ഷ എഴുതിയെന്ന വാര്‍ത്ത മാസങ്ങള്‍ക്ക് മുമ്പാണ് പുറത്തുവന്നത്. വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകളില്‍ ഒരേ കൈയ്യക്ഷരം കണ്ടതാണ് സംശയത്തിനിടയാക്കിയത്. ഇതേത്തുടര്‍ന്ന് ഈ വിദ്യാര്‍ഥികള്‍ എഴുതിയ മറ്റു വിഷയങ്ങളുടെ ഉത്തരക്കടലാസുകളും മൂല്യനിര്‍ണയം നടത്തി. അധ്യാപകര്‍ മറ്റു ക്യാമ്പുകളില്‍ നിന്നും വിളിച്ചു വരുത്തിയതോടെയാണ് തട്ടിപ്പ് പുറത്ത് വന്നത്.
പഠനവൈകല്യമുള്ള കുട്ടികളെ സഹായിച്ചുവെന്നാണ് അധ്യാപകന്‍ ആദ്യം പറഞ്ഞത്. പിന്നീട് ഈ വാദം കളവാണെന്ന് സ്‌കൂളില്‍ ഭിന്നശേഷി കുട്ടികളെ പഠിപ്പിക്കുന്ന അധ്യാപിക വ്യക്തമാക്കിയിരുന്നു.
വിദ്യാര്‍ത്ഥികളുടെ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ പരീക്ഷയാണ് സ്‌കൂളിലെ അധ്യാപകന്‍ തിരുത്തി എഴുതിയത്.