കോട്ടയം: ആലപ്പുഴ സ്വദേശിനിയായ യുവതിക്ക് കാന്‍സറില്ലാത്ത കീമോതെറാപ്പി നല്കി കോട്ടയം മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ അനാസ്ഥ. കുടശനാട് സ്വദേശിക്കാണ് കാന്‍സര്‍ സ്ഥിരീകരിക്കാതെ കീമോതെറാപ്പി നല്‍കിയത്. സ്വകാര്യ ലാബിലെ പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കീമോ തെറാപ്പി ആരംഭിച്ചത്. എന്നാല്‍ പിന്നീട് കാന്‍സര്‍ ബാധിച്ചിട്ടില്ലെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ നിയമ പോരാട്ടത്തിന് ഒരുങ്ങുകയാണ് യുവതി.
നെഞ്ചില്‍ തടിപ്പ് കണ്ടതിനെ തുടര്‍ന്നാണ് രജിനി കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയത്. സര്‍ജറി വിഭാഗത്തിലെ ഡോക്ടര്‍മാര്‍ മാമോഗ്രാം നിര്‍ദേശിച്ചു. മുഴയുള്ള ഭാഗത്തെ സാമ്പിളുകള്‍ ശേഖരിച്ച് ആശുപത്രി ലാബിലും സ്വകാര്യ ലാബിലും പരിശോധനക്കയച്ചു. ഇതില്‍ സ്വകാര്യ ലാബിലെ ഫലമാണ് ആദ്യം ലഭിച്ചത്. കാന്‍സര്‍ ഉണ്ടെന്ന് ഈ റിപ്പോര്‍ട്ടില്‍ പറഞ്ഞതോടെ ചികിത്സ ആരംഭിച്ചു. കീമോ ചികിത്സ തുടങ്ങിയതോടെ മുടി കൊഴിഞ്ഞ് ശരീരം കരിവാളിക്കുകയും ഒപ്പം നിരവധി പാര്‍ശ്വഫലങ്ങള്‍ ഉണ്ടാവുകയും ചെയ്തു.
പിന്നീട് ആശുപത്രിയിലെ പതോളജി ലാബിലെ ഫലം വന്നപ്പോള്‍ കാന്‍സര്‍ ഉണ്ടായിരുന്നില്ലെന്ന് സ്ഥിരീകരിക്കുകയായിരുന്നു. തിരുവനന്തപുരം ആര്‍സിസിയിലെ പരിശോധനയിലും കാന്‍സര്‍ ഇല്ലെന്ന് തെളിഞ്ഞതോടെ മുഴ ശസ്ത്രക്രിയ ചെയ്ത് മാറ്റി. കോട്ടയം മെഡിക്കല്‍ കോളേജിലെയും തിരുവനന്തപുരം ആര്‍സിസിയിലെയും പരിശോധനയില്‍ കാന്‍സര്‍ ഇല്ലെന്ന് തെളിഞ്ഞതോടെ അകാരണമായി കീമോ തെറാപ്പി നടത്തിയ ആശുപത്രിക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് യുവതി. ആരോഗ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്.
Discussion about this post