പാലക്കാട്: പട്ടിക ജാതിക്കാരനായ യുവാവിനെ വിവാഹം ചെയ്തതിന്റെ പേരില്‍ യുവതിയെ ബന്ധുക്കള്‍ വീട്ടുതടങ്കലിലാക്കി. ഉത്തരേന്ത്യയിലും മറ്റും നടക്കുന്നത് പോലെ ഈ സംഭവം നടന്നിരിക്കുന്നത് കേരളത്തിലാണ് എന്നതാണ് ഏറെ അദ്ഭുതകരം. പാലക്കാട് പട്ടാമ്പി കാരമ്പത്തൂര്‍ സ്വദേശി ഷാജിയാണ് പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്.
തന്റെ ഭാര്യയെ ബന്ധുക്കള്‍ വഴിയില്‍ തടഞ്ഞുനിര്‍ത്തി തട്ടിക്കൊണ്ടു പോയി വീട്ടുതടങ്കലിലാക്കി എന്നാണ് പരാതി. മെയ് 2നാണ് ഷാജി ഇതരജാതിയില്‍ പെട്ട മലപ്പുറം പാങ്ങ് സ്വദേശിനിയെ വിവാഹം ചെയ്തത്. രണ്ടു വര്‍ഷത്തിലേറെ നീണ്ട പ്രണയത്തിനൊടുവിലാണ് ഇവര്‍ വിവാഹം കഴിച്ചത്.
എന്നാല്‍ ഭാര്യയുടെ വീട്ടുക്കാര് ദുരഭിമാനത്തിന്റെ പേരില്‍ തങ്ങളെ ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്നും ഭാര്യയെ വഴിയില്‍ വെച്ച് അവരുടെ ബന്ധുക്കള്‍ ബലംപ്രയോഗിച്ച് കൊണ്ടു പോയെന്നുമാണ് ഷാജി പരാതിയില്‍ പറയുന്നത്. ഒരു മാസത്തോളമായി യുവതി വീട്ടുതടങ്കലിലാണ്. ഭിന്നശേഷിക്കാരാനാണ് ഷാജി. സംഭവത്തെ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കിയിട്ടും നടപടി സ്വീകരിച്ചിട്ടില്ലെന്നും പരാതിയിലുണ്ട്.
Discussion about this post