തൃശ്ശൂര്‍: ഒന്നരക്കോടി രൂപയുടെ ഹൈടെക് അടുക്കളയ്ക്ക് പിന്നാലെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിന്റെ സ്വന്തം ടെലിവിഷന്‍ ചാനലും ശ്രദ്ധേയമാകുന്നു. തടവുകാര്‍ തന്നെയാണ് ഈ ചാനല്‍ നടത്തുന്നത്. ഫ്രീഡം ചാനല്‍ എന്നാണ് പേര്. ഇതിലൂടെ തടവുകാര്‍ക്ക് ആഴ്ചയില്‍ രണ്ട് ദിവസം വാര്‍ത്തകളും വിശേഷങ്ങളും കാണാം. ഇന്ത്യയില്‍ ആദ്യമായാണ് ജയിലില്‍ ഇത്തരമൊരു ചാനല്‍ സംവിധാനം ഒരുക്കിയിരിക്കുന്നത്.
ജയിലിലെ ചാനലില്‍ വാര്‍ത്തകള്‍ വായിക്കുന്നതും അത് എഡിറ്റ് ചെയ്യുന്നതും തടവുകാര്‍ തന്നെയാണ് എന്നതാണ് മറ്റൊരു പ്രത്യേകത. ക്യാമറയ്ക്ക് പിന്നിലും സാങ്കേതിക വൈദഗ്ധ്യമുളള തടവുകാര്‍ തന്നെയാണ് ഉള്ളത്. തടവുകാരുടെ നിയമ സംബന്ധമായ സംശയങ്ങള്‍ക്ക് ജയില്‍ അധികൃതര്‍ മറുപടി നല്‍കുന്ന ലോ പോയന്റാണ് മറ്റൊരു ആകര്‍ഷണം.
ഇതിന് പുറമെ തടവുകാര്‍ നിര്‍മ്മിക്കുന്ന ഹ്രസ്വചിത്രങ്ങള്‍, കോമഡി ഷോ, മിമിക്രി എന്നിവയും ഇതോടൊപ്പമുണ്ട്. മൂന്ന് മാസം മുമ്പാണ് വിയ്യൂരില്‍ ഫ്രീഡം ചാനല്‍ സംപ്രേഷണം തുടങ്ങിയത്. ടിവി കാണുന്നതിന് തടവുകാര്‍ക്ക് പ്രത്യേക സൗകര്യവും ജയിലില്‍ ഒരുക്കിയിട്ടുണ്ട്.