കാസര്‍കോട്: സര്‍ക്കാര്‍ വൃദ്ധ മന്ദിരത്തില്‍ എച്ച്‌വണ്‍ എന്‍വണ്‍. കാസര്‍കോട് ജില്ലയിലെ പരവനടക്കം സര്‍ക്കാര്‍ വൃദ്ധ മന്ദിരത്തിലാണ് എച്ച്‌വണ്‍ എന്‍വണ്‍ സ്ഥിരീകരിച്ചത്. മൂന്ന് അന്തേവാസികള്‍ക്കും ഒരു ജീവനക്കാരിക്കുമാണ് പനി ബാധിച്ചത്. ആരോഗ്യവകുപ്പ് പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കിയതായി അറിയിച്ചു.
നാലാഴ്ച മുമ്പാണ് വൃദ്ധമന്ദിരത്തിലെ അന്തേവാസികളില്‍ പനി പടരുന്നത്. ഉടന്‍ തന്നെ ഇവര്‍ കാസര്‍കോട് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. എന്നാല്‍ പനി കൂടിയതല്ലാതെ കുറഞ്ഞില്ല. ഇതോടെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ എച്ച്‌വണ്‍ എന്‍വണ്‍ പരിശോധന നടത്താന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് പരിശോധനക്കയച്ച നാലു പേരുടെ സാമ്പിളുകളിലും എച്ച്‌വണ്‍ എന്‍വണ്‍ സ്ഥിരീകരിച്ചു.
പനി ബാധിച്ചവരില്‍ മൂന്ന് പേര്‍ എഴുപത് വയസിന് മുകളിലുള്ള അന്തേവാസികളാണ്. ഒരാള്‍ വൃദ്ധമന്ദിരത്തിലെ ജീവനക്കാരനുമാണ്. പനി ബാധിച്ചവര്‍ക്ക് വയോജന കേന്ദ്രത്തിനകത്ത് തന്നെ പ്രത്യേക വാര്‍ഡൊരുക്കിയാണ് ചികിത്സ നല്‍കുന്നത്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സ്ഥിതി നിയന്ത്രണ വിധേയമാണെന്നുമാണ് അധികൃതര്‍ പറയുന്നത്.
നാല്‍പത്തിയാറ് അന്തേവാസികളും പതിനാലു ജീവനക്കാരുമാണ് നിലവില്‍ ഇവിടെ കഴിയുന്നത്. എച്ച്‌വണ്‍ എന്‍വണ്‍ കൂടുതല്‍ പേരിലേക്ക് പടരാതിരിക്കാനുള്ള പ്രതിരോധ നടപടികളെല്ലാം സ്വീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.