ഈരാട്ടുപേട്ട: ഫോണിലൂടെ മുസ്ലീം വിരുദ്ധ പരാമര്‍ശം നടത്തി പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജിനെതിരെ വിമര്‍ശനവുമായി പുത്തന്‍പള്ളി ഇമാം നാദിര്‍ മൗലവി. ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയിലേക്ക് പോകാന്‍ തയ്യാറെടുക്കുന്ന പിസി ജോര്‍ജിനെ പിന്തിരിപ്പിക്കാനായി ഓസ്ട്രേലിയയില്‍ നിന്ന് വിളിക്കുന്നുവെന്ന് പറഞ്ഞ് വിളിച്ചയാളോട് ഈരാട്ടുപേട്ടയിലെ മുസ്ലീങ്ങള്‍ തനിക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും മുസ്ലീങ്ങള്‍ ശ്രീലങ്കയിലടക്കം കത്തോലിക്കാ പള്ളിക്കെതിരെ അക്രമണം നടത്തുകയാണെന്നുമായിരുന്നു എംഎല്‍എയുടെ പരാമര്‍ശം.
ഈ വിവാദ പരാമര്‍ശനത്തിനെതിരെ നടത്തിയ പ്രതിഷേധ സംഗമത്തിലാണ് മൗലവി പിസി ജോര്‍ജിനെ അതിരൂക്ഷമായി വിമര്‍ശിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു കഴിഞ്ഞു. ‘ഈരാട്ടുപേട്ടക്കാര്‍ക്ക് വിലയിടാന്‍ പൂഞ്ഞാറിന്റെ എംഎല്‍എ വളര്‍ന്നിട്ടില്ല. ഇയാളെ പുറത്താക്കാന്‍ ഈ നാട്ടുകാര്‍ക്ക് കഴിയും. നിങ്ങള്‍ കാണാന്‍ പോകുകയാണ്. ഇനി നിയമസഭയുടെ പടി ഈ പൂഞ്ഞാറ് മണ്ണില്‍ നിന്ന് പിസി ജോര്‍ജ് കാണില്ല എന്ന് എഴുതിവച്ചോളൂ’ എന്നാണ് മൗലവി പ്രതികരിച്ചത്. ആരെങ്കിലും ഇനി പിസി ജോര്‍ജ്ജിന് വോട്ട് ചെയ്യുമോ…?എന്ന മൗലവിയുടെ ചോദ്യത്തിന് കൂടി നിന്നവര്‍ ഇല്ല എന്ന് ഉച്ചത്തില്‍ മറുപടി നല്‍കുന്നുമുണ്ട്.
ഇമാം നാദിര്‍ മൗലവിയുടെ പ്രസംഗത്തിലെ വാക്കുകള്‍;
‘പിസി ജോര്‍ജ് എംഎല്‍എ രാജിവെക്കുക. അതാണ് നമ്മുടെ ആവശ്യം. 1980 മുതല്‍ മുസ്ലീം സമുദായത്തിന്റെ വോട്ട് വാങ്ങി ഒരു ഭാഗത്ത് നമ്മളെ പിന്തുണയ്ക്കുകയും മറുഭാഗത്ത് പോയി നമ്മളെ കാലു വാരുകയും ഈ സമുദായത്തെ ഒന്നടക്കം വര്‍ഗ്ഗീയ കാപാലികര്‍ക്ക് ഒറ്റിക്കൊടുക്കുകയും ചെയ്ത എംഎല്‍എയുമായി ഇനിയൊരു സന്ധിയും ഈ സമുദായത്തിനില്ല എന്നുള്ള ശക്തമായ പ്രഖ്യാപനമാണ് ഈ ഒത്തു ചേരല്‍ എന്ന കാര്യത്തില്‍ തര്‍ക്കമില്ല.
ഇവിടുത്തെ ക്രൈസ്തവ സമുദായവും ഹിന്ദു സമുദായവും മുസ്ലീം സമുദായവും ഒന്നിച്ച് നില്‍ക്കുന്നവരാണ്. ജാതിയും മതവും നോക്കാതെ നില്‍ക്കുന്നവരാണ് ഈരാട്ടുപേട്ടക്കാര്‍. ഈരാട്ടുപേട്ടക്കാര്‍ക്ക് വിലയിടാന്‍ പൂഞ്ഞാറിന്റെ എംഎല്‍എ വളര്‍ന്നിട്ടില്ല. ഇയാളെ പുറത്താക്കാന്‍ ഈ നാട്ടുകാര്‍ക്ക് കഴിയും. നിങ്ങള്‍ കാണാന്‍ പോകുകയാണ്. ഇനി നിയമസഭയുടെ പടി ഈ പൂഞ്ഞാറ് മണ്ണില്‍ നിന്ന് പിസി ജോര്‍ജ് കാണില്ല എന്ന് എഴുതിവച്ചോളൂ
എംഎല്‍എയ്ക്ക് അര്‍ഹിക്കുന്ന അംഗീകാരം നമ്മള് എന്നും കൊടുത്തിട്ടുണ്ട്. എംഎല്‍എയുമായി ഞാന്‍ വളരെ അടുത്തയാളാണെന്നും ഒരു പരിധിവരെ അയാളെ സഹിക്കും. ഈ നാട്ടുകാര്‍ മൊത്തം തീവ്രവാദികളാണെന്നാണ് അയാള്‍ പറഞ്ഞത്. അയാള്‍ക്ക് സ്ത്രീധനം കിട്ടിയതാണോ ഈരാട്ടുപേട്ട….? ആരാണ് ഇവിടെ തീവ്രവാദം കാണിച്ചിട്ടുള്ളത്. അയാള്‍ തുറന്ന് പറയട്ടെ. ഈരാട്ടുപേട്ടയിലെ മുസ്ലീങ്ങളെ തീവ്രവാദിയെന്ന് വിളിച്ച് ഈരാട്ടുപേട്ടയിലെ ക്രൈസ്തവരെ തനിക്കൊപ്പം നിര്‍ത്തി അടുത്തതവണ എംഎല്‍എയാകാമെന്ന് അയാള്‍ കരുതുന്നിണ്ടാകും. ഇല്ല ജോര്‍ജ്. ഒരിക്കലും ഇല്ല. ഇനി നിയമസഭയുടെ കവാടം കാണണമെങ്കില്‍ ഈരാട്ടുപേട്ടക്കാരുടെ ഒപ്പില്ലാതെ കഴിയില്ല. ആരെങ്കിലും ഇനി പിസി ജോര്‍ജ്ജിന് വോട്ട് ചെയ്യുമോ…?
Discussion about this post