പത്തനംതിട്ടയില്‍ എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് എട്ട് വയസുകാരി മരിച്ചു; മഴയ്ക്ക് മുമ്പേ പകര്‍ച്ചപ്പനികളുടെ പിടിയില്‍ നഗരം

എച്ച് വണ്‍ എന്‍ വണ്‍ പനി ബാധ കണ്ടെത്തിയ പ്രദേശങ്ങളില്‍ ആരോഗ്യവകുപ്പിന്റെ പ്രത്യേക സ്‌ക്വാഡ് പ്രവര്‍ത്തിച്ച് തുടങ്ങിയിട്ടുണ്ട്.

പത്തനംതിട്ട: പത്തനംതിട്ടയിലെ മല്ലപ്പള്ളിയില്‍ എട്ട് വയസുള്ള പ്രായമുള്ള പെണ്‍കുട്ടി മരിച്ചത് എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ചത്. ഇതോടെ നഗരം ആശങ്കയിലാണ്. മഴയ്ക്ക് മുമ്പേ പകര്‍ച്ചപ്പനികള്‍ വ്യാപകമായി പടര്‍ന്നു പിടിക്കുകയാണ്. അതേസമയം ജില്ലയില്‍ മുഴുവന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളും ശുചികരണവും ശക്തമാക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചത്.

എച്ച് വണ്‍ എന്‍ വണ്‍ പനി ബാധ കണ്ടെത്തിയ പ്രദേശങ്ങളില്‍ ആരോഗ്യവകുപ്പിന്റെ പ്രത്യേക സ്‌ക്വാഡ് പ്രവര്‍ത്തിച്ച് തുടങ്ങിയിട്ടുണ്ട്. ജനുവരി മുതല്‍ മെയ് വരെയുള്ള കാലയളവില്‍ ഏലിപ്പനി ബാധിച്ച് മൂന്ന് പേരാണ് മരിച്ചത്. 24 പേരില്‍ രോഗബാധ സ്ഥിരീകരിച്ചു. ഡെങ്കിപ്പനി 17 പേരിലും മലേറിയ 12 പേരിലും സ്ഥിരികരിച്ചിട്ടുണ്ട്. ശുചികരണകരണപ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ പല പഞ്ചായത്തുകളിലും വീഴ്ച സംഭവിച്ചിടുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍.

ശുചീകരണ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയില്‍ ആയതിനെ തുടര്‍ന്ന് പത്തനംതിട്ട നഗരസഭ പ്രദേശത്ത് മഞ്ഞപ്പിത്തം, പകര്‍ച്ചപ്പനി എന്നിവ പടരുന്നതായാണ് കണ്ടെത്തല്‍. മഴക്ക് മുമ്പേ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പകര്‍ച്ചപ്പനി ബാധിതരുടെ എണ്ണം ദിനം പ്രതി കൂടിവരികയാണ്. ഈ സാഹചര്യത്തില്‍ താലൂക്ക് ആശുപത്രികള്‍ കേന്ദ്രീകരിച്ച് കൂടുതല്‍ പനി ക്ലിനിക്കുകള്‍ തുടങ്ങാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.

Exit mobile version