നീലേശ്വരത്ത് സിപിഎം നേതാവിന്റെ വീടിനു നേരെ ബോംബേറ്; അക്രമത്തിനു പിന്നില്‍ ബിജെപിയെന്ന് ആരോപണം

ഇടിമിന്നലിന്റെ ശബ്ദമെന്നു കരുതി വീട്ടുകാര്‍ പുറത്തിറങ്ങി നോക്കിയപ്പോഴാണ് ആക്രമണം നടന്ന വിവരം അറിഞ്ഞത്.

നീലേശ്വരം: നീലേശ്വരത്ത് സിപിഎം നേതാവിന്റെ വീടിന് നേരെ ബോംബേറ്. സിപിഎം- ബിജെപി സംഘര്‍ഷം നിലനില്‍ക്കുന്ന മടിക്കൈ കോതോട്ടുപാറയില്‍ ആണ് ആക്രമണം നടന്നത്. സിപിഎം നീലേശ്വരം ഏരിയാ കമ്മിറ്റി അംഗവും മടിക്കൈ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ എം രാജന്റെ കോതോട്ടുപാറ കൊളങ്ങാട്ടെ വീടിനാണ് ഇന്നു പുലര്‍ച്ചെ ഒരു മണിയോടെ ബോംബ് എറിഞ്ഞത്.

ഇടിമിന്നലിന്റെ ശബ്ദമെന്നു കരുതി വീട്ടുകാര്‍ പുറത്തിറങ്ങി നോക്കിയപ്പോഴാണ് ആക്രമണം നടന്ന വിവരം അറിഞ്ഞത്. ബോംബേറില്‍ ജനല്‍ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. ജനല്‍പ്പടിയില്‍ പുക പിടിച്ചിട്ടുണ്ട്. വിവരമറിഞ്ഞ് നീലേശ്വരം പോലീസ് സ്ഥലത്തെത്തി. ബിജെപി പ്രവര്‍ത്തകരാണ് അക്രമത്തിനു പിന്നിലെന്നു നീലേശ്വരം പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

സംഭവത്തില്‍ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിവരമറിഞ്ഞു പ്രദേശവാസികളും സിപിഎം പ്രവര്‍ത്തകരും ഉള്‍പ്പെടെ നൂറു കണക്കിനാളുകള്‍ സ്ഥലത്തെത്തിയിരുന്നു. സംഘര്‍ഷാവസ്ഥ രൂക്ഷമായതോടെ സ്ഥലത്ത് പോലീസ് കാവല്‍ ശക്തമാക്കിയിട്ടുണ്ട്.

Exit mobile version