ഓരോ വര്‍ഷവും കേരളത്തില്‍ വില്‍ക്കുന്നത് 45 ലക്ഷം പ്ലാസ്റ്റിക് സ്‌കൂള്‍ ബാഗുകള്‍; ക്യാരിബാഗുകളെക്കാള്‍ പരിസ്ഥിതിക്ക് ദോഷമെന്ന് പഠനം

പുതിയതായി വാങ്ങുന്നവയിലും ഉപേക്ഷിക്കപ്പെടുന്നവയിലും ഒരുശതമാനംപോലും തുണിബാഗുകളില്ല

തൃശ്ശൂര്‍: ഒരോ അധ്യായനവര്‍ഷവും ആരംഭിക്കുന്നതു മുതല്‍ കേരളത്തില്‍ വില്‍ക്കുന്നത് 45 ലക്ഷം സ്‌കൂള്‍ ബാഗുകളെന്ന് പഠനം. തൃശ്ശൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്വാശ്രയ കൂട്ടായ്മയായ ബാഗിദാരി നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. പുതുതായി വാങ്ങുന്നതും വലിച്ചെറിയുന്നതുമായ ബാഗുകളില്‍ എല്ലാം പരിസ്ഥിതിക്ക് ഏറെ ദോഷം ചെയ്യുന്ന പ്ലാസ്റ്റിക്കുകളാണെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു.

ഓരോ വര്‍ഷവും 45 ലക്ഷം ബാഗുകള്‍ വില്‍ക്കുമ്പോള്‍ അത്രത്തോളം ബാഗുകള്‍ വര്‍ഷന്തോറും മാലിന്യമായി വലിച്ചെറിപ്പെടുന്നുണ്ടെന്നും പഠനത്തില്‍ പറയുന്നു. പുതിയതായി വാങ്ങുന്നവയിലും ഉപേക്ഷിക്കപ്പെടുന്നവയിലും ഒരുശതമാനംപോലും തുണിബാഗുകളില്ല. പ്ലാസ്റ്റിക് ക്യാരിബാഗുകളെക്കാള്‍ ഏറെ സാമൂഹിക-പരിസ്ഥിതിക്ക് ദോഷമാണ് ഉപേക്ഷിക്കപ്പെടുന്ന ഇത്തരം സ്‌കൂള്‍ബാഗുകള്‍. തുണിബാഗുകള്‍ പ്രകൃതിസൗഹാര്‍ദ്ദമാണെന്ന് മാത്രമല്ല, പുനരുപയോഗം സാധ്യമാകുന്നതുമാണ്.

ആക്രിക്കടക്കാര്‍ പോലും തിരിച്ചെടുക്കാത്ത സ്‌കൂള്‍ബാഗുകള്‍ പ്ലാസ്റ്റിക് മാലിന്യമായി വഴിയില്‍ ഉപേക്ഷിക്കുകയാണ് പതിവ്. ഇത് പിന്നീട് മാലിന്യക്കൂമ്പാരങ്ങളായി മാറുകയും ചെയ്യും. പ്ലാസ്റ്റിക് ക്യാരിബാഗുകളോട് സര്‍ക്കാരും സംഘടനകളും പുലര്‍ത്തുന്ന അകല്‍ച്ച പ്ലാസ്റ്റിക് സ്‌കൂള്‍ബാഗിനോട് കാണിക്കാത്തതാണ് പ്രശ്‌നമെന്നും ബാഗിദാരി നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു. സിബ്ബിലൊഴികെ പ്ലാസ്റ്റിക്കിന്റെ അംശംപോലുമില്ലാതെ തുണികൊണ്ട് സ്‌കൂള്‍ബാഗ് നിര്‍മ്മിക്കുന്ന വനിതകളുടെ കൂട്ടായ്മയാണ് ബാഗിദാരി.

Exit mobile version