കൊച്ചി: പുതിയ അധ്യായന വര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങളുടെ അച്ചടി 97 ശതമാനം പൂര്‍ത്തിയായതായി റിപ്പര്‍ട്ട്. സ്കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ ഇനിയും ബാക്കി നില്‍ക്കെയാണ് പാഠപുസ്തകങ്ങള്‍ തയ്യാറായി കഴിഞ്ഞത്. വേനലവധി കഴിഞ്ഞ് സ്കൂള്‍ തുറക്കുന്ന ദിവസം തന്നെ പുസ്തകം വിതരണം ചെയ്യാന്‍ ഇത്തവണ കഴിയുമെന്നാണ് പ്രതീക്ഷ. മൂന്നേകാല്‍ കോടിയിലധികം പുസ്തകങ്ങളാണ് സ്കൂള്‍ തുറക്കുമ്പോള്‍ വിതരണം ചെയ്യേണ്ടത്.
97 ശതമാനം പുസ്തകങ്ങളും സ്കൂളുകളില്‍ എത്തിച്ചുവെന്നും രണ്ടാംഘട്ട പുസ്തകങ്ങളുടെ അച്ചടി പുരോഗമിക്കുകയാണെന്നും കെബിപിഎസ് എംഡി കെ കാര്‍ത്തിക് പറഞ്ഞു. എട്ട് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ക്കാണ് ഇത്തവണ മാറ്റമുള്ളത്. കടലാസ് കരാര്‍ ഏറ്റെടുക്കാന്‍ താമസം വന്നതിനാല്‍ ഇത്തവണ ഡിസംബറിലാണ് കെബപിഎസില്‍ പ്രിന്റിംഗ് തുടങ്ങിയത്. സ്വകാര്യ കമ്പനികള്‍ കരാര്‍ എടുക്കാന്‍ തയ്യാറായകാതിരുന്നതിനാല്‍ തമിഴ്നാട് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള തമിഴ്നാട് ന്യൂസ് പ്രിന്റ് അന്റ് പേപ്പ്ഴ്സ് ലിമിറ്റഡില്‍ നിന്നാണ് ഇത്തവണ കടലാസ് എത്തിച്ചത്.
വലിപ്പം കൂടിയ ഏഴ് ലക്ഷം പുസ്തകങ്ങളില്‍ കുറച്ചെണ്ണത്തിന്റെ ബൈന്റിംഗ് മാത്രമാണ് ഇനി പൂര്‍ത്തിയാകാനുള്ളത്. തമിഴ്നാട്ടില്‍ നിന്നും വിദഗ്ധരെ എത്തിച്ച് വേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമങ്ങള്‍ തകൃതിയായി നടക്കുന്നുണ്ട്. ഓഗസ്റ്റില്‍ പൂര്‍ത്തിയാക്കി വിതരണത്തിന് എത്തിക്കും. മൂന്നാം ഘട്ടത്തില്‍ അറുപത്തി ഒന്ന് ലക്ഷം പുസ്തകങ്ങള്‍ വേണം. ഇതും സമയ ബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് കെബിപിഎസ് എംഡി കെ കാര്‍ത്തിക് അറിയിച്ചു.
Discussion about this post