സുല്‍ത്താന്‍ബത്തേരി: വൃത്തിഹീനമായ രീതിയില്‍ കച്ചവടം നടത്തിവരുന്ന ഉന്തുവണ്ടികളും പൂപ്പല്‍ ബാധിച്ച 25 കിലോയോളം കടലയും നഗരസഭാ ആരോഗ്യവിഭാഗത്തിന്റെ പരിശോധനയില്‍ പിടിച്ചെടുത്തു. വയനാട് ജില്ലയിലെ സുത്താന്‍ ബത്തേരി ടൗണിലാണ് സംഭവം. ചില ഉന്തുവണ്ടികളില്‍ വില്‍ക്കുന്ന കടലകള്‍ തയ്യാറാക്കുന്നത് വൃത്തിഹീനമായ ചുറ്റുപാടിലാണെന്ന് തെളിയിക്കുന്ന ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന.
ചുള്ളിയോട് റോഡിലെ ഫെഡറല്‍ബാങ്കിന് സമീപത്തുള്ള വാടക ക്വാര്‍ട്ടേഴ്സിനു മുന്നിലെ മാലിന്യക്കൂനയില്‍നിന്ന് മലിനജലമൊഴുകിയെത്തുന്ന തറയില്‍ കടലകള്‍ ഉണക്കിയെടുക്കുന്ന അന്യസംസ്ഥാന തൊഴിലാളിയുടെ ചിത്രങ്ങളാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നത്. ഇതേതുടര്‍ന്ന് ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ ഇക്കാര്യം ശരിവെയ്ക്കുകയും ചെയ്തു.
നഗരസഭാ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെടി തുളസീധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. ഭക്ഷ്യയോഗ്യമല്ലാത്തതും വൃത്തിഹീനവുമായ സാഹചര്യത്തില്‍ തയ്യാറാക്കുന്നതുമായ ഭക്ഷ്യവസ്തുക്കള്‍ കച്ചവടം ചെയ്യുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും പരിശോധനകള്‍ ശക്തമാക്കുമെന്നും ബത്തേരി നഗരസഭാ ചെയര്മാന് ടിഎല്‍ സാബു പറഞ്ഞു.
Discussion about this post