കണ്ണൂര്‍: ഫേസ്ബുക്ക് പോസ്റ്റിലൂടെ മോഡിയുടെ വിജയത്തെ അഭിനന്ദിച്ച് പിന്നാലെ കോണ്‍ഗ്രസ് മുഖപത്രത്തില്‍ തനിക്കെതിരെ വന്ന ലേഖനം ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് കോണ്‍ഗ്രസ് നേതാവ് എപി അബ്ദുള്ളക്കുട്ടി. വീക്ഷണം മുഖപ്രസംഗം കണ്ട് താന്‍ ഞെട്ടിയെന്നും വിശദീകരണം കേള്‍ക്കുന്നതിന് മുമ്പ് വിധി പറയുകയാണ് വീക്ഷണം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം തന്നോട് ചിലര്‍ വ്യക്തിവിരോധം തീര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. പാര്‍ട്ടി വിശദീകരണം ആവശ്യപ്പെട്ട കാര്യം താന്‍ മാധ്യമങ്ങളിലൂടെ മാത്രമാണ് അറിഞ്ഞതെന്നും അദ്ദേഹം കണ്ണൂരില്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് വിഎം സുധീരനെതിരെയും അബ്ദുള്ളക്കുട്ടി വിമര്‍ശിച്ചു. വിഎം സുധീരന് പത്ത് വര്‍ഷമായി തന്നോട് കടുത്ത വ്യക്തി വിരോധമുണ്ടെന്നും അദ്ദേഹത്തിന് ഒരു ആദര്‍ശവും ഇല്ലെന്നും അബ്ദുള്ളക്കുട്ടി കുറ്റപ്പെടുത്തി.
ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന രീതി പണ്ടേ അബ്ദുള്ളക്കുട്ടി ശീലിച്ചതാണെന്നാണ് വീക്ഷണം മുഖപത്രത്തിലെ എഡിറ്റോറിയയില്‍ പറഞ്ഞത്. ഇപ്പോള്‍ താമരക്കുളത്തില്‍ മുങ്ങിക്കുളിക്കാനാണ് അബ്ദുള്ളക്കുട്ടിയുടെ മോഹം. കോണ്‍ഗ്രസില്‍ നിന്നുകൊണ്ട് ബിജെപിക്ക് മംഗളപത്രം രചിക്കുന്ന രീതി ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും ദേശാടനപക്ഷിപോലെ ഇടയ്ക്കിടെ ആവാസസ്ഥലം മാറ്റുന്ന അബ്ദുള്ളക്കുട്ടി സിപിഎമ്മില്‍ നിന്ന് കോണ്‍ഗ്രസിലെത്തിയത് അധികാരമോഹത്തിന്റെ ഭാണ്ഡക്കെട്ടുമായാണെന്നും ഇപ്പോള്‍ ബിജെപിയിലേക്ക് ചേക്കേറാനും അതേ ഭാണ്ഡക്കെട്ടാണ് അബ്ദുള്ളക്കുട്ടി മുറിക്കിക്കൊണ്ടിരിക്കുന്നതെന്നുമാണ് എഡിറ്റോറിയലില്‍ പറഞ്ഞിരുന്നത്.
Discussion about this post