രാജപുരം: ഭക്ഷണം പാചകം ചെയ്യുന്നതിനിടെ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട്ടമ്മയ്ക്ക് പരിക്ക്.
അപകടത്തില്‍ ഒടയംചാല്‍ ആലടുക്കം പട്ടികവര്‍ഗ കോളനിയിലെ ബിന്ദു(33)വിനാണ് പരിക്കേറ്റത്. പൊള്ളലേറ്റ് അബോധാവസ്ഥയിലായ ബിന്ദുവിനെ നാട്ടുകാര്‍ ചേര്‍ന്ന് പൂടംകല്ല് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാത്രി ഏഴരയോടെയായിരുന്നു അപകടം. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ബിന്ദു രാത്രിയിലേക്കുള്ള ഭക്ഷണം പാചകം ചെയ്യാന്‍ പാചകവാതക സ്റ്റൗ കത്തിക്കുന്നതിനിടെ സിലിന്‍ഡറില്‍നിന്ന് തീ ഉയരുകയായിരുന്നു. ഇതുകണ്ട് ബിന്ദു ഉടന്‍ അടുക്കളയില്‍നിന്ന് പുറത്തേക്ക് ഇറങ്ങി ഓടി. അല്പസമയത്തിനകം സിലിന്‍ഡര്‍ പൊട്ടിത്തെറിക്കുകയും വീടിന് തീപിടിക്കുകയുമായിരുന്നു.
കൃത്യസമയത്ത് ബിന്ദു പുറത്തേക്ക് ഓടിയതിനാല്‍ ജീവന് രക്ഷപ്പെട്ടു. എന്നാല്‍ ഇവരുടെ ഓലമേഞ്ഞ വീടും റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ബിന്ദുവിന്റെ മകളും പ്ലസ്ടു വിദ്യാര്‍ഥിനിയുമായ രജിതയുടെ സ്കൂള്‍ സര്‍ട്ടിഫിക്കറ്റുകളുമടക്കം വിലപ്പെട്ട രേഖകള്‍ പൂര്‍ണമായും കത്തി നശിച്ചു.
ഉഗ്രശബ്ദം കേട്ടും വീടിന് തീപിടിക്കുന്നത് കണ്ടും ഓടിയെത്തിയ നാട്ടുകാര്‍ വെള്ളം കോരിയൊഴിച്ചും മറ്റും തീ കെടുത്തുകയായിരുന്നു. തുടര്‍ന്ന് പൊള്ളലേറ്റ് അബോധാവസ്ഥയിലായ ബിന്ദുവിനെ അടുത്തുള്ള ആശുപത്രിയിലേക്ക് എത്തിക്കുകയും ചെയ്തു. സിലിന്‍ഡറില്‍ നിന്ന് പാചകവാതകം ചോര്‍ന്നതാകാം അപകടകാരണമെന്ന് കരുതുന്നത്.
Discussion about this post