തൃശ്ശൂര്‍: യഥാര്‍ഥ പ്രണയം ഇതാണെന്നും പറഞ്ഞ് ദിവസങ്ങളായി സോഷ്യല്‍മീഡിയയില്‍ വൈറലാണ് ഒരു നവദമ്പതികളുടെ ചിത്രം. വീല്‍ചെയറിലിരിക്കുന്ന വധുവും അവളുടെ കരങ്ങള്‍ ചേര്‍ത്തുപിടിച്ച വരനുമാണ് ആ നവദമ്പതികള്‍, നിരവധി പേരാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.
ആ നായകനും നായികയും ഇവരാണ്, ക്ലിന്റോ ജഗന്- പാവ്നി ശ്രീകണ്ഠനും. തൃശൂര്‍ സ്വദേശിയാണ് ക്ലിന്റോ. ദുബായിലാണ് ജോലി ചെയ്യുന്നത്. പാവ്നിയാകട്ടെ യു കെയില്‍ സ്ഥിരതാമസമാക്കിയ തമിഴ് കുടുംബത്തിലെ അംഗം.
ഗുരുവായൂര്‍ അമ്പലത്തില്‍ വരണമാല്യമണിഞ്ഞ് വീല്‍ചെയറിലിരുന്ന ജഗന്റെ കൈപിടിക്കുന്ന പാവ്നിയുടെ ചിത്രമാണ് സൈബര്‍ലോകത്ത് ഏറെ വൈറലായിരുന്നത്. കഴിഞ്ഞ ദിവസമാണ് ഗുരൂവായൂരപ്പനെ സാക്ഷി നിര്‍ത്തി ക്ലിന്റോ എല്ലാമെല്ലാമായ പാവ്നിയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. ശേഷം തൃശൂര്‍ ചേവൂര്‍ സെയിന്റ് ഫ്രാന്‍സിസ് സേവ്യര്‍ സിറോ മലബാര്‍ കത്തോലിക്ക പള്ളിയില്‍ ക്രിസ്ത്യന്‍ മതാചാര പ്രകാരമുള്ള വിവാഹവും നടന്നു.
ഒരു മൂന്നാലുവര്‍ഷം മുന്‍പുള്ള നീണ്ട കഥയാണ്. ‘എനിക്ക് നിന്റെ പിന്നാലെ നടക്കാനല്ല, ഒപ്പം നടക്കാനാണ് ഇഷ്ട’മെന്ന് പറഞ്ഞാണ് ബാംഗളൂര്‍ ഡെയ്സിലെ സെറയെ അജു ജീവിതത്തിലേക്ക് കൂട്ടുന്നത്. അതുപോലെ ജഗന്, തന്റെ നല്ലപാതിയായി പാവ്നിയെ കൂടെക്കൂട്ടിയ കഥ പറയുന്നു:
ട്രഡീഷണല്‍ ആര്‍ട്സും മ്യൂസിക്കുമൊക്കെയായി ദുബായിലായിരുന്നു ഞാന്‍. അത്യാവശ്യം ക്രിയേറ്റിവിറ്റിയുടെ വട്ടുകളുമായി നടക്കുന്ന കാലമാണ്. ആ സമയത്താണ് പാവ്നി ലണ്ടനില്‍ ആരംഭിക്കുന്ന മ്യൂസിക്ക് സ്കൂളിന്റെ ഇന്റീരിയര്‍ ചെയ്യാനായി ആര്‍ട്ടിസ്റ്റിനെ തപ്പി നടക്കുകയായിരുന്നു. ലണ്ടനില്‍ സ്ഥിരതാമസമാണ് പാവ്നിയും കുടുംബവും. ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും അറിയാവുന്ന ഒരു സുഹൃത്തുണ്ട്. അവനാണ് എന്റെ പേര് പാവ്നിയോട് പറയുന്നത്.
ജോലിയുമായി ബന്ധപ്പെട്ടാണ് ഞങ്ങള്‍ ആദ്യം സംസാരിക്കുന്നത്. ഞങ്ങളുടെ താല്പര്യങ്ങളും ഇഷ്ടങ്ങളും എല്ലാം ഒന്നാണെന്ന് തോന്നിയപ്പോള്‍ കൂടുതല്‍ ഒന്നും ആലോചിച്ചില്ല, ഞാനീ തമിഴത്തിപ്പെണ്ണിനെ ജീവിതത്തിലേക്ക് അങ്ങ് കൂട്ടി. പലരും ഞങ്ങളോട് നിങ്ങളുടേത് അജുവിന്റെയും സെറയുടെയും പോലെയല്ലേ എന്ന് ചോദിക്കാറുണ്ട്. ഞാന്‍ അജുവിനെപ്പോലെയാണോയെന്ന് അറിയില്ല. പക്ഷെ പാവ്നി ശരിക്കും സെറയെപ്പോലെയാണ്. അപാര പോസിറ്റീവാണ് കക്ഷി. ഞാന്‍ തളര്‍ന്നുപോയാലും അവളാണ് എന്നെ താങ്ങി നിറുത്തുന്നത്. അങ്ങനെയൊരാളെ ജീവിതത്തിലേക്ക് കൂട്ടാന്‍ എന്തിന് മടിക്കണം.
അവള് എല്ലാ കാര്യത്തിലും സ്വയം പര്യാപ്തയാണ്. സന്ദര്‍ശിച്ചത് ഇരുപത്തിമൂന്ന് രാജ്യങ്ങള്‍! നീന്തല്‍, കുതിര സവാരി, ഡ്രൈവിങ്ങ് എല്ലാം പുഷ്പം പോലെ. നിങ്ങളീ പറയുന്ന വയ്യാത്ത കാലും വച്ച് വെള്ളത്തില്‍ കൊള്ളിമീന്‍ പോലെ പറക്കുന്നവള്‍. രണ്ട് കാലുള്ള ഞാന്‍ ചെയ്യുന്നതിനേക്കാളും കൂടുതല്‍ കാര്യങ്ങള്‍ അവള് ചെയ്യും, ഈസിയായി. ബംഗളൂര് ഡെയ്സിലെ സെറയെപ്പോലെ തന്നെ യുകെയില്‍ ആര്‍ജെയുമായിരുന്നു.
നിങ്ങള്‍ക്ക് ഒരു കാര്യം അറിയാം. പ്രണയം തുറന്നു പറഞ്ഞശേഷം പാവ്നി എന്നെ ദുബായിലേക്ക് വന്ന് കാണുകയായിരുന്നു. പരസ്പരം കാണണമെന്നുണ്ടായിരുന്നെങ്കിലും എനിക്ക് യുകെയില്‍ പോകാനുള്ള വിസയില്ലായിരുന്നു. ഇതറിഞ്ഞ് അവള് തനിയെ ഫ്ലൈ ചെയ്ത് വരികെയായിരുന്നു. തനിയെ 23 രാജ്യങ്ങള്‍ പാവ്നി സന്ദര്‍ശിച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷം പാവ്നി തനിയെ ടെമ്പോ ട്രാവല്സില് ചെന്നൈയില്‍ നിന്നും ഹിമാചലിലേക്ക് യാത്ര നടത്തിയിരന്നു. ഏകദേശം ഏഴായിരം കിലോമീറ്റര്‍ 28 ദിവസം നീണ്ടതായിരുന്നു ആ യാത്ര. ഞാന്‍ ആ സമയത്ത് നാട്ടിലായിരുന്നു.
പാവ്നിയെ ഗര്‍ഭിണിയായിരുന്ന സമയത്ത് അമ്മ സ്റ്റെപ്പില്‍ നിന്നും തെന്നിവീണു. ഈ വീഴ്ച ഏറെ ബാധിച്ചത് പാവ്നിയെയാണ്. അതോടെയാണ് അവളുടെ രണ്ടുകാലുകളും തളര്‍ന്നുപോയത്. മകള്‍ക്ക് വൈകല്യമുണ്ടെന്ന് കരുതി അച്ഛനും അമ്മയും വീട്ടില്‍ അടിച്ചുപൂട്ടിയില്ല. സ്കൂള്‍ മ്യൂസിക്കില്‍ ആയിരുന്നു പഠനം. കര്‍ണ്ണാടിക്ക് സംഗീതത്തില്‍ പാവ്നി വിദഗ്ധയാണ്. മകള്‍ എല്ലാത്തിലും സ്വയം പര്യാപ്തയാണെങ്കിലും എന്നെക്കാണാന്‍ ദുബായിലേക്ക് വരുന്നതില്‍ അച്ഛനും അമ്മയ്ക്കും ഭയമുണ്ടായിരുന്നു. അപരിചിതനായ ഒരാളെക്കാണാന്‍ അപരിചിതമായ നഗരത്തില്‍ പോകുന്നത് അവര്‍ക്ക് ആശങ്കയുണ്ടാക്കി. എന്നാല്‍ അവരെ പറഞ്ഞുമനസിലാക്കി അവള് ധൈര്യപൂര്‍വ്വം കാണാന്‍ വന്നു.
ആ കൂടിക്കാഴ്ചയ്ക്ക് ശേഷം ഞാന്‍ വീട്ടില്‍ കാര്യങ്ങള്‍ അവതരിപ്പിച്ചു. മമ്മിക്ക് എതിര്‍പ്പില്ലായിരുന്നു, എന്നാലും പപ്പയ്ക്ക് കുറച്ച് എതിര്‍പ്പായിരുന്നു. ഇങ്ങനെയൊരു കുട്ടിയെ കല്യാണം കഴിച്ചാല്‍ ശരിയാകുമോയെന്ന സംശയം കൊണ്ട് ഉണ്ടായ എതിര്‍പ്പാണ്. എന്നാല്‍ പാവ്നിയെ നേരിട്ട് കണ്ട് സംസാരിച്ചതോടെ പപ്പയുടെ സംശയമെല്ലാം മാറി. പൂര്‍ണ്ണസമ്മതമായി. ഇരുവീട്ടുകാരും ഓക്കെ പറഞ്ഞതോടെ ഈ ഇരുപത്തി അഞ്ചിന് വീട്ടുകാരും നാട്ടുകാരും കൂട്ടുകാരുമെല്ലാം ചേര്‍ന്ന് ആഘോഷമായി ഞങ്ങളുടെ വിവാഹം നടത്തി തന്നു- ക്ലിന്റോ പറഞ്ഞു.
Discussion about this post