കോട്ടയം: വൈദ്യുതി നിലച്ച് ലിഫിറ്റിനുള്ളില്‍ കുടുങ്ങിയ ആളെ രക്ഷിക്കാന്‍ പാഞ്ഞെത്തിയ അഗ്നിരക്ഷാസേന ഒടുവില്‍ ശശി ആയി. ലിഫ്റ്റിനുള്ളില്‍ പെട്ടതോടെ പരിഭ്രാന്തനായ ആള് ഉടന്‍ വിളിച്ചത് 101-ലേക്കായിരുന്നു എന്നാല്‍ അഗ്നിരക്ഷാസേന എത്തുമ്പോഴേക്കും വൈദ്യുതിയെത്തി. അതോടെ ഇയാള്‍ പുറത്തിറങ്ങി പോവുകയും ചെയ്തു.
ബുധനാഴ്ച വൈകീട്ട് 5.10-ന് സംക്രാന്തിയിലെ സ്വകാര്യ വ്യാപാര സമുച്ചയത്തിലാണ് സംഭവം. ഇയാള്‍ ലിഫ്റ്റില്‍ കയറിയപ്പോള്‍ വൈദ്യുതി നിലക്കുകയും ലിഫ്റ്റ് പ്രവര്‍ത്തനരഹിതമാവുകയും ചെയ്തു. ഇതോടെ എന്തു ചെയ്യണമെന്ന് അറിയാതെ പരിഭ്രാന്തനായ ഇയാള്‍ 101 ലേക്ക് വിളിക്കുകയായിരുന്നു. ശേഷം വൈദ്യുതി വന്നതോടെ ഇയാള്‍ പുറത്തിറങ്ങി രക്ഷപ്പെടുകയും ചെയ്തു.
സംഭവസ്ഥലത്ത് അഗ്നിരക്ഷാസേനാംഗങ്ങള്‍ ഓടിയെത്തിയങ്കിലും ലിഫ്റ്റില്‍ കുടിങ്ങിയ ആളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇയാളെ പലതവണ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണെടുത്തില്ല. തുടര്‍ന്ന് സേനാംഗങ്ങള്‍ വ്യാപാരസമുച്ചയത്തില്‍ സുരക്ഷാപരിശോധന നടത്തി. ലിഫ്റ്റിനുള്ളില്‍ അത്യാവശ്യസന്ദര്‍ഭങ്ങളില്‍ ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറുകളില്ലെന്നും അലാറം പ്രവര്‍ത്തനരഹിതമായിരുന്നതായും പരിശോധനയില്‍ കണ്ടെത്തി.
സുരക്ഷാ മാനദണ്ഡങ്ങളുടെ അപര്യാപ്തത ഭാവിയിലുണ്ടാക്കുന്ന ആപത്തിനെക്കുറിച്ച് കെട്ടിട ഉടമയെ ബോധിപ്പിച്ചു.ഇവയെല്ലാം ഉടന്‍ സ്ഥാപിക്കാനും സുരക്ഷാകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധചെലുത്തണമെന്ന് ഉടമയ്ക്ക് കര്‍ശനനിര്‍ദേശം നല്‍കിയതിനും ശേഷമാണ് സേനാംഗങ്ങള്‍ മടങ്ങിയത്.
Discussion about this post