തിരുവനന്തപുരം: നിപ്പ വൈറസ് ബാധയേറ്റ് മരണപ്പെട്ട പേരാമ്പ്ര താലൂക്കാശുപത്രിയിലെ നഴ്സ്
ലിനിയുടെ പേരിലുള്ള ചാരിറ്റബിള്‍ ട്രസ്റ്റിന് തിരുവനന്തപുരത്ത് തുടക്കമായി. നഴ്സസ് അസോസിയേഷനായ ട്രസ്റ്റിന് രൂപം നല്‍കിയത്.
പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ നഴ്സായിരുന്ന ലിനിക്ക് ചങ്ങരോത്ത് സൂപ്പിക്കടയില്‍ ആദ്യം രോഗം ബാധിച്ചു മരിച്ച യുവാവിനെ ആശുപത്രിയില്‍ ശുശ്രൂഷിച്ചതിന് പിന്നാലെയാണ് പനി പിടിച്ച് മരിച്ചത്.
മരണമടിഞ്ഞ് ഒരു വര്‍ഷം തികയുമ്പോളാണ് കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് ലിനിയുടെ പേരില്‍ ട്രസ്റ്റ് ഒരുങ്ങുന്നത്.
രോഗബാധിതരായവരെയും ദുരിതം അനുഭവിക്കുന്നവരെ കണ്ടെത്തി അവര്‍ക്ക് വേണ്ട സഹായം നല്‍കുകയാണ് ട്രസ്റ്റിന്റെ ഉദ്യേശം. ഓരോ വര്‍ഷവും തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്കാണ് സഹായം നല്‍കുക. ട്രസ്റ്റിന്റെ ആദ്യ ധനസഹായം മള്‍ട്ടിപ്പിള്‍ സ്ക്ലീറേസിസ് എന്ന രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന വൈശാഖിന് നല്കി. ലിനി പുതുശ്ശേരി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഉദ്ഘാടനവും ധനസഹായ വിതരണവും മന്ത്രി കെകെ ശൈലജ നിര്‍വ്വഹിച്ചു.
പ്രാഥമികഘട്ടത്തില്‍ അസോസിയേഷനിലുള്ളവരില്‍ നിന്ന് ട്രസ്റ്റിന്റെ നടത്തിപ്പിന് ആവശ്യമായ ധനസമാഹരണം നടത്തും. പിന്നീട് സ്പോണ്‍സര്‍ഷിപ്പും സ്വീകരിക്കും. ലിനിയുടെ ഭര്‍ത്താവ് സജീഷും മക്കളും പരിപാടിയില്‍ പങ്കെടുത്തു.
Discussion about this post