ഹരിപ്പാട്: പാടത്ത് വിരുന്നുകാരായി ദേശാടന പക്ഷികള്‍ ഇത്തവണയും എത്തി. അപ്പര്‍ കുട്ടനാടന്‍ മേഖലയിലെ കൊയ്തൊഴിഞ്ഞ പാടത്താണ് ദേശാടന പക്ഷികള്‍ എത്തിത്. സ്ഥിരം വിരുന്നുകാരും കൂടാതെ വംശനാശ ഭീഷണി നേരിടുന്ന പക്ഷികളും കൂടെ ഉണ്ട്.
കൊയ്ത്തു കഴിഞ്ഞ് വെള്ളം കയറ്റിയ പാടത്താണ് കൂടുതലായും ദേശാടന പക്ഷികളെ കണ്ടുവരുന്നത്.
വേഴാമ്പല്‍, മഞ്ഞക്കൊക്ക്, താമരക്കോഴി, കുളക്കോഴി, ചാരക്കോഴി, എരണ്ട, കൊക്കുമുണ്ടികള്‍ എന്നിവര്‍ പാടത്തെ സ്ഥിരം സന്ദര്‍ശകരായി മാറി. കൂടാതെ മഞ്ഞക്കൊക്ക്, നീലക്കോഴി ഇനത്തില്‍പെട്ട പക്ഷികള്‍ വരെ ഇക്കൂട്ടത്തില്‍ കാണാം. കുട്ടനാട്ടില്‍ കൃഷിയുടെ ആരംഭത്തിലും വിളവെടുപ്പ് കഴിയുമ്പോഴുമാണ് കിളികളുടെ ഇവിടുത്തെ സന്ദര്‍ശനം.
ചെറുമീനുകളാണ് ഇവരുടെ ഇഷ്ടഭക്ഷണം. കാലാവസ്ഥയിലെ മാറ്റമോ, ഭക്ഷണ ലഭ്യതയിലെ മാറ്റമോ, ഇണചേരാനുള്ള കാലമാകുമ്പോഴോ ആണ് ഇവകള്‍ എത്താറുള്ളതെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ദേശാടനപക്ഷികള്‍ ഉള്‍പ്പെടെ 500ല്‍ അധികം പക്ഷിവര്‍ഗങ്ങളുടെ ഈറ്റില്ലമായി കുട്ടനാട് മാറിയിരിക്കുകയാണ്. ദേശാടന പക്ഷികളെ വീക്ഷിക്കാന്‍ നിരവധി ആളുകള്‍ ഇവിടെ എത്താറുണ്ട്.
തണ്ണീര്‍തടങ്ങള്‍ നശിക്കുന്നത് പക്ഷികളുടെ ഭക്ഷണത്തെ ബാധിക്കും. കുട്ടനാട്ടിലെ പാണ്ടി, ചെറുതന, ആയാപറമ്പ്, ചെക്കിടിക്കാട്, കേളമംഗലം എന്നീ പ്രദേശങ്ങള്‍ പക്ഷി സങ്കേതമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളില്‍ പക്ഷികളുടെ വംശനാശഭീഷണി നേരിടുന്ന തരത്തില്‍ പക്ഷിവേട്ടയും പറവകളെ ഓടിക്കാനുള്ള കരിമരുന്നു പ്രയോഗവും നടത്തരുതെന്ന് നിര്‍ദേശമുണ്ടെങ്കിലും ഇതൊന്നും പാലിക്കപ്പെടാറില്ല.
Discussion about this post