നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവം; ബാങ്കിന് പങ്കില്ലെന്ന് പോലീസ് ഹൈക്കോടതിയില്‍

ഹൈക്കോടതിയിലാണ് പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കുടുംബാംഗങ്ങള്‍ തന്നെയാണ് മരണത്തിന് ഉത്തരവാദികളെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കൊച്ചി: നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് പങ്കില്ലെന്ന് റിപ്പോര്‍ട്ട്. ഹൈക്കോടതിയിലാണ് പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കുടുംബാംഗങ്ങള്‍ തന്നെയാണ് മരണത്തിന് ഉത്തരവാദികളെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേസില്‍ പ്രതികളായ നാല് പേരും പോലീസ് കസ്റ്റഡിയിലാണ്.

ഭര്‍തൃപീഡനം എന്നാണ് യുവതിയുടെ ആത്മഹത്യാ കുറിപ്പില്‍ ഉള്ളത്. ബാങ്ക് ഉദ്യോഗസ്ഥരുടെ കാര്യം കുറിപ്പില്‍ വ്യക്തമാക്കിയിട്ടില്ല. ജപ്തി നടപടിക്കെതിരെ മരണത്തിന് മുമ്പ് ലേഖ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് പോലീസിന്റെ മറുപടി. അതേസമയം, ബാങ്ക് നടപടികള്‍ മുന്‍പോട്ടു പോകുന്നതില്‍ തടസ്സം നില്‍ക്കില്ല എന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ബാങ്ക് ഉദ്യോഗസ്ഥരെ നിലവിലെ സാഹചര്യത്തില്‍ പ്രതി ആക്കാന്‍ പറ്റില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

എന്നാല്‍ കേസ് ഇനി ആര് മുന്‍പോട്ടു കൊണ്ട് പോകും എന്ന് കോടതി ചോദിച്ചു. നിര്‍ഭാഗ്യകരമായ സാഹചര്യമെന്നും കോടതി നിരീക്ഷിച്ചു. ഹര്‍ജിക്കാരനായ ലേഖയുടെ ഭര്‍ത്താവ് നിലവില്‍ ഒന്നാം പ്രതിയാണെന്നും ആത്മഹത്യക്ക് വഴി ഒരുക്കിയത് ഇയാളും ഇയാളുടെ അമ്മയും ചേര്‍ന്നാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

Exit mobile version