തിരുവനന്തപുരം: കെവിന് വധക്കേസില്‍ കൃത്യനിര്‍വ്വഹണത്തില്‍ വീഴ്ച വരുത്തിയ സംഭവത്തില്‍ സസ്പെന്‍ഷനിലായിരുന്ന എസ്ഐയെ തിരിച്ചെടുത്തത് തന്റെ അറിവോടെയല്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. കോട്ടയം എസ്പിയോട് ചോദിച്ച ശേഷം പ്രതികരിക്കാമെന്നും എസ്ഐയെ തിരിച്ചെടുത്ത വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും ബെഹ്റ പറഞ്ഞു.
അതേസമയം, കെവിന് വധക്കേസില്‍ സസ്പെന്‍ഷനിലായിരുന്ന എംഎസ് ഷിബുവിനെ സംസ്ഥാനത്തെ ഏറ്റവും ജൂനിയര്‍ എസ്ഐയായി തരംതാഴ്ത്തി എറണാകുളം റെയ്ഞ്ച് ഐജി ഉത്തരവിട്ടു. തിരിച്ചെടുത്ത ഷിബുവിനെ ഇടുക്കിയിലേക്ക് മാറ്റും. ഷിബുവിന്റെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ പിരിച്ചുവിടല്‍ നിയമപരമായി നിലനില്‍ക്കില്ലെന്ന് ഉന്നത പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
കെവിന് വധക്കേസില്‍ സസ്പെന്‍ഷനിലായിരുന്ന എസ്ഐ ഷിബുവിനെ തിരിച്ചെടുക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കെവിന്റെ കുടുംബം മുഖ്യമന്ത്രിയെ കണ്ട് പരാതി നല്കാന് തീരുമാനിച്ചിരിക്കുകയാണ്. കെവിന്റെ മരണമുണ്ടായത് എസ്ഐ ഷിബുവിന്റെ കൃത്യ വിലോപം മൂലമാണെന്നും പരാതി നല്‍കിയിട്ടും നേരിട്ട് കണ്ട് അത് ബോധ്യപ്പെടുത്തിയിട്ടും യാതൊരു നടപടിയുമെടുക്കാന്‍ എസ്ഐ ഷിബു തയ്യാറായില്ലെന്നും കെവിന്റെ അച്ഛന് രാജന് പറയുന്നു. ഗാന്ധിനഗര്‍ എസ്ഐ ആയിരുന്ന എംഎസ് ഷിബുവിനെ തിരിച്ചെടുക്കാന്‍ ഐജി ഇന്നലെയാണ് ഉത്തരവിറക്കിയത്.
Discussion about this post