നെടുങ്കണ്ടം: ടൗണില്‍നിന്ന് സ്ഥിരമായി കവര്‍പാല്‍ മോഷ്ടിക്കുന്ന സ്ത്രീയുടെ ദൃശ്യം സിസിടിവിയില്‍ പതിഞ്ഞു. കടകളില്‍ വില്‍പ്പനയ്ക്കായി എത്തുന്ന പാലുകളാണ് ദിവസേന മോഷണം പോകുന്നത്. തുടര്‍ന്ന് സിസിടിവി പരിശോധിച്ചപ്പോഴാണ് ചുരിദാര്‍ ധരിച്ച് മുഖം പാതി മറച്ച ഒരു സ്ത്രീ കവര്‍ പാലുകള്‍ മോഷ്ടിക്കുന്നതായി കണ്ടെത്തിയത്.
കവര്‍ പാല്‍ മോഷണം പോകുന്നതായി കച്ചവടക്കാരില്‍ നിന്നും വ്യാപകമായി പരാതി ഉയര്‍ന്നിരുന്നു. ടൗണിലെ ബേക്കറികളിലും മറ്റുമായി മില്‍മയുടെയും മലനാടിന്റെയും നൂറ് കണക്കിന് കവര്‍ പാലുകളാണ് ദിവസേന വില്‍പ്പനയ്ക്കായി എത്തുക. വിതരണക്കാര്‍ വൈകീട്ട് കടകളില്‍ കളക്ഷന്‍ വാങ്ങാന്‍ എത്തുമ്പോഴാണ് മോഷണം നടന്നതായി അറിയുന്നത്.
ദിവസേന അഞ്ചുമുതല്‍ 20 വരെ കവര്‍ പാലുകളുടെ തുക ഇതുമൂലം നഷ്ടം വരുന്നതായി വിതരണക്കാരനായ നെടുങ്കണ്ടം പ്ലാമൂട്ടില്‍ പിയു ലാലിച്ചന്‍ പറയുന്നു. സിസിടിവി പരിശോധിച്ചപ്പോഴാണ് രാവിലെ അഞ്ച് മണിക്ക് ബേക്കറിക്കു മുന്നില്‍നിന്ന് ചുരിദാര്‍ ധരിച്ച് മുഖം പാതി മറച്ച ഒരു സ്ത്രീ പാല്‍ മോഷ്ടിക്കുന്ന ദൃശ്യം കണ്ടെത്തിയത്. മോഷണം തടയാന്‍ പോലീസ് പട്രോളിങ് ശക്തമാക്കണമെന്ന ആവശ്യം വ്യാപാരികള്‍ ഉന്നയിച്ചിട്ടുണ്ട്.