പൊന്നാനി: ഐഎസ് തീവ്രവാദികള്‍ കടന്നെന്ന രീതിയില്‍ പരിശോധനയില്‍ കടലില്‍ സംശയാസ്പദമായി കണ്ടെത്തിയ വെള്ളബോട്ട് തമിഴ്നാട്ടിലെ മത്സ്യത്തൊഴിലാളികളുടേത്. ശ്രീലങ്കയില്‍ നിന്ന് പതിനഞ്ചോളം ഐഎസ് തീവ്രവാദികള്‍ ലക്ഷദ്വീപ്, മിനിക്കോയ് എന്നിവ ലക്ഷ്യമിട്ട് കടല്‍വഴി പുറപ്പെട്ടിട്ടുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കടലോരത്ത് നടത്തിയ പരിശോധനയിലാണ് വെള്ളബോട്ട് കണ്ടെത്തിയത്.
തീവ്രവാദികള്‍ കേരള തീരത്ത് കയറാതിരിക്കാന്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു. ചാവക്കാട് വരെയുള്ള വാര്‍ഡ് കടലോരസമിതിക്കാര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കുകയും കടലിലും കരയിലും പൊന്നാനി ചാവക്കാട് മേഖലയിലെ കോസ്റ്റല്‍ പോലീസ് പട്രോളിങ് ശക്തമാക്കുകയും ചെയ്തു.
ഈ സാഹചര്യത്തിലാണ് വെള്ള നിറത്തിലുള്ള ബോട്ട് തിങ്കളാഴ്ച ഉച്ചയോടെ ആഴക്കടലില്‍ മത്സ്യത്തൊഴിലാളികളോടുകൂടി കണ്ടെത്തിയത്. ചാവക്കാട് മുനക്കകടവ് ആഴക്കടലില്‍ ബോട്ട് ലക്ഷ്യംതെറ്റി അലയുകയായിരുന്നു. ഈ ബോട്ട് പിന്നീട് മുനയ്ക്കകടവ് തീരദേശ പോലീസ് കസ്റ്റഡിയിലെടുത്തു.തുടര്‍ന്നുള്ള പരിശോധനയില്‍ ഇത് തമിഴ്നാട് സ്വദേശികളുടേതാണെന്ന് കണ്ടെത്തി.
മംഗലാപുരത്ത്നിന്ന് തമിഴ്നാട് സ്വദേശികള്‍ വാങ്ങിയതാണ് ഇത്. തമിഴ്നാട്ടിലുള്ള തൊഴിലാളികള്‍ മീന്‍പിടിക്കുന്നതിനായി ആഴക്കടലിലെത്തിയപ്പോള്‍ എന്ജിന് നിശ്ചലമായതിനെത്തുടര്‍ന്ന് കടലില്‍ അലയുകയായിരുന്നു. കോസ്റ്റ് ഗാര്‍ഡിന്റെ പരിശോധനയില്‍ ഇത് തമിഴ്നാട് രജിസ്ട്രേഷനിലുള്ള ബോട്ടാണെന്ന് സ്ഥിരീകരിച്ചു. കടലില്‍ കണ്ടെത്തിയ ഈ ബോട്ട് ഇതില്‍ അസ്വഭാവികതയൊന്നുമില്ലെന്ന് പൊന്നാനി തീരദേശ പോലീസ് പറഞ്ഞു.
Discussion about this post