കോട്ടയം: കെവിന്‍ കൊലകേസില്‍ സസ്‌പെന്‍ഷനിലായിരുന്ന ഗാന്ധി നഗര്‍ എസ്‌ഐ എംഎസ് ഷിബുവിനെ സര്‍വ്വീസില്‍ തിരിച്ചെടുത്തതിനെതിരെ കെവിന്റെ പിതാവ്. എസ്‌ഐയെ സര്‍വ്വീസില്‍ തിരിച്ചെടുത്ത നടപടി നീതി നിഷേധമാണെന്ന് ചൂണ്ടിക്കാട്ടി കെവിന്റെ പിതാവ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പ്രതിപക്ഷ നേതാവിനും പരാതി നല്‍കും.
നാടിനെ ഒന്നടങ്കം നടുക്കിയതായിരുന്നു കെവിന്‍ ദുരഭിമാനക്കൊല. കെവിനെ കാമുകി നീനുവിന്റെ ബന്ധുക്കള്‍ ചേര്‍ന്ന് തട്ടിക്കൊണ്ടു പോയതിന് പിന്നാലെ കെവിന്റെ കുടുംബാംഗങ്ങള്‍ ഗാന്ധി നഗര്‍ സ്റ്റേഷനിലെത്തി പരാതി നല്‍കിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ സുരക്ഷ ചുമതല ഉണ്ട് എന്ന കാരണം പറഞ്ഞ് എസ്‌ഐ ഷിബു നടപടികള്‍ വൈകിപ്പിക്കുകയായിരുന്നു.
കെവിന്‍ കേസില്‍ നീനുവിന്റെ ബന്ധുക്കളില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്ന പേരില്‍ എഎസ്‌ഐ ബിജു, എസ്‌ഐ ഷിബു എന്നിവരുള്‍പ്പടെയുള്ളവരെ സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിടുകയും ചില പോലീസുകാരുടെ ആനുകല്യം തടഞ്ഞുവെക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് കൊച്ചി റേഞ്ച് ഐജി വിജയ് സാഖ്‌റെയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ എസ്‌ഐ എംഎസ് ഷിബുവിനെ തിരിച്ചെടുക്കുകയായിരുന്നു.
എസ്‌ഐയെ സര്‍വ്വീസില്‍ തിരിച്ചെടുത്ത നടപടി തികച്ചും നീതി നിഷേധമാണെന്നാണ് കെവിന്റെ പിതാവ് ആരോപിക്കുന്നത്. ഷിബു കൃത്യ സമത്ത് നടപടി എടുത്തിരുന്നെങ്കില്‍ കെവിന്റെ ജീവന്‍ രക്ഷിക്കാമായിരുന്നെന്നും കെവിന്റെ പിതാവ് പറയുന്നു.