തൃശ്ശൂര്‍: തൃശ്ശൂര്‍ രാമവര്‍മപുരം പോലീസ് അക്കാദമിയില്‍ ഡി കമ്മിഷന്‍ചെയ്ത പോലീസ് നായകള്‍ക്കുള്ള ‘വിശ്രാന്തി കെ 9 റിട്ടയര്‍മെന്റ് സെന്റര്‍’ തയ്യാറായിക്കഴിഞ്ഞു. ഒഴിവ് സമയം ചിലവഴിക്കാന്‍ കളിക്കളവും,കളിപ്പാട്ടങ്ങളും,ടിവിയും, ഭക്ഷണവും, താമസിക്കാന്‍ മൂന്ന് മുറിയുള്ള കൂട്. തുടങ്ങി എല്ലാ വിധ സൗകര്യങ്ങളും നായകള്‍ക്ക് ഇവിടെ ലഭ്യമാണ്.
രാജ്യത്തെ നായകള്‍ക്കുള്ള ആദ്യത്തെ വിശ്രമകേന്ദ്രം എന്ന പ്രത്യേകതയും ഇതിന് ഉണ്ട്. ഇവിടെ ആദ്യ അതിഥികള്‍ പോലീസ് ശ്വാനസേനയിലെ കാരണവര്‍മാരായ ഏഴ് നായകളാണ്.
തൃശ്ശൂര്‍ സിറ്റിയില്‍നിന്ന് രണ്ട്, പാലക്കാട് -രണ്ട്, മലപ്പുറം -ഒന്ന്, കോട്ടയം – ഒന്ന്, തിരുവനന്തപുരം -ഒന്ന് എന്നിങ്ങനെ പോലീസ് ശ്വാനസേനയിലെ കാരണവര്‍മാരാണ് വിശ്രമജീവിതം ആസ്വദിക്കാനായി ബുധനാഴ്ച വിശ്രാന്തിയിലെത്തുക.
മുമ്പ്, ഡി കമ്മിഷന് ചെയ്ത പോലീസ് നായകളെ പരിപാലിച്ചിരുന്നവര്ക്ക് വിട്ടുനല്‍കുകയോ സന്നദ്ധരായവര്‍ക്ക് വളര്‍ത്താന്‍ നല്‍കുകയോ ആയിരുന്നു പതിവ്.
20 നായകള്‍ക്ക് ഒരുമിച്ച് കഴിയാനുള്ള സംവിധാനം ഇവിടെയുണ്ട്. പകലും രാത്രിയിലും വിശ്രമിക്കാനായി പ്രത്യേക മുറികള്‍ ഒരുക്കിയിട്ടുണ്ട്. ശൗചാലയമായി ഉപയോഗിക്കാന്‍ പാകത്തിന് മറ്റൊരു മുറിയും. കൂടുകളിള് സ്വയം വെള്ളമെത്തുന്ന തരത്തില്‍ പൈപ്പുകളും തയ്യാറാക്കിയിട്ടുണ്ട്. എല്ലാ കൂടുകളിലും ഫാനും ഉണ്ട്. കൊതുകുശല്യമൊഴിവാക്കാനായി പ്രത്യേക ഉപകരണവും ഒരുക്കി.
നായ്ക്കളള്ക്ക് കാണാനായി ടിവി, കളിക്കാനായി വിവിധതരം കളിപ്പാട്ടങ്ങള്‍, പ്രത്യേകം തയ്യാറാക്കിയ വടങ്ങള്‍ എന്നിവയൊക്കെയാണ് കളിയിടത്തിന്റെ സവിശേഷതകള്‍. പരിശീലനസമയത്തുതന്നെ നായകളെ പാട്ടുകേള്‍പ്പിക്കുക പതിവാണ്. ശബ്ദങ്ങളും കളികളുമൊക്കെ ദൃശ്യങ്ങളായി മുന്നിലെത്തുമ്പോള്‍ അവ ആസ്വദിക്കാന്‍ നായകള്‍ക്ക് ആവുമെന്നാണ് കരുതുന്നത്. പരിശീലനകാലത്ത് വിവിധയിനം പന്തുകള്‍ നല്കിയിട്ടുള്ളതിനാല് ആ സൗകര്യം വിശ്രമകാലത്തുമുണ്ടാകും.
Discussion about this post