തിരുവനന്തപുരം: ഇനി വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റാതിരിക്കുകയോ കണ്‍സെഷന്‍ നല്‍കാതിരിക്കുകയോ ചെയ്താല്‍ കര്‍ശന നടപടി. ബസുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സെഷന്‍ നല്‍കാത്തതുമായി ബന്ധപ്പെട്ട പരാതികള്‍ ലഭിച്ചാല്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്ന് കേരള പോലീസ് വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കേരള പോലീസ് ഇക്കാര്യം വ്യക്തമാക്കിയത്.
കണ്‍സെഷന്‍ ആവശ്യപ്പെടുന്ന വിദ്യാര്‍ത്ഥികളെ പരസ്യമായി അപമാനിക്കുക, മോശമായി പെരുമാറുക, ബസില്‍ കയറ്റാതിരിക്കുക, ബസ് പുറപ്പെടുന്നത് വരെ വിദ്യാര്‍ത്ഥികളെ ബസിനു വെളിയില്‍ നിര്‍ത്തുക, സീറ്റില്‍ ഇരിക്കാന്‍ അനുവദിക്കാതിരിക്കുക, ശാരീരികമായി ഉപദ്രവിക്കുക എന്നിവ കുറ്റകരമാണെന്നും ഇത്തരം സംഭവങ്ങളുണ്ടായാല്‍ മോട്ടോര്‍ വാഹനവകുപ്പിനോ പോലീസിനോ പരാതി നല്‍കാവുന്നതാണെന്നും കേരള പോലീസ് വ്യക്തമാക്കുന്നു.