കണ്ണൂര്‍: മരിച്ച അരലക്ഷത്തിലധികം പേരുടെ റേഷന്‍ വിഹിതം ഇപ്പോഴും ബന്ധുക്കള്‍ വാങ്ങുന്നതായി ഭക്ഷ്യവകുപ്പിന്റെ കണ്ടെത്തല്‍. മരിച്ചെങ്കിലും റേഷന്‍കാര്‍ഡില്‍ പേരു വെട്ടാത്തവരുടെ കണക്കെടുപ്പു തുടങ്ങിയതോടെയാണ് റേഷന്‍ധാന്യം വാങ്ങുന്നതായി ഭക്ഷ്യവകുപ്പ് കണ്ടെത്തിയത്. 2014-നുശേഷം മരിച്ച മുന്‍ഗണനാവിഭാഗക്കാരുടെ ഭക്ഷ്യധാന്യമാണ് ബന്ധുക്കള്‍ വാങ്ങുന്നത്.
മരിച്ച അന്നപൂര്‍ണ വിഭാഗത്തിലും സംസ്ഥാന സബ്‌സിഡി വിഭാഗത്തിലും ഉള്‍പ്പെട്ടവരുടെ കണക്കുകൂട്ടിയാല്‍ എണ്ണം ഇതിലും വര്‍ധിക്കുമെന്നാണ് ഭക്ഷ്യവകുന്റെ വിലയിരുത്തല്‍. മുന്‍ഗണനാവിഭാഗക്കാര്‍ക്ക് അഞ്ചുകിലോ അരി വീതമാണ് സൗജന്യമായി ലഭിക്കുന്നത്. ഇതുപ്രകാരം മാസം രണ്ടരലക്ഷത്തോളം കിലോ ധാന്യം അനര്‍ഹര്‍മായി വാങ്ങുന്നുണ്ടെന്നാണ് കണക്ക്.
റേഷന്‍ കാര്‍ഡിലുള്ളവര്‍ മരിച്ചെന്ന വിവരം വെളിപ്പെടുത്താതെ പലരും മനഃപൂര്‍വ്വമാണ് റേഷന്‍ വാങ്ങുന്നത്. മരിച്ചവരെ കാര്‍ഡില്‍നിന്ന് ഒഴിവാക്കണമെന്ന് ഭക്ഷ്യവകുപ്പ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഒട്ടുമിക്ക കാര്‍ഡുടമകളും അതിന് തയ്യാറായില്ല. കാര്‍ഡില്‍നിന്ന് പേര് ഒഴിവാക്കുന്നതിനുള്ള ബുദ്ധിമുട്ടുകളും പലരും അറിയിച്ചിട്ടുമുണ്ട്. കാര്‍ഡില്‍ പേരുള്ളിടത്തോളം കാലം ആനുകൂല്യം ലഭിക്കുമല്ലേയെന്നാണ് ചിലരുടെ നിലപാട്.
റേഷന്‍ധാന്യം കൂടുതല്‍ വില്‍ക്കുന്ന കടക്കാര്‍ക്ക് കൂടുതല്‍ കമ്മീഷന്‍ കിട്ടുമെന്നുള്ളതിനാല്‍ കടക്കാരും പലപ്പോഴും ഇക്കാര്യം കണ്ടില്ലെന്ന് നടിക്കുകയാണ്. ഇതിനിടെയാണ് ഭക്ഷ്യവകുപ്പിന്റെ പരിശോധന.
തദ്ദേശവകുപ്പില്‍നിന്ന് ശേഖരിച്ച പട്ടികയാണ് ഭക്ഷ്യവകുപ്പിലെ ഐടി വിഭാഗം ഇപ്പോള്‍ പരിശോധിക്കുന്നത്. താലൂക്ക് ഓഫീസ് തലത്തിലും പരിശോധന നടക്കുന്നുണ്ട്.
ആദ്യഘട്ട പരിശോധന 70 ശതമാനത്തോളം താലൂക്കുകളില്‍ പൂര്‍ത്തിയായി. ആദ്യഘട്ടത്തില്‍ മുന്‍ഗണന – അന്നപൂര്‍ണ വിഭാഗത്തില്‍പ്പെട്ട മരിച്ചവരുടെ കണക്കാണെടുക്കുന്നത്. ഇതിനുശേഷം സംസ്ഥാന സബ്‌സിഡി വിഭാഗത്തില്‍പ്പെട്ടവരുടെ കണക്കെടുപ്പു നടത്തും. മുന്‍ഗണനാ വിഭാഗത്തില്‍ 1.54 കോടി പേരും സബ്‌സിഡി വിഭാഗത്തില്‍ 1.21 കോടി പേരുമാണ് സൗജന്യനിരക്കില്‍ റേഷന്‍ വാങ്ങുന്നത്.