സംസ്ഥാനത്ത് ജൂണ്‍ 9 മുതല്‍ ട്രോളിങ് നിരോധനം

ജൂലൈ 31 വരെ ട്രോളിങ് നിരോധനം ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ തീരുമാനം. 52 ദിവസത്തേക്കാണ് നിരോധനം.

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍ 9 ന് അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം ആരംഭിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. ജൂലൈ 31 വരെ ട്രോളിങ് നിരോധനം ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ തീരുമാനം. 52 ദിവസത്തേക്കാണ് നിരോധനം. ട്രോളിങ് നിരോധനം സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത മത്സ്യത്തൊഴിലാളി പ്രതിനിധികളുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ശാസ്ത്രീയ മത്സ്യബന്ധനത്തിന്റെ സാധ്യതകള്‍ ഉപയുക്തമാക്കുന്നതിനും മത്സ്യ സമ്പത്ത് സുസ്ഥിരമായി നിലനിര്‍ത്തുന്നതിനുമാണ് ട്രോളിങ് നിരോധനം നടപ്പിലാക്കുന്നതെന്ന് മന്ത്രി അറിയിച്ചു.

തീരദേശ ജില്ലകളില്‍ ട്രോളിങ് നിരോധനത്തിന്റെ ഭാഗമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കട്രോള്‍ റൂം തുറന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷവും 52 ദിവസമായിരുന്നു ട്രോളിങ് നിരോധനം. ട്രോളിങ് നിരോധനത്തിന്റെ ഭാഗമായി ഇതരസംസ്ഥാന യന്ത്രവത്കൃത ബോട്ടുകള്‍ക്ക് തീരം വിട്ട് പോകാന്‍ നിര്‍ദ്ദേശം നല്‍കും.

Exit mobile version