പത്തനംതിട്ട: പ്രളയത്തില്‍ പമ്പയില്‍ അടിഞ്ഞുകൂടിയ മണല്‍ ശേഖരത്തില്‍ നിന്ന് ദേവസ്വം ബോര്‍ഡിന്റെ നിര്‍മ്മാണ ആവശ്യത്തിന് അനുവദിച്ച മണല്‍ മാറ്റാന്‍ തുടങ്ങി. പമ്പയില്‍ അടഞ്ഞ് കൂടിയ മണലിനെചൊല്ലി വനംവകുപ്പും ദേവസ്വവും തമ്മിലുണ്ടായ തര്‍ക്കത്തിനൊടുവിലാണ് മണല്‍ ശേഖരത്തില്‍ നിന്ന് നിര്‍മ്മാണ ആവശ്യത്തിനുള്ളത് നല്കാന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്.
20000 ക്യുബിക് മീറ്റര്‍ മണലാണ് ദേവസ്വത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നല്കാന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. മണലിന്റെ വിലയായി നേരത്തെ 9 കോടി രൂപ വനംവകുപ്പ് ദേവസ്വത്തോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ദേവസ്വം സര്‍ക്കാരിനെ സമീപിച്ചു. പിന്നീട് നടന്ന ചര്‍ച്ചയിലാണ് 20000 ക്യൂബിക് മീറ്റര്‍ സൗജന്യമായി നല്കാന് ധാരണയായത്. സന്നിധാനം, പമ്പ, നിലക്കല്‍ എന്നിവിടങ്ങളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ മണലാണ് ഉപയോഗിക്കുക.
നിലവില്‍ പമ്പാ പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്ന ടാറ്റാ ഗ്രൂപ്പ് അടിഞ്ഞുകൂടിയ മണല്‍ പമ്പ ചക്കുപാലത്തിന് സമീപം കൂട്ടിയിട്ടിരിക്കുകയാണ്. കാലവര്‍ഷത്തില്‍ വീണ്ടും വെള്ളപൊക്കം ഉണ്ടാകുന്നത് ഒഴിവാക്കാനാണ് വേഗത്തില്‍ മണല്‍ നീക്കുന്നത്.
Discussion about this post