തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് രണ്ട് മുതല്‍ മൂന്ന് സീറ്റുകള്‍ വരെ പ്രതീക്ഷിച്ചിരുന്നെന്ന് കേരളത്തിന്റെ ചുമതലയുള്ള ബിജെപി ദേശീയ സെക്രട്ടറി വൈ സത്യകുമാര്‍. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ വോട്ടു വര്‍ധന ഉണ്ടായിരുന്നെങ്കിലും വോട്ടുവര്‍ധനയല്ല സീറ്റാണ് ലക്ഷ്യമിട്ടതെന്നും ദേശീയനേതൃത്വം ബിജെപി സംസ്ഥാന നേതാക്കളുടെ യോഗത്തില്‍ അറിയിച്ചു.
പരാജയത്തിന് പിന്നില്‍ പല കാരണങ്ങളുമുണ്ട്. അനുകൂല സാഹചര്യങ്ങള്‍ ഉണ്ടായിട്ടും നേട്ടമുണ്ടാക്കാനായില്ല. ന്യൂനപക്ഷങ്ങളുടെ വോട്ടുകളിലെ ഏകീകരണം ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കിയെന്നും സത്യകുമാര്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ സീറ്റ് ലഭിച്ചില്ലെങ്കിലും മുമ്പുള്ളതിനേക്കാള്‍ കൂടുതല്‍ വോട്ട് നേടാന്‍ കഴിഞ്ഞതിനാല്‍ സംസ്ഥാന നേതൃത്വത്തിന് തൃപ്തിയുണ്ടെന്നാണ് സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍പിള്ള പറഞ്ഞത്.
എന്നാല്‍ ഈ വാദങ്ങള്‍ ദേശീയ നേതൃത്വം തള്ളി. ശബരിമല വിഷയം തെരഞ്ഞെടുപ്പുകളില്‍ ഉപയോഗിക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ലെന്നും വോട്ടു വര്‍ധന മുമ്പും ഉണ്ടായിട്ടുണ്ടെന്നും സത്യകുമാര്‍ വ്യക്തമാക്കി.
ശബരിമല വിഷയത്തില്‍ 40 ശതമാനം വോട്ടുകള്‍ മാത്രനേ ബിജെപിക്ക് നേടാന് കഴിഞ്ഞുള്ളൂവെന്നും അതേസമയം യുഡിഎഫിന് വിഷയത്തില്‍ നേട്ടമുണ്ടാക്കാനായെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിയാത്തതിനാല്‍ പാര്‍ട്ടിയില്‍ സമഗ്ര അഴിച്ചു പണി ഉണ്ടാകുമെന്നാണ് സൂചന. കേന്ദ്രമന്ത്രിസഭാ രൂപീകരണത്തിന് ശേഷം പാര്‍ട്ടി ദേശീയ നേതൃത്വം ഇത്തരം നടപടികളിലേക്ക് കടക്കുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം പാര്‍ട്ടിയില്‍ നേതൃമാറ്റം ഇപ്പോഴുണ്ടാവില്ലെന്നാണ് സംസ്ഥാനനേതാക്കള്‍ പറയുന്നത്.