ഇത് ജയിലോ, ഫൈവ് സ്റ്റാര്‍ ഹോട്ടലോ? വിയ്യൂരില്‍ ഒന്നര കോടി രൂപയുടെ ഹൈടെക്ക് അടുക്കള! പച്ചക്കറി അരിയാനുള്ള മെഷീന്‍ മുതല്‍ വിദേശ വാഷിംഗ് മെഷീന്‍ വരെ!

പോയ കാലങ്ങളില്‍ പാള പ്ലേറ്റും പിടിച്ച് വരിവരിയായി നില്‍ക്കണം ഒരുപിടി ഭക്ഷണം കിട്ടണമെങ്കില്‍. എന്നാല്‍,

തൃശ്ശൂര്‍: അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത് ഒരു അടുക്കളയാണ്. ഒന്നരക്കോടി മുടക്കി നിര്‍മ്മിച്ച ഈ അടുക്കള ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ അല്ല. മറിച്ച് തൃശ്ശൂരിലെ വിയ്യൂര്‍ ജയിലാണ്. പച്ചക്കറി അരിയാനുള്ള മെഷീന്‍ മുതല്‍ തുണി അലക്കാനുള്ള വിദേശ വാഷിംഗ് മെഷീന്‍ വരെയാണുള്ളത്. കണ്ണ് തള്ളേണ്ട, സംഭവം സത്യമാണ്. ആയിരത്തില്‍ കൂടുതല്‍ തടവുകാരാണ് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഉള്ളത്. ഇവര്‍ക്കായി മൂന്ന് നേരത്തെ ഭക്ഷണമൊരുക്കാന്‍ ചുരുങ്ങിയത് മുപ്പത്തിയഞ്ച് പേരാണ് രാപ്പകല്‍ അധ്വാനിക്കുന്നത്.

എന്നാല്‍ ഹൈടെക്കായ അടുക്കളില്‍ മേല്‍ അനങ്ങാതെയാണ് പണി. എല്ലാം മെഷീന്‍ ചെയ്‌തോളും, മേല്‍നോട്ടം വഹിച്ചാല്‍ മതിയെന്ന് സാരം. പച്ചക്കറി അരിയാനാണ് ആദ്യ കാലങ്ങളില്‍ ബുദ്ധിമുട്ട്, വിവാഹത്തിന് സദ്യയൊരുക്കുന്നതിനേക്കാള്‍ ഭീകരമാണ് ജയില്‍ അറകളില്‍. പച്ചക്കറി കൈ കൊണ്ട് അരിഞ്ഞ് വരുമ്പോഴേയ്ക്കും തന്നെ നേരം വെളുക്കും. ആ പ്രശ്‌നത്തിന് പരിഹാരമെന്നോണം ആണ് അടുക്കളയില്‍ പുതിയ മെഷീന്‍ സ്ഥാനം പിടിച്ചത്. ഇതോടെ പകുതി പണി എളുപ്പമായി. ഒന്നരകോടി മുതല്‍മുടക്കിലാണ് ഹൈടെക് അടുക്കള നിര്‍മ്മിച്ചിട്ടുള്ളത്.

പോയ കാലങ്ങളില്‍ പാള പ്ലേറ്റും പിടിച്ച് വരിവരിയായി നില്‍ക്കണം ഒരുപിടി ഭക്ഷണം കിട്ടണമെങ്കില്‍. എന്നാല്‍ ഇപ്പോള്‍ അതും ഹൈടെക്കായി മാറി. ഭക്ഷണം പാകമായാല്‍ ഓരോ സെല്ലിലും ഭക്ഷണം എത്തിക്കാന്‍ പ്രത്യേകം വാഹനം വരെ ഇറങ്ങി. ബാറ്ററിയില്‍ ഓടുന്നതാണ് ഈ വാഹനം. ഒരു ദിവസം ചാര്‍ജ്ജ് ചെയ്താല്‍ ചുരുങ്ങിയത് അന്‍പത് കിലോമീറ്റര്‍ വരെ ഓടും. പക്ഷേ അടുക്കളയില്‍ താരം പച്ചക്കറി മെഷീന്‍ തന്നെ. 50കിലോ പച്ചക്കറി വെറും 10 മിനുറ്റില്‍ അരിഞ്ഞ് തീര്‍ക്കും. തേങ്ങ ചിരകാനും പ്രത്യേകം മെഷീന്‍ ഉണ്ട്.

നൂറും നൂറ്റിയന്‍പതും വരെ തേങ്ങ ചിരകാന്‍ വെറും 30 മിനുറ്റ് വരെ മതി. പിന്നെ പണി പകുതി കഴിഞ്ഞല്ലോ..! വെറും മേല്‍നോട്ടം മാത്രം. പിന്നെ ബുദ്ധിമുട്ടേറിയ പണി എന്ന് പറയാനുള്ളത് പാത്രം കഴുകല്‍ ആണ്. പണ്ടൊക്കെ കുട്ടകവും വട്ടകയും കഴുകാന്‍ കുനിഞ്ഞാല്‍ പിന്നെ നേരെ നില്‍ക്കുന്നത് മണിക്കൂറുകള്‍ക്ക് ശേഷമായിരിക്കും. ഒരു കുട്ടകം കഴുകാന്‍ തന്നെ മണിക്കൂറുകള്‍ വേണ്ടി വരും. എന്നാല്‍ ആ പണിയിലും ഇപ്പോള്‍ എളുപ്പം കണ്ടെത്തിയിരിക്കുകയാണ്. നല്ല ശക്തിയില്‍ വെള്ളം ഇരച്ചെത്തി പാത്രങ്ങള്‍ ഒറ്റയടിക്ക് കഴുകുന്ന സംവിധാനമാണ് ചെയ്തിരിക്കുന്നത്.

ഈ വെള്ളം വീണ്ടും റീ സൈക്കിള്‍ ചെയ്‌തെത്തും. അതിനായി, ജലശുദ്ധീകരണ സംവിധാനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പാചകം ചെയ്യാന്‍ പാചകവാതകത്തിന്റെ കേന്ദ്രീകൃത സംവിധാനം. പ്രത്യേക സ്റ്റീം കടത്തി വിട്ട് ചോറുണ്ടാക്കാനും കൂടി വന്നാല്‍ അരമണിക്കൂര്‍ മാത്രം മതി. ഏറെ വ്യത്യസ്തം തലമുടി കവര്‍ ചെയ്യുന്ന തൊപ്പി വരെയുണ്ട്. അത്രമേല്‍ വൃത്തിയോടും ശ്രദ്ധയോടും കൂടിയാണ് ഇവിടെ ഭക്ഷണമൊരുക്കുന്നത്. മുന്‍നിരയില്‍ നില്‍ക്കുന്ന ഹോട്ടലുകളെ പോലും കടത്തിവെട്ടും വിയ്യൂര്‍ ജയിലിലെ ഈ ഫൈവ് സ്റ്റാര്‍ അടുക്കള. പിന്നെ ആകെയുള്ളത് സ്വന്തം വസ്ത്രങ്ങളും വലിയ പുതപ്പുകളും മറ്റും കഴുകുന്നതാണ് പണി. എന്നാല്‍ അതും ഇപ്പോള്‍ ഹൈടെക്കിന്റെ പാതയിലാണ്.

തുണിയലക്കാന്‍ വിദേശ വാഷിംഗ് മെഷീന്‍ തന്നെയാണ് ഇറക്കുമതി ചെയ്തിരിക്കുന്നത്. തുണികളും വലിയ പുതപ്പുകളും അലക്കുന്നതായിരുന്നു തടവുകാര്‍ക്ക് മുന്‍പിലെ വെല്ലുവിളിയായി നിന്നത്. നിലത്തു വിരിക്കുന്ന കമ്പിളി പുതപ്പ് ഏകദേശം ഒരു കിലോയോളം വരും. അലക്കാന്‍ എടുക്കുമ്പോള്‍ ഒന്നു നനഞ്ഞാല്‍ പിന്നാലെ 10 കിലോയേക്കാള്‍ മേലെ വരും. ഈ കഷ്ടപ്പാടിനാണ് വിദേശ വാഷിംഗ് മെഷീന്‍ ഇറക്കി പരിഹാരം കണ്ടത്. ആശുപത്രികളില്‍ നിന്ന് പോലും പുതപ്പുകള്‍ ജയിലില്‍ കൊണ്ടു വന്ന് അലക്കി തേച്ച് തിരിച്ചു കൊണ്ടുപോകാനുള്ള സൗകര്യം കൂടിയുണ്ട്.

ഇതാണ് ഏറെ അമ്പരപ്പിക്കുന്നതും. ജയില്‍ ഡിജിപിയുടെ അനുമതി കിട്ടിയാല്‍ ഉടന്‍ പുറത്തു നിന്നുള്ള ഓര്‍ഡറുകള്‍ അടുത്തുതന്നെ എടുത്തു തുടങ്ങും. ഇതിനെല്ലാം പുറമെ വിഭവ സമൃദ്ധമായ ഭക്ഷണമാണ് ഒരുക്കിയിട്ടുള്ളത്. രണ്ട് ദിവസം മീന്‍കറി, ഒരു ദിവസം മട്ടന്‍ ഇങ്ങനെ നീളും വിഭവങ്ങള്‍. പച്ചക്കറിയാകട്ടെ ജയിലില്‍ തന്നെ കൃഷി ചെയ്യുന്നതും. ഇതോടെ തികച്ചും ആരോഗ്യ പൂര്‍ണ്ണമായ ഭക്ഷണമാണ് തടവുപുള്ളികള്‍ക്ക് വിളമ്പുന്നത് എന്ന കാര്യത്തില്‍ സംശമില്ല.

കറിക്ക് വേണ്ട മീനുകളും ഇവിടെ നിന്ന് തന്നെയാണുട്ടോ, അക്കാര്യം എടുത്ത് പറയേണ്ടിയിരിക്കുന്നു. പച്ചക്കറിയും മീനും മാത്രമല്ല ഇവിടെ ഉള്ളത്. മുന്തിരി വരെ നട്ടു വളര്‍ത്തിയിട്ടുണ്ട്. കീടനാശിനി അടിക്കാത്ത നല്ല ഫ്രഷ് മുന്തിരി. തീര്‍ന്നില്ല കരകൗശല നിര്‍മ്മാണ യൂണിറ്റ്, ചാപ്പാത്തി, ചിക്കന്‍ കറി, കേക്ക് ബിസ്സിനസ്സ്, ഒരു റേഡിയോ നിലയം, അവതാരകര്‍, സ്വന്തമായി ഒരു ടിവി ചാനലും, അതിനുള്ള കലാകരന്മാരും, കരോക്കേ ഗാനമേള ട്രൂപ്പ്, സ്‌കിറ്റ് ടീം.., സദ്യ ഉള്ള ദിവസങ്ങളില്‍ പ്രത്യേകം ചിക്കന്‍ ഇങ്ങനെ നീളും വിയ്യൂരിലെ വിശേഷണങ്ങള്‍.

വീഡിയോ കടപ്പാട്; മനോരമ

Exit mobile version