ആലപ്പുഴ: ആറു മാസം മുന്‍പ് ധ്യാനത്തിന് ഹിമാലയത്തിലേയ്ക്ക് പോയ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. അമ്പലപ്പുഴ സ്വദേശി സൂരജ് രാജീവാണ് (36) മരിച്ചത്. യുവാവിന്റെ ശരീരാവശിഷ്ടങ്ങള്‍ ബദരീനാഥ് ക്ഷേത്രത്തിന്റെ മുകളില്‍ നാരായണപര്വതത്തിലാണ് കണ്ടെത്തിയത്. കമ്പ്യൂട്ടര്‍ എന്‍ജിനീയറിംഗ് പഠനത്തിനു ശേഷമാണ് ഇയാള്‍ ആത്മീയതയിലേയ്ക്ക് തിരിഞ്ഞത്.
നാരായണപര്‍വതത്തിന് മുകളിലെ ഗുഹക്കരികില്‍നിന്ന് ഇദ്ദേഹത്തിന്റെ ശരീരാവശിഷ്ടങ്ങളും ജഢ, വള, വസ്ത്രം തുടങ്ങിയവയും കണ്ടെത്തിയതായി രണ്ടുദിവസം മുന്‍പാണ് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. സംസ്കാരം തിങ്കളാഴ്ച ബദരീനാഥില്‍ അച്ഛന് രാജീവിന്റെ സാന്നിധ്യത്തില്‍ നടന്നു. എക്സൈസ് വകുപ്പില്‍ റിട്ട. സര്‍ക്കിള്‍ ഇന്‍സ്പെക്ടറും ആത്മീയപ്രവര്‍ത്തകനുമായ അമ്പലപ്പുഴ പടിഞ്ഞാറേനട കൃഷ്ണനിലയത്തില്‍ ടിആര്‍ രാജീവിന്റെയും അമ്പലപ്പുഴ തെക്ക് ഗ്രാമപ്പഞ്ചായത്തംഗവും ശ്രീകൃഷ്ണസ്വാമി ക്ഷേത്രോപദേശക സമിതി പ്രസിഡന്റുമായ സുഷമാ രാജീവിന്റെയും മകനാണ്. കിരണ്‍ രാജീവ്(കാനഡ), രോഷ്നി(കുവൈത്ത്) എന്നിവരാണ് മരണപ്പെട്ട സൂരജിന്റെ സഹോദരങ്ങള്‍.
അമേരിക്കയിലെ പഠനകാലത്താണ് സൂരജ് ഓണ്‍ലൈനിലൂടെ സന്ന്യാസമേഖലയിലെ നിരവധി പേരുമായി ബന്ധം സ്ഥാപിക്കുന്നത്. പഠനശേഷം ആത്മീയവഴി തെരഞ്ഞെടുക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. കഴിഞ്ഞവര്‍ഷം ജൂണിലാണ് സൂരജ് വീട്ടിലെത്തി മടങ്ങിയത്. സെപ്തംബറിലാണ് അവസാനമായി വീട്ടിലേക്ക് വിളിച്ച് ബദരീനാഥിലേക്ക് പോകുന്നതായി അറിയിച്ചത്.
നവംബറില്‍ ബദരീനാഥ് ക്ഷേത്രത്തില്‍ നടയടച്ചപ്പോള്‍ അവിടെയുണ്ടായിരുന്ന എല്ലാവരും മലയിറങ്ങി. എന്നാല്‍, സൂരജ് നാരായണപര്‍വതത്തിലേക്ക് പോകുകയായിരുന്നു. ഈമാസം 10ന് ബദരീനാഥില്‍ നട തുറന്നപ്പോള്‍ സൂരജിനെ കാണാതായതോടെ മറ്റുള്ളവര്‍ അന്വേഷിച്ചു. അങ്ങനെയാണ് നാരായണപര്‍വതത്തിന് മുകളിലായി ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
Discussion about this post