തൃക്കുന്നപ്പുഴ: വിവാഹം നിശ്ചയിച്ച പത്തൊമ്പതുകാരിയായ പെണ്‍കുട്ടി കാമുകനോടൊപ്പം ഇറങ്ങിപ്പോയതിനെ ചൊല്ലിയുള്ള തര്‍ക്കം പോലീസ് സ്‌റ്റേഷന്‍ വളപ്പില്‍ കൈയ്യാങ്കളിയായി. ആലപ്പുഴയിലെ തൃക്കുന്നപ്പുഴ പോലീസ് സ്റ്റേഷനിലാണ് സംഭവം. പെണ്‍കുട്ടിയുടെയും കാമുകന്റെയും കുടുംബാംഗങ്ങളാണ് ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് എത്തിയതിനിടെ തമ്മില്‍ തല്ലിയത്. ഇതിനിടെ കുടുംബാംഗങ്ങളെ പിടിച്ച് മാറ്റാനെത്തിയ പോലീസ് ഉദ്യോഗസ്ഥന് പരിക്കുമേറ്റത് രംഗം വഷളാക്കി. സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
കൈയ്ക്ക് പരുക്കേറ്റ സിവില്‍ പോലീസ് ഓഫീസര്‍ സജാഹുദ്ദീനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അറിസ്റ്റിലായ മൂന്നുപേരിലെ പ്രായപൂര്‍ത്തിയാകാത്ത യുവതിയുടെ സഹോദരനെ മാത്രം പോലീസ് വിട്ടയച്ചു. ആറാട്ടുപുഴ സ്വദേശിയുമായുള്ള തന്റെ വിവാഹം രജിസ്റ്റര്‍ ചെയ്യാനാവശ്യമായ രേഖകള്‍ വീട്ടുകാര്‍ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ടാണ് പെണ്‍കുട്ടി പോലീസിനെ സമീപിച്ചത്.
പെണ്‍കുട്ടിയുടെ ആവശ്യപ്രകാരം പോലീസ് കുടുംബാംഗങ്ങളെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി. യുവാവിന്റെ ബന്ധുക്കളും സ്റ്റേഷനില്‍ എത്തിയിരുന്നു. തുടര്‍ന്ന് രേഖകള്‍ വീട്ടിലല്ലെന്ന് പറഞ്ഞതോടെ യുവതിയുടെ വീട്ടുകാരെ സ്റ്റേഷനില്‍ നിന്ന് ആദ്യം പറഞ്ഞുവിട്ടു. കുറച്ച് സമയത്തിന് ശേഷമാണ് യുവാവിന്റെ വീട്ടുകാര്‍ സ്റ്റേഷനില്‍നിന്നും പോയത്. എന്നാല്‍ സ്റ്റേഷന് പുറത്ത് കാത്തുനിന്ന യുവതിയുടെ വീട്ടുകാര്‍ യുവതിയെയും മറ്റുള്ളവരെയും ആക്രമിക്കുകയായിരുന്നു.
Discussion about this post