ചാരുമൂട്: രാത്രിയില്‍ വീട്ടില്‍ അതിക്രമിച്ച് കയറി ഒറ്റയ്ക്ക് താമസിക്കുന്ന എഴുപത്തഞ്ചുകാരിക്ക് നേരെ വധശ്രമം. ആലപ്പുഴ ജില്ലയിലെ ചുനക്കര തെരുവില്‍ മുക്കില്‍ കന്നിമേല്‍ കെഒ മാത്യുവിന്റെ ഭാര്യ പൊന്നമ്മ മാത്യു (75) വിന് നേരെയാണ് ക്രൂരമായ ആക്രമണം ഉണ്ടായത്. തൊട്ടടുത്തുള്ള മുസ്ലിം പള്ളിയില്‍ നിന്നും റംസാന് തറാവിഹ് നിസ്ക്കാരം കഴിഞ്ഞ് പോവുകയായിരുന്ന നിലവിളി കേട്ടെത്തിയവരാണ് ഇവരെ രക്ഷിച്ചത്. ഇക്കഴിഞ്ഞ മേയ് പതിനേഴിനായിരുന്നു സംഭവം.
ചുനക്കര നിവാസിയും വിദേശത്ത് ഉള്‍പ്പടെ ഒട്ടേറെ കേസുകളിലെ പ്രതിയുമായ സാം ഏബ്രഹാം എന്ന സാമു ആണ് വൃദ്ധയെ അതിക്രൂരമായി ആക്രമിച്ചതെന്ന് പരാതിയില്‍ പറയുന്നു. സ്ഥിരം ക്രിമിനലും യുഎഇയില്‍ ഡ്രഗ്സ്, ഗ്യാംബ്ളിങ്ങ് (ചൂതാട്ടം) സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട് പല ഘട്ടങ്ങളിലെ ജയില്‍ ശിക്ഷയ്ക്കു ശേഷം നാടുകടത്തപ്പെട്ട വ്യക്തിയുമാണ് സാം ഏബ്രഹാം എന്ന സാമു.
ഇയാള്‍ പൊന്നമ്മ മാത്യു താമസിക്കുന്ന വീട്ടില്‍ അതിക്രമിച്ച് കടന്ന് അവരെ കസേരയില്‍ നിന്നും ചവിട്ടിത്താഴെയിടുകയും മുഖത്തും തലയിലും വയറിലും ചവിട്ടുകയും ആയുധം കൊണ്ട് പരിക്കേല്‍പ്പിക്കുകയും വധിക്കാന്‍ ശ്രമിക്കുകയും ചെയ്യുകയായിരുന്നു. നിസ്കാരം കഴിഞ്ഞവന്നവരും നാട്ടുകാരും ഓടിക്കൂടി പ്രതിയെ തടയുകയും സ്ഥലത്തെ പഞ്ചായത്ത് മെമ്പറിന്റെയും മണ്ഡലം പ്രസിഡന്റിന്റെയും നേതൃത്വത്തില്‍ പ്രതിയെ നൂറനാട് പോലീസിന് രാത്രിയില്‍ത്തന്നെ കൈമാറുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ പൊന്നമ്മ മാത്യുവിനെ മാവേലിക്കര താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അതേസമയം, സംഭവത്തില്‍ പോലീസ് പ്രതിയെ സഹായിക്കുന്ന സമീപനമാണ് കൈക്കൊണ്ടതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ആലപ്പുഴ ജില്ലയില്‍ മാവേലിക്കര സിഐ, ചെങ്ങന്നൂര്‍ ഡിവൈഎസ്പിയുടെ പരിധിയില്‍ പെടുന്ന നൂറനാട് പോലീസ് സംഭവത്തില്‍ കേസെടുക്കാതെ അന്നു തന്നെ പ്രതിയെ പറഞ്ഞു വിടുകയും പ്രതി സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം വിട്ടുകൊടുക്കുകയും ചെയ്തു.
പിന്നീട് മാവേലിക്കര സിഐയോട് പൊന്നമ്മ മാത്യു ഫോണില്‍ പരാതി പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് അടുത്തദിവസം വൈകിട്ട് പോലീസ് ആശുപത്രിയിലെത്തി അവരുടെ മൊഴിയെടുക്കാന്‍ തയ്യാറായത്. പക്ഷേ സംഭവം നടന്ന് ഒന്നരയാഴ്ചയ്ക്കു ശേഷവും കേസെടുക്കാത്തതിനാല്‍ പ്രതി പുറത്തു തന്നെയാണ്. അദ്ദേഹത്തിനെതിരെ കേസെടുക്കാനോ ചോദ്യം ചെയ്യാനൊ കോടതിയില്‍ ഹാജരാക്കാനോ പോലീസ് മുതിര്‍ന്നിട്ടില്ല. ഇയാളുടെ സൈ്വരവിഹാരം പ്രദേശത്തെ കുട്ടികളും സ്ത്രീകളും ഉള്‍പ്പടെയുള്ളവരുടെ ഉറക്കം കളയുകയാണ്.
മുമ്പും പലപ്രാവശ്യം പ്രതി ഇവരുടെ വീടിനു നേരെ ആക്രമണം നടത്തുകയും ആയുധങ്ങളുമായി അതിക്രമിച്ചു വീട്ടില്‍ കയറുകയും ചെയ്തിട്ടുണ്ട്. ഈ സംഭവങ്ങളില്‍ നൂറനാട്, കുറത്തികാട്, മാവേലിക്കര സ്റ്റേഷനുകളിലും, വനിതാ കമ്മീഷനിലും പല പരാതികളും നിലവിലുണ്ട്. ഇനി മേലാല്‍ അവിടെ പ്രശ്നമുണ്ടാക്കില്ല എന്ന് സ്റ്റേഷനുകളില്‍ എഴുതി ഒപ്പിട്ടു നല്‍കിയാണ് പ്രതി സാം ഏബ്രഹാം അന്നൊക്കെ പുറത്തിറങ്ങിയത്.
ആക്രമിക്കപ്പെട്ട പൊന്നമ്മ മാത്യുവിന്റെ ഭര്‍ത്താവും പ്രവാസിയുമായ കെഒ മാത്യുവിനെ പ്രതിയായ സാം ഏബ്രഹാം പല തവണ യുഎഇയില്‍ വച്ച് ആക്രമിക്കാന്‍ ശ്രമിക്കുകയും, അതിന്റെ പേരില്‍ യുഎഇയില്‍ പല കേസുകളും നേരിടുകയും ചെയ്തിരുന്നു.
പിന്നീട് മറ്റു പല കടുത്ത കേസുകളിലും ഉള്‍പ്പെട്ട് നാടുകടത്തപ്പെട്ട് കേരളത്തിലെത്തിയ പ്രതി വീണ്ടും ഫോണിലൂടെ കെഒ മാത്യുവിനെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്യുന്നത് പതിവാക്കിയിരുന്നു. വൃദ്ധനായ മാത്യുവിന് കേരളത്തിലെത്തി പരാതി നല്‍കാനും ഭയമാണ്. ഒരു പക്ഷേ സാം വധിക്കാന്‍ പോലും ശ്രമിച്ചേക്കാം എന്ന ഭയത്തിലാണ് ഈ കുടുംബം. പ്രതി സാമിനെതിരെ അടിയന്തിര നടപടിയെടുക്കാന്‍ നൂറനാട് പോലീസും സര്‍ക്കാരും തയ്യാറാവണമെന്നാണ് ഇരകളുടെ ഇപ്പോഴത്തെ അടിയന്തിരമായ ആവശ്യം.
Discussion about this post