കെവിന്‍ കൊലപാതകം പുറം ലോകം അറിഞ്ഞിട്ട് ഇന്നേക്ക് ഒരു വര്‍ഷം; സിനിമാ രംഗങ്ങളെയും നോവലുകളെയും വെല്ലുന്ന യാഥാര്‍ഥ്യങ്ങള്‍ക്ക് പ്രബുദ്ധ കേരളം സാക്ഷിയായതിന്റെ നടുക്കം മനസാക്ഷിയുള്ള മലയാളികള്‍ക്ക് വിട്ടുമാറിയിട്ടില്ല

കോട്ടയം: കേരളത്തെ കണ്ണീരില്‍ ആഴ്ത്തിയ കെവിന്‍ കൊലപാതകം പുറം ലോകം അറിഞ്ഞിട്ട് ഇന്ന് ഒരു വര്‍ഷം തികയുന്നു. സിനിമാ രംഗങ്ങളെയും നോവലുകളെയും വെല്ലുന്ന യാഥാര്‍ഥ്യങ്ങള്‍ക്ക് പ്രബുദ്ധ കേരളം സാക്ഷിയായതിന്റെ നടുക്കം മനസാക്ഷിയുള്ള മലയാളികള്‍ക്ക് വിട്ടുമാറിയിട്ടില്ല.

2018 മെയ് 24-നാണ് കോട്ടയത്ത് ബിരുദവിദ്യാര്‍ഥിനിയായ നീനു കെവിനെ വിവാഹം കഴിക്കുന്നത്. രജിസ്റ്റര്‍ ഓഫീസില്‍ വെച്ച് വിവാഹിതയായ വിവരം നീനു തന്നെയാണ് വീട്ടുകാരെ വിളിച്ച് അറിയിച്ചത്. പിറ്റേന്ന് നീനുവിന്റെ വീട്ടുകാര്‍ പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തി. രജിസ്റ്റര്‍ വിവാഹത്തിന്റെ രേഖകള്‍ പോലീസിനെ കാണിച്ചിട്ടും നീനുവിനെയും കെവിനെയും ഉദ്യോഗസ്ഥര്‍ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. വീട്ടുകാരോടൊപ്പം പോകാനാണ് നീനുവിനോട് പോലീസ് നിര്‍ദ്ദേശിച്ചത്. അതിന് വിസമ്മതിച്ചതോടെ ബലംപ്രയോഗിച്ച് നീനുവിനെ അവിടെ നിന്ന് കൊണ്ടുപോകാന്‍ വീട്ടുകാര്‍ ശ്രമിച്ചു. ബഹളം കേട്ട് ആളുകള്‍ കൂടിയതോടെ വീട്ടുകാര്‍ പിന്‍വാങ്ങി.

തുടര്‍ന്ന് മെയ് 27നാണ് മാന്നാത്ത് നിന്നും പ്രതികളായ ഷാനുവും സംഘവും കെവിനെ തട്ടിക്കൊണ്ട് പോകുന്നത്. പിന്നാക്ക വിഭാഗത്തില്‍ പെട്ടതിന്റെ പേരിലായിരുന്നു നീനുവിന്റെ ബന്ധുക്കള്‍ കെവിനെ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് മെയ് 28ന് പുലര്‍ച്ചെ തെന്മലയില്‍ നിന്ന് കെവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

കെവിനൊപ്പം തട്ടിക്കൊണ്ടു പോയ അനീഷിനെ സംഘം അന്ന് തന്നെ വിട്ടയച്ചിരുന്നു. അനീഷ് ഏറ്റുമാനൂര്‍ പോലീസില്‍ പരാതിപ്പെട്ടെങ്കിലും നടപടി വൈകിയത് ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി. കേസിലുള്‍പ്പെട്ട ഷാനു, അച്ഛന്‍ ചാക്കോ എന്നിവരുള്‍പ്പെടെ 14 പേരെയും ഉടന്‍ അറസ്റ്റ് ചെയ്തു. കോടതിയില്‍ നിന്ന് നീതി ലഭിക്കുമെന്നാണ് കെവിന്റെ കുടുംബത്തിന്റെ പ്രതീക്ഷ. ദുരഭിമാനക്കൊലയാണെന്ന പ്രോസിക്യൂഷന്‍ വാദിച്ച കേസില്‍ അതിവേഗവിചാരണ കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നടക്കുകയാണ്.

നീനു കെവിന്റെ വീട്ടില്‍ നിന്ന് ബിരുദപഠനം പൂര്‍ത്തിയാക്കി ഇപ്പോള്‍ എംഎസ്ഡബ്ലുവിന് പഠിക്കുകയാണ്. കേരളത്തിന് പുറത്തുള്ള സ്ഥാപനത്തിലാണ് നീനു പഠിക്കുന്നത്. അതിനാല്‍ ഒന്നാം വാര്‍ഷികത്തിന് നീനു കോട്ടയത്തില്ല. സംസ്ഥാനസര്‍ക്കാരാണ് നീനുവിന്റെ പഠനചിലവ് വഹിക്കുന്നത്. എന്നാല്‍ നീനു ആഗ്രഹിക്കുന്നത് വരെ പഠിപ്പിക്കാന്‍ കെവിന്റ കുടുംബം തയ്യാറാണ്.

കേസിലെ വിചാരണക്കിടയില്‍ ചില സാക്ഷികള്‍ കൂറുമാറിയെങ്കിലും ഇതൊന്നും കെവിന്റ കുടുംബത്തെ ആശങ്കപ്പെടുത്തുന്നില്ല. അടുത്തമാസം ആറിന് വിചാരണ പൂര്‍ത്തിയാക്കാനാണ് കോടതി നിര്‍ദ്ദേശം. വീട് വയ്ക്കാന്‍ സര്‍ക്കാര്‍ നല്‍കിയ പണം ഉപയോഗിച്ച് കെവിന്റ കുടുംബം സ്ഥലം വാങ്ങിയിട്ടുണ്ട്. ഇനി വീട് വയ്ക്കണം.

Exit mobile version