തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ആദ്യ യുഡിഎഫ് യോഗം ഇന്ന് ; ആലപ്പുഴ മണ്ഡലത്തിലെ പരാജയം യോഗം പ്രത്യേകം ചര്‍ച്ച ചെയ്യും

തിരുവനന്തപുരം: പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേടിയ വന്‍ വിജയത്തിന് ശേഷം ആദ്യ യുഡിഎഫ് യോഗം ഇന്ന് ചേരും. രാവിലെ 11 മണിക്ക് ചേരുന്ന യോഗത്തില്‍ പത്തൊമ്പത് മണ്ഡലങ്ങളിലെ വിജയത്തിന്റെ ചര്‍ച്ചയാണ് നടക്കുക, ഒപ്പം ആലപ്പുഴ മണ്ഡലത്തിലെ തോല്‍വിയും യോഗത്തില്‍ ചര്‍ച്ചക്ക് വിദേയമാവും.

2019 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മികച്ച വിജയമാണ് യുഡിഎഫ് കാഴ്ചവെച്ചത്. ഇരുപതില്‍ പത്തൊമ്പത് സീറ്റിലും ആധിപത്യം ഉറപ്പിച്ച് യുഡിഎഫ് മുന്നേറിയത് ഇടതിന്റെ കോട്ടകള്‍ പോലും തകര്‍ത്താണ്. വര്‍ഷങ്ങാളി ആധിപത്യം നിലനിര്‍ത്തിയ ഇടത് മുന്നണിയുടെ ഉറച്ച കോട്ടകളില്‍ പോലും അപ്രതീക്ഷിത മുന്നേറ്റമാണ് യുഡിഎഫ് ഉണ്ടാക്കിയത്. പത്തൊമ്പത് മണ്ഡലങ്ങളിലും വിജയിച്ച യുഡിഎഫിന് പ്രതിപക്ഷ നേതാവിന്റെ മണ്ഡലം ഉള്‍പ്പെടുന്ന ആലപ്പുഴയില്‍ മാത്രമാണ് അടിപതറിയത്.

വരുന്ന ഉപതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളും യോഗത്തിന്റെ അജണ്ടയില്‍ ഉണ്ട്. ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകളില്‍ നിയമ നടപടികളിലേക്ക് മുന്നണി നീങ്ങിയേക്കും. ലോക്‌സഭ തെരഞ്ഞെടുപ്പ് കാലത്ത് തന്നെ യുഡിഎഫ് വോട്ടര്‍ പട്ടികയില്‍ ക്രമക്കേടുകള്‍ ഉണ്ടെന്ന് ആരോപിച്ചിരുന്നു.

യുഡിഎഫ് അനുകൂല വോട്ടുകള്‍ വ്യാപകമായി വെട്ടിമാറ്റി എന്നാണ് യുഡിഎഫിന്റെ പരാതി. ഇതിനൊപ്പം കേരള കോണ്‍ഗ്രസ് എമ്മിലെ പ്രശ്‌നങ്ങളില്‍ മുന്നണി ഇടപെടണോ എന്നതും യോഗം ചര്‍ച്ച ചെയ്യും

Exit mobile version