കടക്കാരന്റെ ചെറിയ അശ്രദ്ധയില്‍ തകര്‍ന്നടിഞ്ഞത് അഞ്ജുവിന്റെ ജീവിതം; കാഴ്ച നഷ്ടപ്പെട്ട മകളുടെ അവസ്ഥയില്‍ മനംനൊന്ത് മാതാപിതാക്കളും

കെഎസ്ആര്‍ടിസി ബസ്സില്‍ യാത്ര ചെയ്യവേ റോഡിലേക്ക് നീണ്ടുനിന്ന ഇരുമ്പ് പൈപ്പ് ഇടതു കണ്ണില്‍ തറഞ്ഞു കയറിയാണ് ജോയിയുടെ മകള്‍ ഇരുപത്തിനാലുകാരിയായ അഞ്ജുവിന്റെ കാഴ്ച നഷ്ടപ്പെട്ടത്

ചെങ്ങന്നൂര്‍: അബോധാവസ്ഥയിലും ഹൃദ്രോഗിയായ അമ്മയോട് തനിക്ക് കാഴ്ച നഷ്ടപ്പെട്ട വിവരം പറയല്ലേ എന്നാണ് മകള്‍ പറഞ്ഞിരുന്നതെന്ന് കണ്ണുകള്‍ നിറഞ്ഞ് ജോയി പറയുന്നു. കെഎസ്ആര്‍ടിസി ബസ്സില്‍ യാത്ര ചെയ്യവേ റോഡിലേക്ക് നീണ്ടുനിന്ന ഇരുമ്പ് പൈപ്പ് ഇടതു കണ്ണില്‍ തറഞ്ഞു കയറിയാണ് ജോയിയുടെ മകള്‍ ഇരുപത്തിനാലുകാരിയായ അഞ്ജുവിന്റെ കാഴ്ച നഷ്ടപ്പെട്ടത്.

എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന അഞ്ജുവിന് ഇതുവരെ ചെലവായത് ഒരുലക്ഷം രൂപയോളമാണ്. കാഴ്ച വീണ്ടെടുക്കാന്‍ ഒരു ശസ്ത്രക്രിയ കൂടി വേണ്ടി വന്നേക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍ കുടുംബത്തിന്റെ ചെലവും അഞ്ജുവിന്റെ അമ്മയുടെ ചെലവും ശസ്‌ക്രിയയ്ക്ക് വേണ്ടുന്ന ചെലവും എല്ലാം കൂടി ഓര്‍ക്കുമ്പോള്‍ എന്തു ചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കുകയാണ് ജോയി.

ചങ്ങനാശ്ശേരിയിലെ സ്വകാര്യ ആയുര്‍വേദ ക്ലിനിക്കില്‍ നഴ്‌സ് ആയിരുന്ന അഞ്ജു മേയ് ഏഴിന് ജോലി കഴിഞ്ഞ്് വീട്ടിലേക്ക് മടങ്ങവേയാണ് സംഭവം. ചെങ്ങന്നൂര്‍ ബസ് സ്റ്റാന്‍ഡില്‍ ഇറങ്ങാന്‍ എഴുന്നേല്‍ക്കുന്നതിനിടെ അഞ്ജുവിന്റെ കണ്ണിലേക്ക് സമീപത്തെ ബേക്കറിയിലേക്ക് വെയിലടിക്കാതിരിക്കാന്‍വേണ്ടി പടുത കെട്ടിയ കമ്പി തുളച്ച് കയറുകയായിരുന്നു. ‘പെട്ടെന്ന് ബസ് ബ്രേക്ക് പിടിച്ചതും കണ്ണിലേക്ക് എന്തോ തറഞ്ഞുകയറിയതും മാത്രമേ ഓര്‍മയുള്ളൂ. പിന്നെ, ബോധം വരുമ്പോള്‍ ആശുപത്രിയിലാണ്. എന്താണ് സംഭവിച്ചതെന്ന് അറിഞ്ഞില്ല.’- അഞ്ജു പറഞ്ഞു.

അപകടത്തില്‍ അഞ്ജുവിന്റെ ഇടതു കണ്ണിന്റെ ഞരമ്പുകള്‍ പൊട്ടിപ്പോവുകയും ബസിലെ വീഴ്ചയില്‍ തലയോട്ടിക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കണ്ണിലും തലയ്ക്കും കടുത്തവേദനയാണ് എപ്പോഴും. ഗുളിക കഴിച്ചിട്ടുപോലും രാത്രിയില്‍ ഉറക്കം നന്നായി കിട്ടുന്നില്ലെന്ന് അഞ്ജു പറയുന്നു. കണ്ണില്‍നിന്ന് ഇപ്പോഴും ചോര പൊടിയുന്നതിനാല്‍ മുറിവ് കരിഞ്ഞിട്ടില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

സെപ്തംബറില്‍ അഞ്ജുവിന്റെ കല്യാണം തീരുമാനിച്ചിരിക്കുകയാണ്. അതിനിടെയാണ് കുടുംബത്തെ ഒന്നടങ്കം തളര്‍ത്തിയ അപകടമുണ്ടായത്. രണ്ട് പശുക്കളെ വളര്‍ത്തിയാണ് കുടുംബത്തിന്റെ ഉപജീവനം. ഹൃദയശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്ന അഞ്ജുവിന്റെ അമ്മ അമ്മിണിക്ക് മരുന്നിന് മാസംതോറും നല്ലൊരു തുക ചെലവാകുന്നുണ്ട്.

അതിനിടെ അഞ്ജുവിന്റെ കാഴ്ച വീണ്ടെടുക്കാന്‍ ശസ്ത്രക്രിയക്കായി ആവശ്യമായ പണം കണ്ടെത്താനാവാതെ ബുദ്ധിമുട്ടുകയാണ് ഈ നിര്‍ധന കുടുംബം. സംഭവം കഴിഞ്ഞ് 19 ദിവസമായിട്ടും വാര്‍ഡ് കൗണ്‍സിലര്‍ ഒഴികെയുള്ള ജനപ്രതിനിധികള്‍ ആരും തിരിഞ്ഞു നോക്കിയിട്ടില്ലെന്നും സഹായവും വാഗ്ദാനം ചെയ്തിട്ടില്ലെന്നും അഞ്ജുവിന്റെ അച്ഛന്‍ പറയുന്നു.

Exit mobile version