കൊച്ചി: ആലുവ ഇടയാറിലെ ശുദ്ധീകരണ ശാലയിലേക്ക് കൊണ്ടു വന്ന സ്വര്‍ണ്ണം കവര്‍ന്ന കേസില്‍, സ്വര്‍ണം കവര്‍ന്നതായി പ്രതികള്‍ സമ്മതിച്ചു. ആലുവ സ്വര്‍ണ്ണക്കവര്‍ച്ച കേസില്‍ പിടിയിലായ നാലു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. അതേസമയം സ്വര്‍ണ്ണം കണ്ടെത്താന്‍ ശ്രമം തുടരുന്നതായി പോലീസ് അറിയിച്ചു. അറസ്റ്റിലുള്ള തൊടുപുഴ സ്വദേശി ബിപിന്‍ ജോര്‍ജ്ജിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കവര്‍ച്ചയുടെ ആസൂത്രകന്‍ അടക്കം നാല് പേരെ പോലീസ് പിടികൂടിയത്.
സ്വര്‍ണ ശുദ്ധീകരണ കമ്പനിയിലെ മുന്‍ ജീവനക്കാരനായ സതീഷാണ് കേസിലെ മുഖ്യപ്രതി. ഇവിടെ ഡ്രൈവറായി ജോലി നോക്കുകയായിരുന്നു ഇയാള്‍. കൂട്ടുപ്രതികളായ സനീഷ്, നസീബ്, രാജേഷ് എന്നിവരെ കഴിഞ്ഞ ദിവസമാണ് പോലീസ് പിടികൂടിയത്. മൂന്നാറിലെ വനത്തില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതികളെ ഏറ്റുമുട്ടലിലൂടെ പോലീസ് കീഴടക്കുകയായിരുന്നു. ഏറ്റുമുട്ടലിനിടയില്‍ രണ്ട് പ്രതികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മുഖ്യപ്രതി സതീഷിനെ പോലീസ് നേരത്തെ പിടികൂടിയിരുന്നു.
മെയ് പത്തിന് രാവിലെയാണ് ആലുവ ഇടയാറിലെ സ്വര്‍ണ്ണ സുദ്ധീകരണ ശാലയിലേക്ക് കൊണ്ടുവന്ന 21 കിലോ സ്വര്‍ണ്ണം വാഹനം ആക്രമിച്ച ശേഷം കൊള്ളയടിച്ചത്. ആറ് കോടി രൂപ മൂല്യമുള്ള സ്വര്‍ണ്ണമായിരുന്നു ഇത്. കവര്‍ച്ചയിലൂടെ എടുത്ത സ്വര്‍ണ്ണം ഒളിപ്പിച്ച ശേഷമാണ് പ്രതികള്‍ ഒളിവില്‍ പോയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കേസിലെ മുഴുവന്‍ പ്രതികളും പിടിയിലായി. അതേസമയം സ്വര്‍ണ്ണം കണ്ടെത്താനുള്ള ശ്രമവും പോലീസ് തുടരുന്നുണ്ട്. കുറ്റം പ്രതികള്‍ സമ്മതിച്ചതായും പോലീസ് അറിയിച്ചു.
Discussion about this post