ഇത് പത്ര-ദൃശ്യ മാധ്യമ ധര്‍മ്മമല്ല, നികൃഷ്ടമായ വേട്ടയാടലാണ്! വാക്കുകള്‍ വളച്ചൊടിക്കുന്ന മുഖ്യധാര മാധ്യമങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി മന്ത്രി എകെ ബാലന്‍

എന്നാല്‍ താന്‍ നല്‍കിയ മറുപടി മറ്റ് മാധ്യമങ്ങള്‍ വളച്ചൊടിച്ചപ്പോള്‍ കൈരളി ചാനല്‍ സത്യസന്ധതയോടെ വാര്‍ത്ത നല്‍കിയെന്നും മന്ത്രി കുറിപ്പില്‍ എടുത്ത് പറയുന്നുണ്ട്

തിരുവനന്തപുരം: മുഖ്യധാര മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി എകെ ബാലന്‍. താന്‍ പറഞ്ഞ വാക്കുകളെ വളച്ചൊടിച്ചുവെന്ന് ആരോപിച്ചാണ് അദ്ദേഹം രംഗത്തെത്തിയത്. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയായിരുന്നു രോഷം അറിയിച്ചത്. ഇത് പത്ര-ദൃശ്യ മാധ്യമ ധര്‍മ്മമല്ല നികൃഷ്ടമായ വേട്ടയാടലാണെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം കുറിപ്പ് ആരംഭിക്കുന്നത്.

ഈ കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിലെ പരാജയ കാരണം മാധ്യമങ്ങള്‍ ആരാഞ്ഞപ്പോള്‍ അതിന് താന്‍ നല്‍കിയ മറുപടി മുഖ്യധാര മാധ്യമങ്ങള്‍ വളച്ചൊടിച്ച് നല്‍കുകയായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. കഥാപ്രസംഗ കലാസംഘടനയുടെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനായി തിരുവനന്തപുരത്തെ ഭാരത് ഭവനില്‍ എത്തിയ സമയത്താണ് തന്നോട് മാധ്യമപ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ഉന്നയിച്ചതെന്നും അദ്ദേഹം പറയുന്നുണ്ട്.

എന്നാല്‍ താന്‍ നല്‍കിയ മറുപടി മറ്റ് മാധ്യമങ്ങള്‍ വളച്ചൊടിച്ചപ്പോള്‍ കൈരളി ചാനല്‍ സത്യസന്ധതയോടെ വാര്‍ത്ത നല്‍കിയെന്നും മന്ത്രി കുറിപ്പില്‍ എടുത്ത് പറയുന്നുണ്ട്. കൈരളി ചാനലില്‍ വന്ന വാര്‍ത്തയുടെ വീഡിയോ സഹിതമാണ് മന്ത്രി എകെ ബാലന്റെ വിമര്‍ശനം. വിവാദമായ എ വിജയരാഘവന്റെ തെരഞ്ഞെടുപ്പ് പരാമര്‍ശത്തെ സംബന്ധിച്ച് മാധ്യമങ്ങള്‍ ചോദിച്ച ഘട്ടത്തില്‍ നല്‍കിയ മറുപടിയാണ് മാധ്യമങ്ങള്‍ വക്രീകരിച്ച് നല്‍കിയതെന്നും മന്ത്രി കുറിച്ചു.

‘പത്ര-ദൃശ്യ മാധ്യമങ്ങള്‍ വക്രികരിച്ച് പ്രചരിപ്പിച്ച ഒരു പ്രസ്ഥാവനയായിരുന്നു എ വിജയരാഘവന്റേതും, ഇത് മറ്റു പല നുണപ്രചരണങ്ങളുടെയും ഭാഗമാണ്. അതിലുണ്ടായ തെറ്റിദ്ധാരണ എ വിജയരാഘവന്‍ തന്നെ വ്യക്തമാക്കിയിട്ടും അദ്ദേഹത്തെ മാധ്യമങ്ങള്‍ വേട്ടയാടി ‘ഇതും വോട്ടര്‍മാരെ സ്വാധിനിച്ചിട്ടുണ്ടാവാം’ ഇതായിരുന്നു എന്റെ പരാമര്‍ശം’ ഇതാണ് താന്‍ പറഞ്ഞതെന്നും എന്നാല്‍ ”എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പികെ ബിജുവിന്റെ പരാജയ കാരണം വിജയരാഘവന്റെ പരാമര്‍ശം” എന്ന തലത്തിലാണ് ദൃശ്യമാധ്യമങ്ങളില്‍ വാര്‍ത്ത വന്നതെന്നും അദ്ദേഹം പറയുന്നു. ഇത് തീര്‍ത്തും കെട്ടിച്ചമച്ചതാണെന്നും, ഇനിയെങ്കിലും മാധ്യമങ്ങള്‍ ഈ പ്രവണത അവസാനിപ്പിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

ഇത് പത്ര ദൃശ്യ മാധ്യമ ധര്‍മ്മമല്ല നികൃഷ്ടമായ വേട്ടയാടലാണ്, ഈ കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പില്‍ ചില പത്ര ദൃശ്യമാധ്യമങ്ങള്‍ നടത്തിയ വൃത്തികെട്ട പ്രചരണത്തിന്റെ മറ്റൊരു മുഖമാണ് ഇന്നത്തെ എന്റെ പരാമര്‍ശ്ശവുമായി ബന്ധപ്പെട്ട് ചില ദൃശ്യമാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്.

കഥാപ്രസംഗ കലാസംഘടനയുടെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനായി തിരുവനന്തപുരത്തെ ഭാരത് ഭവനില്‍ എത്തിയ ഘട്ടത്തിലാണ് വലിയ ഒരു മാധ്യമപ്പട എന്നെ കാണുന്നത് .ഈ കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിലെ പരാജയ കാരണം മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമായി ഞാന്‍ പറഞ്ഞ മറുപടി കൈരളി ന്യൂസ് ചാനല്‍ സത്യസന്ധമായി സംപ്രേക്ഷണം ചെയ്തിട്ടുണ്ട്. വിവാദമായ എ.വിജയരാഘവന്റെ തിരെഞ്ഞെടുപ്പു ഘട്ടത്തിലെ പരാമര്‍ശ്ശത്തെ സംബന്ധിച്ച് മാധ്യമങ്ങള്‍ ചോദിച്ച ഘട്ടത്തില്‍ ഞാന്‍ പറഞ്ഞ കാര്യം ഇതായിരുന്നു.

പത്ര-ദൃശ്യ മാധ്യമങ്ങള്‍ വക്രികരിച്ച് പ്രചരിപ്പിച്ച ഒരു പ്രസ്ഥാവനയായിരുന്നു എ.വിജയരാഘവന്റെതും. ഇത് മറ്റു പല നുണപ്രചരണങ്ങളുടെയും ഭാഗമാണ്. അതിലുണ്ടായ തെറ്റിദ്ധാരണ എ.വിജയരാഘവന്‍ തന്നെ വ്യക്തമാക്കിയിട്ടും അദ്ദേഹത്തെ മാധ്യമങ്ങള്‍ വേട്ടയാടി . ‘ഇതും വോട്ടര്‍മാരെ സ്വാധിനിച്ചിട്ടുണ്ടാവാം’ ഇതായിരുന്നു എന്റെ പരാമര്‍ശ്ശം . ഇതിനെയാണ് ചില ദൃശ്യമാധ്യമങ്ങള്‍ വൃത്തികെട്ട രീതിയില്‍ പ്രചരിപ്പിച്ചത്. ”എല്‍.ഡി.എഫ്.സ്ഥാനാര്‍ത്ഥി പി.കെ.ബിജുവിന്റെ പരാജയ കാരണം വിജയരാഘവന്റെ പരാമര്‍ശം” എന്ന രൂപത്തില്‍ ദ്യശ്യ മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത പൂര്‍ണമായും തെറ്റാണ് കെട്ടിചമച്ചതാണ്. ഇനിയെങ്കിലും മാധ്യമങ്ങള്‍ ഈ പ്രവണത അവസാനിപ്പിക്കണം

Exit mobile version