തിരുവനന്തപുരം: റോഡരികില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്ക് നേരെ സാമൂഹ്യ വിരുദ്ധരുടെ വ്യാപക ആക്രമണം. തിരുവനന്തപുരം കഴക്കൂട്ടം മുതല്‍ തൃപ്പാദം വരെയുള്ള റോഡില്‍ നിര്‍ത്തിയിട്ടിരുന്ന നിരവധി വാഹനങ്ങളാണ് ഇതുവരെ സാമൂഹ്യവിരുദ്ധര്‍ തകര്‍ത്തത്. ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം.
ബൈക്കുകളിലെത്തിയ സംഘമാണ് വാഹനങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയത്. വാഹനങ്ങളുടെ ചില്ലുകള്‍ കല്ലെറിഞ്ഞും അടിച്ചും തകര്‍ക്കുകയായിരുന്നു. റോഡരികിലുണ്ടായിരുന്ന ബൈക്കുകള്‍ ഇവര്‍ മറിച്ചിടുകയും ചെയ്തു. കഴക്കൂട്ടം ഗവ. ഹൈസ്‌കൂള്‍ പരിസരത്ത് നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ ബസ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ വാഹനങ്ങളും സാമൂഹ്യ വിരുദ്ധരുടെ അക്രമത്തില്‍ തകര്‍ന്നിട്ടുണ്ട്.
ഏകദേശം രണ്ടുമണിക്കൂറോളമാണ് ഇവര്‍ ഈ മേഖലയില്‍ അഴിഞ്ഞാടിയത്. സംഭവത്തില്‍ നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് പ്രതികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചു. ഞായറാഴ്ച പുലര്‍ച്ചെയുണ്ടായ അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. രാത്രികാല പട്രോളിങ് ശക്തമാക്കിയെന്ന് പോലീസ് അവകാശപ്പെടുമ്പോഴും ഇത്തരത്തില്‍ അക്രമങ്ങള്‍ പതിവാകുന്നത് നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
Discussion about this post