പുല്‍പ്പള്ളി: വയനാട് പുല്‍പ്പള്ളിയില്‍ വാക്കു തര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസിയായ യുവാവിനെ വെടിവെച്ച് കൊന്ന കേസിലെ പ്രതി ചാര്‍ളി പിടിയിലായി. കര്‍ണാടക വനത്തില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. കൊലപാതകം നടത്തിയ ശേഷം ഇയാള്‍ കാട്ടിലേക്ക് രക്ഷപ്പെട്ടിരുന്നു.
വെള്ളിയാഴ്ച രാത്രിയാണ് സ്ഥലത്തിന്റെ അതിര്‍ത്തിയെ തുടര്‍ന്നുള്ള തര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസികളായ രണ്ടുപേരെ ചാര്‍ളി വെടിവെച്ചത്. സംഭവത്തില്‍ പുല്‍പ്പള്ളി കാപ്പിസൈറ്റ് കാട്ടുമാക്കേല്‍ നിധിന് പത്മന് മരണപ്പെടുകയും മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. നിധിനൊപ്പം വെടിയേറ്റ പിതൃസഹോദരന് കിഷോര്‍ ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്. ലൈസന്‍സില്ലാത്ത നാടന്‍ തോക്ക് ഉപയോഗിച്ചാണ് ചാര്‍ളി ഇവരെ വെടിവച്ചതെന്ന് പോലീസ് പറയുന്നു.
കര്‍ണാടക വനത്തിലേക്ക് കടന്ന ചാര്‍ളിക്കായി നാട്ടുകാരും പോലീസും സംയുക്തമായാണ് തെരച്ചില്‍ നടത്തിയത്. കാട്ടില്‍ വര്‍ഷങ്ങളായി സഞ്ചരിച്ച് പരിചയമുള്ള ഇയാള്‍ക്ക് വിവിധ മൃഗങ്ങളെ വേട്ടയാടിയ കേസില്‍ പ്രതി കൂടിയാണ്. കര്‍ണാടകയിലും ഇയാള്‍ക്കെതിരെ നിരവധി കേസുകളുണ്ടെന്നും പോലീസ് അറിയിച്ചു.
Discussion about this post