തിരുവനന്തപുരം: ബന്ധുനിയമനമെന്ന അടിസ്ഥാനമില്ലാത്ത ആരോപണവുമായി മുസ്ലിം ലീഗ് മന്ത്രി കെടി ജലീലിനെ വേട്ടയാടുന്നത് മലപ്പുറം ജില്ലയില്‍ തന്നെ ലീഗിന്റെ അടിവേരിളകാന്‍ തുടങ്ങിയതോടെയെന്ന് റിപ്പോര്‍ട്ട്. പിതൃസഹോദരനായ കെടി അദീപിന് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി കൂടിയായ കെടി ജലീല്‍ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ അനധികൃതമായി നിയമനം നല്‍കിയെന്നാണ് യൂത്ത് ലീഗിന്റെയും മുസ്ലിം ലീഗിന്റെയും ആരോപണം.
എന്നാല്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ച് പത്രവാര്‍ത്ത നല്കി, ഏഴുപേരുടെ അഭിമുഖം നടത്തിയിട്ടും യോഗ്യരായവരെ കിട്ടാതെ വന്നപ്പോഴാണ് ന്യൂനപക്ഷ ധനകാര്യ കോര്പ്പറേഷന് ജനറല്‍ മാനേജരായി തന്റെ ബന്ധുവാണെങ്കിലും മതിയായ യോഗ്യതയുള്ള അദീപിനെ ഡെപ്യൂട്ടേഷനില്‍ നിയമിച്ചതെന്ന് മന്ത്രി ആവര്‍ത്തിച്ചു പറയുന്നു. ഉയര്‍ന്ന ജോലിയില്‍ തുടരുകയായിരുന്ന അദീപ് ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷനില്‍ നിയമനം നേടിയത് അനധികൃതമായെന്ന ആരോപണം യുക്തി രഹിതമാണെന്ന് മന്ത്രി തന്നെ വിശദീകരിക്കുന്നു.
അതേസമയം, മലപ്പുറം ജില്ലയില്‍ എല്‍ഡിഎഫിനും കെടി ജലീലിനും വര്‍ധിച്ചുവരുന്ന ജനപിന്തുണയും വിശ്വാസ്യതയും കൂടെ ചോരുന്ന ലീഗിന്റെ വോട്ട് ബാങ്കുമാണ് അനാവശ്യമായ വിവാദങ്ങള്‍ സൃഷ്ടിച്ച് വാര്‍ത്തകളില്‍ ഇടം നേടാന്‍ ലീഗിനെ പ്രേരിപ്പിക്കുന്നതെന്നും ആരോപണമുയരുന്നുണ്ട്. യുഡിഎഫിനെ സോളാര്‍ കേസ് വീണ്ടും തിരിച്ചടിക്കുകയും ശബരിമല വിഷയം വേണ്ട വിധത്തില്‍ രാഷ്ട്രീയപരമായി തുണയ്ക്കാതെയും വന്നതോടെ മന്ത്രി ജലീലിനെതിരെ ആരോപണമുയര്‍ത്തി രക്ഷാകവചം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ് മുന്നണി ഇപ്പോള്‍. കൂടാതെ അദീപിന്റെ രാഷ്ട്രീയത്തെ പോലും സംശയദൃഷ്ടിയില്‍ നിര്‍ത്തുന്ന പ്രചാരണങ്ങളും ലീഗിന്റെ ഭാഗത്തു നിന്നും ഉണ്ടാവുന്നുണ്ട്.
വെല്‍ഫെയര്‍ പാര്‍ട്ടി യൂണിറ്റ് സെക്രട്ടറിയായിരുന്നു അദീപിന്റെ പിതാവ്, അതിനാല്‍ തന്നെ മന്ത്രി വെല്‍ഫെയര്‍ പാര്‍ട്ടിക്കായി കയ്യയച്ച് സഹായം നല്‍കുകയാണെന്നാണ് എതിരാളികളുടെ നുണപ്രചാരണം. എന്നാല്‍ എസ്എഫ്ഐയുടെ നേതൃത്വത്തിലുള്ള എഞ്ചിനീയറിങ് സംഘടനയായ ‘ടെക്നോസിന്റെ’ സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗവും എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയും ആയിരുന്ന കെടി അദീപിനെ പിതാവിന്റെ രാഷ്ട്രീയത്തില്‍ കൂട്ടി കെട്ടി, മന്ത്രി ഇടതുപക്ഷക്കാരല്ലാത്ത സ്വന്തക്കാരെ സഹായിക്കുന്നു എന്ന് പറഞ്ഞു സോഷ്യല്‍ മീഡിയയിലൂടെയും മാധ്യമങ്ങളിലൂടെയും വ്യക്തിഹത്യ നടത്താനും ലീഗ് മുതിരുകയാണ്.
പതിറ്റാണ്ടുകളായി ന്യൂനപക്ഷ വകുപ്പ് കൈകാര്യം ചെയ്തിട്ടും യുഡിഎഫ് കക്ഷിയായ
മുസ്ലിം ലീഗിന് ന്യൂനപക്ഷ ക്ഷേമത്തിന് കാര്യമായ പദ്ധതികള്‍ ആവിഷ്കരിക്കാനായിരുന്നില്ല. അതിനാല്‍ തന്നെ മലപ്പുറം ജില്ലയിലെ ഭൂരിപക്ഷം വരുന്ന ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട ജനങ്ങള്‍ അമര്ഷരുമായിരുന്നു. തുടര്‍ന്ന് ലീഗിനെ കൈവിട്ട ജനങ്ങളാണ് കെടി ജലീലിനെ നിയമസഭയിലേക്ക് തെരഞ്ഞെടുത്ത് അയച്ചത്. പികെ കുഞ്ഞാലിക്കുട്ടിയെന്ന മുസ്ലിം ലീഗിന്റെ അനിഷേധ്യ നേതാവിനെ പരാജയപ്പെടുത്തി 2006ലാണ് കെടി ജലീല്‍ എന്ന പുതുമുഖം എല്‍ഡിഎഫ് സ്വതന്ത്ര്യനായി നിയമസഭയിലേക്ക് ജയിച്ചുകയറിയത്. ഒരിക്കലും എതിരാളികളില്ലായെന്ന് കരുതിയ മണ്ഡലത്തില്‍ നേരിട്ട പരാജയം മുസ്ലിം ലീഗിന്റെ പതനത്തിന്റെ തുടക്കം തന്നെയായിരുന്നു. പിന്നീട് ലീഗിനും യുഡിഎഫ് മുന്നണിക്കും വെല്ലുവിളിക്കാന്‍ പോലും സാധിക്കാത്ത തരത്തില്‍ കെടി ജലീല്‍ ശക്തമായ സാന്നിധ്യമായി വളരുകയായിരുന്നു.
2006ല്‍ എംഎല്‍എയായ കെടി ജലീല്‍ ഒരു നിയമസഭാ പുതുമുഖത്തിന്റെ പരിചയക്കുറവ് ഏതുമില്ലാതെയാണ് നാടിനായി നേട്ടങ്ങളുണ്ടാക്കിയത്. 2011ലും പിന്നീട് 2016ലും തവനൂരില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട കെടി ജലീല്‍ എല്‍ഡിഎഫ് മന്ത്രിസഭയില്‍ ന്യൂനപക്ഷകാര്യ വകുപ്പ് മന്ത്രിയായി ചുമതലയേറ്റു. ഇതിന് പിന്നാലെ പലപ്പോഴായി മുടങ്ങിക്കിടന്ന പല ക്ഷേമ പദ്ധതികള്‍ക്കും പുതുജീവന്‍ നല്കി പൂര്‍ത്തീകരിച്ചു. ഒപ്പം പുതിയ പദ്ധതികള്‍ ആവിഷ്കരിക്കുകയും നടപ്പിലാക്കുകയും ചെയ്തു. ജനങ്ങള്‍ക്കിടയില്‍ ഏറെ സ്വാധീനമുണ്ടാക്കിയ മന്ത്രി മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വന്നേട്ടമുണ്ടാക്കിയതിനു പിന്നിലെയും നിര്‍ണായക ശക്തിയായി.
ഇത്രയും നാളും തങ്ങള്‍ കുത്തകയാക്കി വെച്ചിരുന്ന മുസ്ലിം സമുദായം മന്ത്രി ജലീലിനു പിന്നില്‍ അണിനിരന്നത് ലീഗിന് വലിയ തിരിച്ചടിയായി. യുഡിഎഫ് മന്ത്രിസഭയില്‍ അഞ്ച് മന്ത്രിമാരും 20ഓളം എംഎല്‍എമാരും ഉണ്ടായിട്ടും ലീഗിന് കാര്യമായി ജനക്ഷേമത്തിനായി ചെയ്യാന്‍ സാധിച്ചിരുന്നില്ല. ജനങ്ങളുടെ കണ്ണില്‍പൊടിയിട്ട് വോട്ട് നേടാന്‍ മാത്രം മിടുക്ക് കാണിച്ചിരുന്ന ലീഗിന് ജനക്ഷേമത്തെ കുറിച്ച് വലിയ ചിന്തകളില്ലായിരുന്നു.
എന്നാല്‍, ലീഗിന് തിരിച്ചറിവ് നല്‍കുന്നതിനായി നിരവധി ക്ഷേമ പദ്ധതികളാണ് മന്ത്രി കുറഞ്ഞ കാലയളവില്‍ തയ്യാറാക്കി നടപ്പാക്കിയത്. മദ്രസ്സാ ക്ഷേമനിധി ബോര്‍ഡ് രൂപീകരണം, മദ്രസ അധ്യാപകര്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ പരിശീലനം, മൈനോറിറ്റി റിസര്‍ച്ച് സെന്റര്‍ സ്ഥാപിച്ചു,നിരവധി ഭവന നിര്‍മ്മാണ പദ്ധതികള്‍, മഹല്ല് ശാക്തീകരണത്തിന് മഹല്‍ സോഫ്റ്റ്വെയര്, പത്തില്‍ പരം വിദ്യാഭ്യാസ സ്കോളര്‍ഷിപ്പുകള്‍,പ്രീ മാരിറ്റര്‍ കൗണ്‍സിലിങ് സെന്ററുകള്‍, ഹജ്ജ് എംബര്‍ക്കേഷന്‍ പോയിന്റ് കരിപ്പൂരില്‍ പുനഃസ്ഥാപിച്ചു, വഖഫ് തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക ഇടപെടല്‍, കൂടാതെ മുസ്ലിം സംഘടനകള്‍ക്ക് വിശ്വസ്തമായ പൊതു പ്ലാറ്റ്ഫോം ആയി പ്രവര്‍ത്തിക്കാനും മന്ത്രിക്കായി. ഇവയെല്ലാം മന്ത്രിയെന്ന നിലയില്‍ കെടി ജലീലിന്റെ നേട്ടങ്ങളുടെ ചെറിയ ഉദാഹരണം മാത്രം. ജനങ്ങളുടെ വിശ്വാസവും തങ്ങളിലൊരാളെന്ന് ജനങ്ങള്‍ മന്ത്രിയെ വിശേഷിപ്പിക്കുന്നതും അദ്ദേഹത്തിന്റെ നേട്ടങ്ങളുടെ മാറ്റ് കൂട്ടുന്നു.
എന്നാല്‍ മന്ത്രിയുടെ ഈ പ്രവര്‍ത്തനങ്ങള്‍ വൈകാതെ മുസ്ലിം ലീഗിന്റെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യുമെന്ന ഘട്ടത്തിലെത്തിയതോടെയാണ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ് ബന്ധുനിയമനമെന്ന ആരോപണവുമായി കെടി ജലീലിനെ വേട്ടയാടാനെത്തിയത്.
എല്‍ഡിഎഫിന് വ്യക്തമായ സ്ഥാനം മലപ്പുറം ജില്ലയില്‍ ഉണ്ടാക്കിയെടുക്കാന്‍ സാധിച്ചത് യുഡിഎഫ് ചേരിക്ക് അത്രരസിച്ച മട്ടില്ല. ഇതാണ് മന്ത്രിക്കെതിരെ വിവാദക്കാറ്റ് അഴിച്ചുവിട്ട് ആടിനെ പിട്ടിയാക്കാനും പട്ടിയെ പേപ്പട്ടിയാക്കി തല്ലിക്കൊല്ലാനും ശ്രമിക്കുന്ന വൃഥാ ശ്രമത്തിന് പിന്നില്‍.
പതിറ്റാണ്ടുകളായി മുസ്ലിം ലീഗിന് ചെയ്യാന്‍ സാധിക്കാത്ത ന്യൂനപക്ഷ ക്ഷേമത്തിനായുള്ള പദ്ധതികള്‍ കെടി ജലീല്‍ ആവിഷ്കരിക്കുകയും നടപ്പാക്കുകയും ചെയ്യുന്നതില്‍ വിറളിപൂണ്ട് മുസ്ലിം ലീഗ് കാണിച്ചു കൂട്ടുന്ന കോപ്രായമാണ് ഇതെന്ന് മലപ്പുറത്തെ ജനങ്ങള്‍ക്ക് ആണയിടാനാകും.
Discussion about this post