തലശ്ശേരി: രാത്രി കാല അപകടങ്ങള്‍ ഇപ്പോള്‍ തുടര്‍ക്കഥയാവുകയാണ്. എത്രയേറെ നിര്‍ദേശങ്ങള്‍ നല്‍കിയാലും ചിലതൊന്നും പാലിക്കപ്പെടുന്നില്ലെന്നതാണ് വാസ്തവം. രാത്രികാല യാത്രകളില്‍ എന്നും വില്ലനാവുന്ന ഒന്നാണ് ഉറക്കം. എത്രയൊക്കെ ഉണര്‍ന്നിരുന്നാലും ഒരു നിമിഷമെങ്കിലും കണ്ണ് അടഞ്ഞ് പോകുന്നവര്‍ ഉണ്ട്. എന്നാല്‍ പോലും മറ്റുള്ളവര്‍ക്ക് മുന്‍പില്‍ താഴ്ന്നു പോകുമോ എന്ന ചിന്തയില്‍ ഉറക്കം തള്ളി മുന്‍പോട്ട് കുതിക്കുകയാണ് ചെയ്യുന്നത്.
എന്നാല്‍ പതിഞ്ഞിരിക്കുന്ന അപകടം ഇവര്‍ കാണുന്നില്ല എന്നതാണ് വാസ്തവം. ഉറക്കം വില്ലനായ ഒരുപാട് യാത്രകള്‍ നമുക്ക് മുന്‍പില്‍ ഉദാഹരണമായി നില്‍ക്കുമ്പോഴും നാം നിസാര ഈഗോയുടെ പേരില്‍ വീണ്ടും അപകടം ക്ഷണിച്ചുവരുത്തുകയാണ്. കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ നടന്ന വാഹനാപകടത്തില്‍ നാല് മലയാളികളുടെ ജീവനാണ് പൊലിഞ്ഞത്. ഏറെ വേദനിപ്പിക്കുന്നത് കല്യാണം കഴിഞ്ഞ് പോയ ആദ്യയാത്രയിലാണ് ദമ്പതികള്‍ മരണപ്പെട്ടത് എന്നാണ്. രണ്ട് ദമ്പതികളാണ് യാത്രയില്‍ മരണപ്പെട്ടത്. ഒരാളുടെ കല്യാണം ഒരാഴ്ച മുന്‍പാണ് നടന്നത്.
സുഹൃത്തുക്കളായ രണ്ട് പേര്‍ തങ്ങളുടെ ഭാര്യമാരെയും കൂട്ടി ബംഗളൂരുവിലേയ്ക്ക് പോയതായിരുന്നു. രാത്രി യാത്രയില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ കാര്‍ വന്ന് ഇടിച്ച് മൂന്ന് പേര്‍ തല്‍ക്ഷണം മരിക്കുകയായിരുന്നു. ഒരാള്‍ ആശുപത്രിയിലേയ്ക്കുള്ള യാത്രാമധ്യേയാണ് മരണപ്പെട്ടത്. കേരളക്കരയെ തന്നെ ഞെട്ടിപ്പിക്കുന്ന അപകടം കൂടിയായിരുന്നു അത്. ഇപ്പോള്‍ ആ അപകടത്തിന്റെ കാരണം ഡ്രൈവര്‍ ഉറങ്ങി പോയി എന്നതാണ്. സംഭവത്തില്‍ അപകടത്തിന്റെ കാരണവും മറ്റും വെളിപ്പെടുത്തിയിരിക്കുകയാണ് സുഹൃത്തുക്കള്‍. ഇത്തരം അപകടങ്ങള്‍ ഇനി ഉണ്ടാവാതിരിക്കാനും പാലിക്കേണ്ട നിര്‍ദേശങ്ങളും ജാഗ്രതയും പങ്കുവെയ്ക്കുന്നുണ്ട്. വിഷ്ണു എന്ന യുവാവാണ് നൊമ്പരപ്പെടുത്തുന്ന കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
കണ്ണിലേക്ക് ആഴ്ന്നിറങ്ങുന്ന ഉറക്കത്തെ അവഗണിച്ച് ഡ്രൈവ് ചെയ്യാന്‍ തീരുമാനിക്കുന്നവരുടെ കണ്ണ് തുറപ്പിക്കുന്നതാണ് കുറിപ്പ്. ഉറക്കം വരുന്നു എന്ന് തോന്നിയാല്‍ ഒരു ഈഗോയും കാണിക്കാതെ വണ്ടി സൈഡാക്കി കുറച്ച് നേരം ഉറങ്ങിയാല്‍ ആരും നിങ്ങളെ കുറ്റം പറയില്ലെന്ന് വിഷ്ണു പറയുന്നു. അതുപോലെ തന്നെ ഒരു വില്ലനാണ് ഉറക്കം. ഉറക്കം വരുമ്പോള്‍ കൂടെ ഉള്ളവര്‍ എന്ത് വിചാരിക്കും എന്ന് കരുതുന്നവരും, ഉറക്കം ഒന്നും എനിക്ക് ഒരു പ്രശ്‌നമല്ല എന്ന് മറ്റുള്ളവരുടെ മുന്നില്‍ വീമ്പ് പറഞ്ഞ് ഞാന്‍ വല്യ പുള്ളിയാണെന്ന് കാണിക്കുന്നവരും ഒന്ന് ചിന്തിക്കുക നിങ്ങളുടെ ഈഗോയ്ക്കും വീമ്പിനും ബലിയാടാവുന്നത് നിങ്ങള്‍ മാത്രമല്ല. നിങ്ങളുടെ കൂടെ സഞ്ചരിക്കുന്നവരും എതിരെ വരുന്ന വാഹനത്തില്‍ സഞ്ചരിക്കുന്നവരും റോഡില്‍ നടക്കുന്നവരും നില്‍ക്കുന്നവരും ഒക്കെ ആണെന്നും വിഷ്ണു കുറിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
ഒരു വലിയ പോസ്റ്റാണ്… സമയമുണ്ടെങ്കില്‍ വായിക്കുക… പിയ ഫോട്ടോഗ്രാഫര്‍ സുഹൃത്ത് കിരണിനും ഭാര്യ ജിന്‍സിക്കും നവ ദമ്പതിമാര്‍ ജയദീപിനും തീര്‍ത്ഥക്കും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ട് പറയട്ടെ… പ്രിയ സുഹൃത്തുക്കളെ… ദീര്‍ഘദൂര യാത്രകളില്‍ കഴിവതും ഒരു പ്രൊഫെഷണല്‍ ഡ്രൈവറെ കൂടെ കൂട്ടുകാരെ. നിങ്ങള്‍ സ്വന്തം വാഹനത്തില്‍ സ്വയം ഡ്രൈവ് ചെയ്ത് രാത്രി യാത്ര യാണ് പോകുന്നതെങ്കില്‍ ഒന്നോര്‍ക്കുക. കഴിവതും 8-9 മണിക്കുള്ളില്‍ നിങ്ങളുടെ അത്താഴം കഴിക്കുക. അതും വളരെ ലൈറ്റായി എന്തെങ്കിലും. കഴിവതും അരി ഭക്ഷണം ഒഴിവാക്കുക. ശേഷം വണ്ടി ഓടിക്കുമ്പോള്‍ ഉറക്കം വരുന്നു എന്ന് തോന്നിയാല്‍ ഒരു കടുംകാപ്പിയോ ചായയോ കുടിച്ചശേഷം മുഖം തണുത്ത വെള്ളത്തില്‍ കഴുകി യാത്ര തുടരുക. വീണ്ടും ഉറക്കം വരുന്നു എന്ന് തോന്നിയാല്‍ ഒരു ഈഗോയും കാണിക്കാതെ വണ്ടി സൈഡാക്കി കുറച്ച് നേരം ഉറങ്ങുക. ആരും നിങ്ങളെ കളിയാക്കില്ല.
പിന്നെ തമിഴ്‌നാട്ടിലും കര്‍ണാടകയിലും കൊള്ളക്കാര്‍ നിങ്ങളുടെ വണ്ടി നിരീക്ഷിക്കും, മോഷ്ടിക്കാന്‍ ശ്രമിക്കും, അപകടത്തില്‍ പെടുത്തും, എന്നൊക്കെ ഫേസ്ബുക്കില്‍ പരന്നു വരുന്നുണ്ട്. 10 ശതമാനം മാത്രം അതില്‍ സത്യമുണ്ടാവും. ബാക്കി 90 ശതമാനം അപകടങ്ങളും ശ്രദ്ധക്കുറവും ഉറക്കവും ധാര്‍ഷ്ട്യവും മൂലം ഉണ്ടാവുന്നത് തന്നെയാണ്. കാരണം കേരളത്തില്‍ 99 ശതമാനം മൂന്ന് വരി നാലുവരി പാതകളിലും സ്പീഡ് ക്യാമറ വെച്ചിട്ടുണ്ട്. അതുപോലെ ബാക്കി കുറേ കുണ്ടും കുഴിയും ഉള്ള നാട്ടിന്‍പുറങ്ങളിലെ റോഡുകളും. ഇതില്‍ നിന്നൊക്കെ വ്യത്യസ്തമായാണ് തമിഴ്‌നാട് കര്‍ണാടക സംസ്ഥാനങ്ങളിലെ റോഡുകള്‍. ഒട്ടുമിക്ക ഹൈവേകളും നല്ല വീതിയും പരപ്പും ഉള്ളവയാണ്. അത് കാണുമ്പോള്‍ മലയാളികളില്‍ ഉറങ്ങിക്കിടക്കുന്ന ഡ്രൈവര്‍ സിംഹങ്ങള്‍ സടകുടഞ്ഞ് ഉണരും. പിന്നെ എങ്ങനെ വണ്ടി 150-160 ല്‍ എത്തിക്കാം എന്നുള്ള ഗവേഷണം തുടങ്ങും. എങ്ങാനും ഒരു വണ്ടി ഓവര്‍ടേക്ക് ചെയ്ത് പോയാല്‍ പിന്നെ അതിനെ തിരിച്ചും ഓവര്‍ടേക്ക് ചെയ്ത് നിന്നെക്കാള്‍ വലിയ പുലിയാണ് ഞാന്‍ എന്ന് കാണിക്കാതെ മനസ്സിന് ഒരു സമാധാനവും ഉണ്ടാവില്ല. സമീപ കാലത്ത് കോയമ്പത്തൂര്‍ – സേലം A2B റെസ്റ്റോറന്റിന് മുന്നില്‍ റൂട്ടില്‍ ഒരു ആള്‍ട്ടോ കാര്‍ ഡിവൈഡറിന് മുകളിലൂടെ കേറി ഓപ്പോസിറ്റ് ട്രാക്കില്‍ വന്ന ലോറിയുമായി ഇടിച്ചു തകര്‍ന്നത് ഞങ്ങളുടെ കണ്മുന്നിലാണ്.
ആ അപകടത്തിന് കാരണം ആള്‍ട്ടോയെ ഓവര്‍ടേക് ചെയ്ത് പോയ Creta ക്ക് പുറകേ ഓവര്‍ടേക് ചെയ്യാന്‍ പാഞ്ഞതിന്റെ പരിണിത ഫലമായിരുന്നു. സ്വന്തം വണ്ടിയുടെ കണ്ടീഷന്‍ എന്താണ് അതില്‍ എത്ര സ്പീഡില്‍ വരെ പോയാല്‍ കണ്‍ട്രോള്‍ കിട്ടും എന്നൊന്നും ചിന്തിക്കാതെ കാല്‍ ആക്സിലേറ്ററില്‍ അമര്‍ത്തരുത് എന്നതിന് വ്യക്തമായ ഉദാഹരണമാണ് അത്. അതുപോലെ തന്നെ ഒരു വില്ലനാണ് ഉറക്കം. ഉറക്കം വരുമ്പോള്‍ കൂടെ ഉള്ളവര്‍ എന്ത് വിചാരിക്കും എന്ന് കരുതുന്നവരും, ഉറക്കം ഒന്നും എനിക്ക് ഒരു പ്രശ്‌നമല്ല എന്ന് മറ്റുള്ളവരുടെ മുന്നില്‍ വീമ്പ് പറഞ്ഞ് ഞാന്‍ വല്യ പുള്ളിയാണെന്ന് കാണിക്കുന്നവരും ഒന്ന് ചിന്തിക്കുക നിങ്ങളുടെ ഈഗോയ്ക്കും വീമ്പിനും ബലിയാടാവുന്നത് നിങ്ങള്‍ മാത്രമല്ല. നിങ്ങളുടെ കൂടെ സഞ്ചരിക്കുന്നവരും എതിരെ വരുന്ന വാഹനത്തില്‍ സഞ്ചരിക്കുന്നവരും റോഡില്‍ നടക്കുന്നവരും നില്‍ക്കുന്നവരും ഒക്കെ അതില്‍ പെടും. പൊലിയുന്നത് അവരുടെ കൂടെ സ്വപ്നങ്ങളും ജീവിതവുമാണ്. ഉറക്കം വില്ലനായി വരുന്ന സമയം കൂടുതലും പുലര്‍ച്ചെ 2 മണിക്കും 5മണിക്കും ഇടയില്‍ ഉള്ള സമയത്താണ്.
നടന്നിരുന്ന അപകടങ്ങളുടെ സമയങ്ങള്‍ പരിശോധിച്ചാല്‍ മനസ്സിലാവും. കാരണം സാധാരണ ഒരു മനുഷ്യന്‍ ഗാഢമായി ഉറങ്ങുന്ന സമയമാണ് ഈ നാല് മണിക്കൂറുകള്‍. അതുകൊണ്ട് തന്നെ ഈ നാല് മണിക്കൂറുകള്‍ എത്ര പ്രൊഫഷണല്‍ ഡ്രൈവര്‍മാരാണെങ്കിലും സൂക്ഷിക്കണം. കണ്ണടഞ്ഞു പോകുക, കോട്ടുവാ വരുക, കഴിഞ്ഞ ദിവസങ്ങളിലെ കാര്യങ്ങള്‍ ഒക്കെ മനസ്സില്‍ ഓര്‍മ വരുക, AC യിലും കഴുത്തിനു ചുറ്റും വിയര്‍ക്കുക ഇതൊക്കെ ഉറക്കം വരുന്നതിന്റെ ലക്ഷണമാണ്. അങ്ങനെ തോന്നല്‍ ഉണ്ടായാല്‍ ഒന്ന് സമയം ശ്രദ്ധിക്കുക. ഏതെങ്കിലും ഒരു പെട്രോള്‍ പമ്പോ, ആളുകള്‍ ഉള്ള common സ്ഥലങ്ങളിലോ വണ്ടി സൈഡാക്കി ചുരുങ്ങിയത് ഒരു മണിക്കൂറെങ്കിലും ഉറങ്ങുക. ഇത് നിങ്ങള്‍ ചെയ്താല്‍ കൂടെ ഉള്ളവര്‍ ആരും നിങ്ങളെ കളിയാക്കില്ല മറിച്ച് അവര്‍ നിങ്ങളെപ്പറ്റി നല്ലത് മാത്രമേ ചിന്തിക്കൂ.
പിന്നെ കൊല-കൊള്ളക്കാര്‍. ഞാന്‍ മുകളില്‍ പറഞ്ഞ 10 ശതമാനം അപകടങ്ങള്‍ കരുതിക്കൂട്ടി ചെയ്യുന്നതാണ്. പൊതുവെ വിജനമായ സ്ഥലത്ത് വച്ചാണ് അതുപോലുള്ള അപകടങ്ങളും കൊലകളും കൊള്ളയും നടക്കുന്നത്. നിങ്ങളുടെ വണ്ടിയിലെ റിയര്‍ വ്യൂ മിറര്‍ തുറന്ന് വച്ചു തന്നെ വണ്ടി ഓടിക്കുക. രാത്രി യാത്രയില്‍ വിജനമായ സ്ഥലങ്ങളില്‍ റോഡില്‍ നോക്കി ഓടിക്കുന്നതിനോടൊപ്പം മിററിലും കൂടി ശ്രദ്ധിച്ച് ഓടിക്കുക.
*പിന്നില്‍ ബൈക്കില്‍ വന്നു ടയറില്‍ കാറ്റില്ല പഞ്ചറാണ് എന്നൊക്കെ പറഞ്ഞാലും നിര്‍ത്തരുത് ( ഇപ്പോള്‍ ഇറങ്ങുന്ന ട്യൂബ്ലെസ്സ് ടയറുകള്‍ കാറ്റില്ലെങ്കിലും കുറച്ച് ദൂരം ഒക്കെ ഓടും ) ചിലപ്പോള്‍ പഞ്ചറൊന്നും ഉണ്ടാവില്ല വണ്ടി നിര്‍ത്താന്‍ വേണ്ടി മാത്രമായിരിക്കും അവര്‍ പറയുന്നത്.* പെയിന്റ്, മുട്ട ഒക്കെ ഗ്ലാസ്സില്‍ എറിഞ്ഞാല്‍ പെട്ടെന്നുള്ള ഞെട്ടലില്‍ Sprayer wiper ഇടരുത്. മുട്ട മുന്നിലെ ഗ്ലാസ്സില്‍ വീണാല്‍ sprayer വൈപ്പര്‍ ഇട്ടാല്‍ അത് വെള്ളം കൂടി ചേര്‍ന്ന് പതഞ്ഞ് കാഴ്ച മറയ്ക്കും.* ദുരൂഹമായി ഏതെങ്കിലും വണ്ടിയോ ആളുകളോ ശ്രദ്ധയില്‍ പെട്ടാല്‍ കുറച്ച് സ്പീഡ് കൂട്ടി അടുത്തുള്ള പോലീസ് aid പോസ്റ്റില്‍ നിര്‍ത്തി വിവരം അറിയിക്കുക. *അടുത്തെങ്ങും aid post ഇല്ലെങ്കിലും പേടിക്കണ്ട ഓരോ 2 കിലോമീറ്ററിലും നാഷണല്‍ ഹൈവെയില്‍ ഇടത് വശത്ത് ഹെല്‌പ്ലൈന്‍ നമ്പര്‍ അടങ്ങുന്ന ബോര്‍ഡ് ഉണ്ടാവും. ആ നമ്പറില്‍ വിളിച്ചു വിവരം അറിയിക്കുക
*നിങ്ങളെ പിന്തുടരുന്നു അല്ലെങ്കില്‍ നിരീക്ഷിക്കുന്നു എന്ന് സംശയിക്കുന്ന വാഹനത്തിന്റെ നമ്പര്‍ കുറിച്ചെടുക്കുക ( നമ്പര്‍ തെറ്റോ ശരിയോ കുറിച്ചെടുക്കുക) * കഴിവതും വണ്ടികളില്‍ dashbord camera ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ശ്രമിക്കുക. അധിക ചിലവായി കരുതണ്ട. സുരക്ഷക്ക് വേണ്ടിയാണ് എന്ന് കരുതിയാല്‍ മതി വല്‍ക്കഷ്ണം – ഇതൊക്കെ നിങ്ങള്‍ക്ക് തള്ളാം, കൊള്ളാം… അത് നിങ്ങളുടെ ഇഷ്ടം. ഞാന്‍ ഒരു cinematographer /വെഡിങ് ഫോട്ടോഗ്രാഫര്‍ ആണ്. കഴിഞ്ഞ 7 വര്‍ഷങ്ങളായി തമിഴ്നാട്ടിലും കര്‍ണാടകയിലും രാത്രിയും പകലും വ്യത്യാസമില്ലാതെ ഒറ്റക്കും കുടുംബമായും യാത്ര ചെയ്യുന്ന ആളാണ് ഞാന്‍. എനിക്ക് ഇത് വരെ ഒരു അപകടവും നടന്നിട്ടില്ല. എന്നെ ‘കൊന്നു കൊള്ളയടിക്കാനും ‘ ആരും ശ്രമിച്ചിട്ടില്ല. ഉറക്കം വന്നാല്‍ ടോളിലോ അല്ലെങ്കില്‍ നല്ല ഒരു പെട്രോള്‍ പമ്പിലോ ചായക്കടക്ക് മുന്നിലോ വണ്ടി ഒതുക്കി കിടന്നുറങ്ങും. ക്ഷീണം മാറുമ്പോള്‍ അന്തസ്സായി വണ്ടി എടുത്ത് പോകും. സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട…
Discussion about this post