പാലക്കാട്: മുഴുവന്‍ ജീവനക്കാരും സ്ത്രീകളായ ഒരു റെയില്‍വേ സ്റ്റേഷന് ഉണ്ട് കേരളത്തില്‍. സ്റ്റേഷനിലെ ഡെപ്യൂട്ടി സ്റ്റേഷന് മാസ്റ്റര്‍ മുതല്‍ ഷണ്ടിങ് സ്റ്റാഫ് വരെ ഡ്യൂട്ടിയിലുണ്ടായിരുന്നത് മുഴുവന്‍ പേരും വനിതകളായിരുന്ന ആ സ്റ്റേഷന് ഒലവക്കോട് റെയില്‍വേ സ്റ്റേഷനാണ്.
പ്രധാനമായും ഏഴ് ജീവനക്കാരുള്ളതില്‍ ആറും വനിതകള്‍. ഷണ്ടിങ് മാസ്റ്റര്‍ രാജന് മാത്രമായിരുന്നു റെയില്‍വേ സ്റ്റേഷനിലുണ്ടായിരുന്ന ഏകപുരുഷന്‍.
യാത്രക്കാര്‍ക്കൊപ്പം മറ്റ് ജീവനക്കാര്‍ക്കും കൗതുകമായിരുന്നു ഇത്രയും വനിതകളെ ഒരേ ദിനത്തില്‍ ഒരുമിച്ച് ഡ്യൂട്ടിയില്‍ കണ്ടപ്പോള്ഉണ്ടായത്. തികച്ചും യാദൃച്ഛികമായി ഇത്തരത്തിലൊരു ഡ്യൂട്ടി വന്നുചേര്‍ന്നതിന്റെ കൗതുകം ആദ്യം പങ്കുവെച്ചതും ഈ വനിതാജീവനക്കാര്‍ തന്നെയായിരുന്നു.
ഡെപ്യൂട്ടി സ്റ്റേഷന് മാസ്റ്റര്‍ പി ലക്ഷ്മിപ്രിയ, സ്റ്റേഷന് മാസ്റ്റര്‍മാരായ വികെ ഷീജ, പിജി ആശ, ഷണ്ടിങ് ജീവനക്കാരായ പിഎസ് രാജപ്രിയ, കെആര്‍ ജിജി, കെഎച്ച് സൈറാഭാനു എന്നിവരാണ് ചൊവ്വാഴ്ച ഒലവക്കോട് റെയില്‍വേ സ്റ്റേഷന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചത്. രാവിലെ പത്തുമുതല്‍ എട്ടുവരെയുള്ള ഡ്യൂട്ടിയില്‍ 42ഓളം തീവണ്ടികളാണ് വനിതകളുടെ നിയന്ത്രണത്തില്‍ ഒലവക്കോട് റെയില്വേസ്റ്റേഷന് വഴി കടന്നുപോയത്.
സാധാരണ കാബിന് എസ്എസ് ഡ്യൂട്ടിയിലിരിക്കാറുള്ള ലക്ഷ്മിപ്രിയ രണ്ടാഴ്ചയായതേയുള്ളൂ, ഡെപ്യൂട്ടി സ്റ്റേഷന് മാസ്റ്റര്‍ ഡ്യൂട്ടികൂടി ഏറ്റെടുക്കാന്‍ തുടങ്ങിയിട്ട്. ഇക്കാരണത്താലാണ് ഷണ്ടിങ് മാസ്റ്റര്‍ ഒഴികെയുള്ള എല്ലാ ജീവനക്കാരും വനിതകളായ ഡ്യൂട്ടിദിവസമുണ്ടായത്.
ഡെപ്യൂട്ടി സ്റ്റേഷന് മാസ്റ്റര്‍ പി ലക്ഷ്മിപ്രിയ 22 വര്‍ഷമായി റെയില്‍വേ ജീവനക്കാരിയാണ്. സ്റ്റേഷന് മാസ്റ്റര്‍ ഷീജയും 17 വര്‍ഷമായി റെയില്‍വേയിലുണ്ട്. മറ്റുള്ളവരും മുന്‍പരിചയമുള്ളവര്‍ തന്നെ. എങ്കിലും ഇത്രയും വനിതകള്‍ ഒരുമിച്ചുണ്ടായൊരു പ്രവൃത്തിദിവസം ആരുടെയും ഓര്‍മ്മയിലില്ല.
Discussion about this post