തൃശ്ശൂര്‍: ലേലം വിളിച്ചെടുത്ത സ്ഥലം ഒഴിപ്പിക്കുന്നതിനെച്ചൊല്ലിയുണ്ടായ സംഘര്‍ഷത്തില്‍ വീട്ടമ്മയ്ക്കും മക്കള്‍ക്കും പരിക്ക്. തൃശ്ശൂര്‍ ജില്ലയിലെ പട്ടിക്കാട് ശനിയാഴ്ച വൈകുന്നേരം നാലുമണിക്കായിരുന്നു സംഭവം.
സംഭവത്തില്‍ പരുക്കേറ്റ പട്ടിക്കാട് സ്വദേശി പുലിക്കോട്ടില്‍ ഹോചിമിന്റെ ഭാര്യ ലൈഫി(42) മക്കളായ അലീന(17), ആല്‍ഫിന്‍(21) എന്നിവര്‍ തൃശ്ശൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സതേടി.
സഹകരണ ബാങ്കില്‍ നിന്ന് ഭൂമി ലേലത്തില്‍ വാങ്ങിയ പട്ടിക്കാട് സ്വദേശി കവനാക്കുടിയില്‍ ഔസേഫ് സ്ഥലം ഒഴിപ്പിക്കുന്നതിനായി എത്തിയതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. സ്ഥലം നികത്താനായി രണ്ട് മണ്ണുമാന്തി യന്ത്രങ്ങളുമായി എത്തിയ ഔസേഫിനെ ലൈഫി എതിര്‍ക്കുകയായിരുന്നു. ഇത് വകവെയ്ക്കാതെ ഭൂമി നികത്താന്‍ ശ്രമിച്ചപ്പോള്‍ ലൈഫിയും മക്കളും മണ്ണുമാന്തിയന്ത്രത്തിന്റെ മുന്നില്‍ക്കിടന്ന് പ്രതിഷേധിച്ചു.
എന്നിട്ടും ഇവരുടെ കിണര്‍ നികത്തുകയും വാട്ടര്‍ടാങ്ക് നശിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ഭൂമി ലേലത്തിനെടുത്തവര്‍ ഗുണ്ടകളുമായി എത്തി തന്നെയും മക്കളെയും ആക്രമിച്ചെന്നും ബലമായി സ്ഥലം മണ്ണിട്ടു നികത്തിയെന്നും ആരോപിച്ച് ലൈഫി പീച്ചി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
മുപ്പത്തഞ്ചുകൊല്ലം മുന്‍പ് വീട്ടമ്മ ഭൂമി ഈടുവെച്ച് സഹകരണ ബാങ്കില്‍ നിന്ന് പണം വാങ്ങിയിരുന്നു. കുടിശ്ശികയെത്തുടര്‍ന്ന് ബാങ്ക് പിന്നീട് ഈ സ്ഥലം ലേലം ചെയ്തു വിറ്റു. വീടുള്‍പ്പെടെ ഇരുപതുസെന്റ് സ്ഥലമാണ് ഇവിടെയുള്ളത്. ഇതിലെ അഞ്ചുസെന്റ് സ്ഥലമാണ് ബാങ്ക് ലേലം ചെയ്തത്. ഈ സ്ഥലം അളക്കാന്‍ കഴിഞ്ഞ ദിവസം ബാങ്കധികൃതര്‍ വന്നിരുന്നു. എന്നാല്‍ വീട്ടുകാരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് ഇവര്‍ തിരിച്ചുപോവുകയായിരിന്നു.